കുട്ടികളോടു് സത്യം പറയരുതു്;
അവര്‍ക്കുവേണ്ടി ചിന്തിക്കാന്‍ നാമുള്ളപ്പോള്‍
അവരെ വെറുതെ വിഷമിപ്പിക്കരുതു്;
കലണ്ടര്‍ താളുകളില്‍ നിന്നു് ചരിത്രത്തെ,
പുസ്തകക്കെട്ടുകളുടെ ചതുരക്കൂമ്പാരങ്ങളില്‍ നിന്നു് ശാസ്ത്രത്തെ,
ഡിപ്പാര്‍ട്ട്മെന്റെ സ്റ്റോറുകളിലെ പ്ലാസ്റ്റിക്‍ റാപ്പറില്‍ നിന്നു്
അരിമണികളെ
ഒരുകാലത്തും മോചിപ്പിക്കരുതു്.
ഒക്‍ടോബര്‍ 2 : ഗാന്ധിജയന്തി
നവംബര്‍ 14 : ശിശുദിനം
ഗായ് ഏക് പാല്‍തൂ ജാന്‍വര്‍ ഹെ
എന്നിങ്ങനെ ചൊല്ലിപ്പഠിച്ചും തല്ലിപ്പഠിച്ചും
അവര്‍ വളരട്ടെ!
കുട്ടികളോടു് സത്യം പറയരുതു്;
ഞായറാഴ്ചകളില്‍ പീടികത്തിണ്ണയില്‍ കുത്തിയിരുന്നു്
ഒതുക്കത്തില്‍ കടലകൊറിച്ചതിനു്
സ്വാതന്ത്ര്യസമര പെന്‍ഷന്‍ ലഭിച്ചതും
ഉപ്പുസത്യാഗ്രഹകാലത്തു്
കാട്ടില്‍ പുല്ലരിയാന്‍ പോയതുവഴി
കാക്കിനിക്കര്‍ കരമൊഴിവായി കിട്ടിയതും
ഒരു ഗാന്ധിത്തൊപ്പികൊണ്ടു്
ചൌരിചൌരയ്ക്ക് പട്ടടയൊരുക്കിയതും
നാമവരോടു് പറയേണ്ട.
പൂണൂലിട്ടോ തൊപ്പിയണിഞ്ഞോ അല്ല
അപകടം വരുന്നതെന്നു്
അവരറിയരുത്.
വിതകൊയ്യാനും വഴിനടക്കാനും
മാറുമറയ്ക്കാനും തൊഴിലെടുക്കാനും
ഇന്നാട്ടില്‍ സമരങ്ങളുണ്ടായിരുന്നെന്നു്
അവര്‍ മനസ്സിലാക്കരുത്.
വര്‍ഷങ്ങള്‍ക്കു് മുമ്പവസാനിച്ച
ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം മൂലമാണു്
ഇന്ത്യക്കു് സ്വാതന്ത്ര്യം കിട്ടിയതെന്നു്
അവര്‍ തിരിച്ചറിയട്ടെ.
ക്വിറ്റ് ഇന്ത്യ സമരത്തില്‍ മാത്രം
ഹിംസയെ അഹിംസയായി പ്രഖ്യാപിച്ചതും
ഇംഗ്ലണ്ടിനു് കടം കയറിയതും
ലേബര്‍ പാര്‍ട്ടി അധികാരത്തില്‍ വന്നതും
അറിയുകയേവേണ്ട.
കുട്ടികളോടു് സത്യം പറയരുതു്;
ഒറ്റഖണ്ഡികയിലൊതുക്കിയിരുന്ന
താന്തിയ തോപ്പിയേയും
ഒറ്റമൌനത്തില്‍ വിസ്മരിച്ചിരുന്ന
അസംഖ്യം സമരങ്ങളേയും
ഓര്‍മ്മയിലേക്കു് വലിച്ചിഴയ്ക്കരുതു്.
ദൈവം കറുത്തിട്ടോ വെളുത്തിട്ടോ എന്നും
വിശപ്പു് കാപ്പ ധരിച്ചോ ഇടത്തോട്ടു് മുണ്ടുടുത്തോ എന്നും
അവരോടു് തിരക്കരുതു്.
ക്ഷേത്രമുറ്റത്തു്
മണിയടിച്ചവരും പുറത്തടിച്ചവരും ആരൊക്കെയെന്നു്
ഒരുനാളും അവര്‍ അറിയരുതു്.
ലാഹോര്‍, മീറത്തു്, ലക്‍നൌ, കാണ്‍പൂര്‍ എന്നീ പേരുകളെ
ബിര്‍ള മന്ദിര്‍, ബിര്‍ള മന്ദിര്‍, ബിര്‍ള മന്ദിര്‍
എന്നീ പെരുമകള്‍ കൊണ്ടു്
റാഷ് ബിഹാരി, സുഭാഷ് ചന്ദ്ര, ഭഗത് സിംഗ്, ആസാദ്
എന്നീ പേരുകളെ
തിലക്‍, പട്ടാഭി, തുടങ്ങിയ ഗാന്ധിഗിരികളാല്‍
ഓട്ടയടച്ചു് മുന്നേറുക.
കുട്ടികളോടു് സത്യം പറയരുതു്;
അവരെ ചോദിക്കാന്‍ പ്രേരിപ്പിക്കരുതു്.
please refer: news story



44 comments:
പ്രസ്താവന
ഒപ്പ്....
സെബിന്‍, മനോരമയിലെ ആ ആര്‍ട്ടിക്കിള്‍ ഞാനും വായിച്ചു. അവിടെ ഉപയോഗിച്ചിരിക്കുന്ന വാക്കുകളില്‍ തന്നെ പറഞ്ഞാല്‍...
1)നിലവിലുള്ള സമൂഹഘടനയില്‍ രൂഢമൂലമായ സാമാന്യബോധത്തെ മറികടന്ന് സ്വയം സൃഷ്ടിച്ചെടുത്ത വിമര്‍ശനാവബോധത്തോടു കൂടി സമൂഹത്തെ മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നത് മഹാപരാധമാണ്. അങ്ങനെയാണ് കമ്യൂണിസം വളരുന്നത്.
2)ജാതിമതബോധത്തിനതീതമായ ഒരു മാനവികബോധംവിദ്യാര്‍ത്ഥികളിലുണ്ടായാല്‍ നിരീശ്വരത്വം വളരും. (അങ്ങനെ സീപീയെമ്മിന് കൂടുതല്‍ വോട്ടു കിട്ടും)
3)അഞ്ചാംക്ലാസ്സിലെ പാഠപുസ്തകത്തില്‍ അനീതിനിറഞ്ഞ അനാചാരങ്ങളെ പോരാടി തോല്പിച്ചതിന്റെ ചരിത്രം ഉള്‍പ്പെടുത്തിയാല്‍, ആരാധനാരീതികള്‍, മതാനുഷ്ഠാനങ്ങള്‍ എന്നിവയെ വിമര്‍സ്സന ബുദ്ധിയാല്‍ സമീപിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കിയാല്‍ വിദ്യാലയങ്ങളിലെ സമാധാനാന്തരീക്ഷം തകരും..
സെബില്‍ പറഞ്ഞതാണു ശരി...മക്കള്‍ ഒന്നുമറിയരുത്
ലേഖനം ശ്രദ്ധയില്‍പ്പെടുത്തിയതിന് നന്ദി.
ശരിയാണ്,പിള്ളേര്‍ ഇത്രയൊക്കെ, ഇങ്ങനെയൊക്കെ അറിഞ്ഞാ മതി. സമരങ്ങളും വിപ്ലവങ്ങളും ഒക്കെ കേരളത്തിനു പുറത്തുള്ള സ്ഥലങ്ങളില്‍ മാത്രം നടക്കുന്ന ഒന്നാണ് എന്നാണ് എന്റെ ടെക്സ്റ്റ് ബുക്കുകളില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയിരുന്നത്.
മതേതരത്വത്തിനെക്കുറിച്ചുള്ള അധ്യായത്തിനെതിരെ ഇടയ ലേഖനങ്ങളും,ഫത് വായും,ഭീഷണികളുമൊക്കെ ഉടന്‍ വരും നോക്കിക്കോ.
സെബിനേ സത്യത്തില്‍ എനിക്ക് ചിരിയാണ് വരുന്നത് പ്രത്യേകിച്ച് അവസനത്തെ ലൈന്‍ കേരളം ബംഗാളിലേക്കുള്ള ചുവട് വയ്പ് തുടങ്ങിക്കഴിഞ്ഞു എന്നത് കണ്ടപ്പോള്‍. ഇതൊക്കെ വായിച്ചാല്‍ നമുക്ക് തോന്നുക വിദ്യാഭ്യാസ പരിഷ്കരണം എന്നാല്‍ സര്‍ക്കാര്‍ ചെയ്യേണ്ടത് മതവിശ്വാസം ഊട്ടി ഉറപ്പിക്കായാണെന്ന് തോന്നുന്നു. ചോദ്യം ചെയ്യാന്‍ കഴിവില്ലാത്ത പഴയ കാണാപ്പാഠം പടിക്കല്‍ എത്ര നല്ലതായിരുന്നു അല്ലെ? ഹാ എന്തു ചെയ്യാന്‍ കമ്യൂണിസ്റ്റുകാരും ആഗോളവല്‍ക്കരണത്തിന്റ ഹിഡണ്‍ അജണ്ടക്കാരും കൂടി നമ്മുടെ കുട്ടികളെ നശിപ്പിക്കുന്നത് കണ്ട് നില്‍ക്കാനേ കഴിയൂ.
സെബിന്‍, ഈ ലേഖനം ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി. ഈ സ്ഥിതി മാറും എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു.
സെബിന്‍, ഒരു മാസത്തിനു ശേഷം ഇട്ട ഈ ചെറിയ പോസ്റ്റ് ഈ ആഴ്ചയില്‍ നല്ലതൊന്നും കണ്ടില്ലല്ലോ എന്ന വിഷമം തീര്‍ത്തു.
ഒരു കുട്ടിയെ തനിയെ നില്‍ക്കാന്‍ പ്രാപ്തനാക്കുന്നതായിരിക്കണം വിദ്യാഭാസം എന്നതാണ് എന്റെ വിചാരം. ഒരു രണ്ട് രണ്ട്, ഇരു രണ്ട് നാല്, മൂ രണ്ട് ആറ് എന്ന് തല്ലിപ്പടിപ്പിക്കുന്ന വിദ്യാഭാസം കൊണ്ട് വിദ്യാര്‍ത്ഥികള്‍ എന്തു നേടാന്‍? അവര്‍ മതത്തേയും, വിശ്വാസത്തേയും, സമൂഹത്തെയും കുറിച്ച് സ്വയം പഠിച്ച് വളരെട്ടെ. സണ്‍ഡേ സ്കൂളിലും, മദ്രസയിലും ഒക്കെ പഠിക്കുന്നത് തൊണ്ട തൊടാതെ വിഴുങ്ങുന്നത് ഇനിയുള്ള തലമുറ നിര്‍ത്തിയാലോ എന്ന ഭയം ആണ് മനോരമയിലെ ലേഖനത്തില്‍ കാണുന്നത്.
ദസ്തകിര്‍ പറഞ്ഞപ്പോള്‍ ആണ് ഓര്‍ത്തത്, നമ്മള്‍ പഠിച്ചതെല്ലാം വിദേശത്തെ സമരങ്ങളെ കുറിച്ചായിരുന്നു. അതിന് പകരം കേരളത്തെ കുറിച്ചു കൂടി പഠിക്കുന്നതില്‍ തെറ്റുണ്ടോ?
ഏറ്റവും പ്രചാരമുള്ള പത്രം മനോരമ ആണെന്ന് കൂടി പുസ്തകത്തില്‍ അടിച്ച് വച്ചിരുന്നെങ്കില്‍ ഈ ലേഖനം ഒഴിവാക്കാമായിരുന്നു.
ഓ.ടോ.
ശ്രീനിവാസന്‍ മാപ്പ് പറയണം എന്ന് കണ്ടപ്പോള്‍ , അമ്മ-മാക്ട അടിയെ പറ്റി ആണെന്നാണ് കരുതിയത്.
ഇന്നലെ അമൃതാ ടീവിയുടെ കാണാന്‍ മറന്നതും കേള്‍ക്കാനും എന്ന പരിപാടിയില്‍ പാഠപ്പുസ്തകപരിഷ്കരണമായിരുന്നു വിഷയം.
ഡി.വൈ.എഫ്.ഐ യുടെ ഒരു പോസ്റ്റര്‍ സാമൂഹ്യപാഠപ്പുസ്തകത്തിന്റെ പോസ്റ്ററായി വന്നപ്പോള്‍ കാര്യങ്ങളുടെ കിടപ്പു പിടികിട്ടി.
കുട്ടികളോടു് സത്യം പറയരുതു്;
അവരെ ചോദിക്കാന്‍ പ്രേരിപ്പിക്കരുതു്...
nannaayi... njan manoram articlie vaayichirunnilla..enthaaa kathaa..
സെബിന്‍,
മനോരമയുടെ ഈ മുഖപ്രസംഗത്തിന്റെ പൊതുവായ ലൈന്‍ ഇതാണ്. കുട്ടികള്‍ നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട, അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ സര്‍ക്കാരും അദ്ധ്യാപകരും അവരെ പഠിപ്പിക്കുന്നു.അഥവാ പഠിപ്പിക്കാന്‍ ശ്രമിക്കുന്നു. അത് തെറ്റാണ്. അതായത് ശരിയൊന്നും ശരിയല്ല്ലെന്ന്.
വിമര്‍ശനാത്മക ബോധനശാസ്ത്രവും സമൂഹത്തിന്റെ പരിവര്‍ത്തനവും ഒന്നും വിദ്യാഭ്യാസത്തിന്റെ ലക്ഷ്യവും മാര്‍ഗ്ഗവുമല്ലെന്ന്. ആയിക്കൂടെന്ന്.
ശരിയല്ലേ? മനോരമ പിന്നെന്താണ് പറയേണ്ടത്? അല്ലെങ്കില്‍ പറയുക?
കിരണ്‍, “.....കമ്യൂണിസ്റ്റുകാരും ആഗോളവല്‍ക്കരണത്തിന്റ ഹിഡണ്‍ അജണ്ടക്കാരും കൂടി നമ്മുടെ കുട്ടികളെ നശിപ്പിക്കുന്നത് ” എന്നെഴുതിക്കണ്ടു. വ്യക്തമായില്ല. സര്‍ക്കാസമായി ഉപയോഗിച്ചതാണെന്നു വിശ്വസിക്കട്ടെ.
ജോജൂ, “..ഡി.വൈ.എഫ്.ഐ യുടെ ഒരു പോസ്റ്റര്‍ സാമൂഹ്യപാഠപ്പുസ്തകത്തിന്റെ പോസ്റ്ററായി വന്നപ്പോള്‍ കാര്യങ്ങളുടെ കിടപ്പു പിടികിട്ടി“..മനോരമ ലൈനില്‍തന്നെയാണോ ഉദ്ദേശിച്ചത്?
സെബിന്‍, ഈ എഴുത്തിന് അഭിവാദ്യങ്ങള്‍.
എല്ലാം വിഷമയം.
രോഗി ഇഛിയ്ക്കുന്നതും വിഷം,
വൈദ്യന്‍ കല്‍പ്പിയ്ക്കുന്നതും വിഷം
ലേഘനമോ? കാളകൂടവും!
പ്രസ്താവനയോട് യോജിയ്ക്കുന്നു.
‘വെളിച്ചം ദു:ഖമാണുണ്ണീ
തമസ്സല്ലോ സുഖപ്രദം”
എന്നു പറയണോ?
“ ഇവിടെ മുലപ്പാല്‍ പോലും നുരയും വിഷമാണുണ്ണീ’
എന്നു പറയണോ?
എന്തായാലും ഉണ്ണികളുടെ കാര്യം പോക്കാ...
എനിയ്ക്കു ഒരു ശുഭാപ്തി വിശ്വാസവുമില്ല.
ജോജുവിന്റെ കമന്റ് ഒന്നു വിശദമാക്കാമോ? ഏത് ക്ലാസിലെ പുസ്തകം എന്നൊക്കെയുള്ള വിവരങ്ങള്‍. ഏത് രീതിയില്‍ പോസ്റ്റര്‍ ചേര്‍ത്തിരിക്കുന്നു എന്നൊക്കെ.
രാജീവ്,
താങ്കളുടെ രാഷ്ട്രീയ അനുഭാവത്തിന്റെ ചുവടുപിടിച്ചു ചിന്തിച്ചാന്‍ സര്‍ക്കാര്‍ ചെയ്യുതിനെ ന്യായീകരിയ്ക്കാനായേക്കാം.
താങ്കള്‍ പറഞ്ഞശേഷമാണ് ഞാന്‍ മനോരമ വായിയ്ക്കുന്നത്.
സെബിന്‍ പറഞ്ഞതുപോലെ മക്കള്‍ ഒന്നും അറിയരുത് എന്നതല്ല ഇവിടെ പ്രശ്നം, ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടെ വീക്ഷണകോണില്‍ കൂടെ ഒരു കാര്യം അവതരിപ്പിയ്ക്കപ്പെട്ടു എന്നത് വിഷയത്തെ വികലമാക്കുകയേ ഉള്ളൂ.
ജന്മികുടിയാന്‍ വ്യവസ്ഥയെക്കുറിച്ച് അറിയുന്നതില്‍ തെറ്റില്ല. നിങ്ങളുടെ അടുത്തുള്ള ജന്മിയെ കണ്ടെത്താന്‍ കൂടി കുട്ടിയോട് ആവശ്യപ്പെടുന്നതില്‍ നിന്നും എന്താണ് മനസിലാക്കേണ്ടത്.
മതേതരത്വം നിരീശ്വരന്മാരേ സംബന്ധിച്ചിടത്തോളം (താങ്കളും നീരീശ്വരവാദിയാണല്ലോ)മതമില്ലാത്ത അവസ്ഥയായിരിയ്ക്കാം. എല്ലാമതങ്ങളെയും പരിഗണിയ്ക്കുന്ന എല്ലാത്തരം വ്യത്യസ്തകളെയും അംഗീകരിയ്ക്കുന്ന ഒരു രാജ്യുത്ത് മതേതരത്വത്തിന് അങ്ങിനെ ഒരു അര്‍ത്ഥമില്ല.
“ഒരു രണ്ട് രണ്ട്, ഇരു രണ്ട് നാല്, മൂ രണ്ട് ആറ് എന്ന് തല്ലിപ്പടിപ്പിക്കുന്ന വിദ്യാഭാസം കൊണ്ട് വിദ്യാര്‍ത്ഥികള്‍ എന്തു നേടാന്‍?”
അനില്‍ശ്രീ താങ്കള്‍ ഒന്നു മനസിലാക്കണം കേരളത്തില്‍ എന്തെങ്കിലും ഒക്കെ ഉണ്ടായത് നേടിയ വിദ്യാഭ്യാസം കൊണ്ട് പുറത്തുകടന്നതുകൊണ്ടൂ തന്നെയാണ്. ആ വിദ്യാഭ്യാസത്തില്‍ ഒരു രണ്ട് രണ്ട്, ഇരു രണ്ട് നാല്, മൂ രണ്ട് ആറ് ഒക്കെ പെടും. പിന്നെ ഒരു കാര്യം ശരിയാണ്
ഒരു രണ്ട് രണ്ട്, ഇരു രണ്ട് നാല്, മൂ രണ്ട് ആറ് എന്ന് തല്ലിപ്പടിപ്പിക്കുന്ന വിദ്യാഭാസം കൊണ്ട് രാഷ്ടീയക്കാര്‍ക്ക് എന്തു നേട്ടം?
കുറ്റാന്വേഷണസിനിമകളിലും മറ്റും കണ്ടിട്ടൂണ്ട് കുറ്റകൃത്യം കൊണ്ട് പ്രയോജനമുണ്ടാകുന്നവനെ സംശയിയ്ക്കുന്ന രീതി. താങ്കള്‍ പറയൂ മതവിശ്വാസമില്ലാതായാല്‍ ആര്‍ക്കാണ് ഏറ്റവും പ്രയോജനമെന്ന്?
മതങ്ങള്‍, ഭരണഘടന, കോടതികള്‍, തങ്ങടേതല്ലാത്ത സംഘടനകള്‍ ഒക്കെ തങ്ങള്‍ക്കു പ്രതിബന്ധമായേകുമെന്നു മനസിലാക്കുന്നവര്‍ ഭാവിയിലേയ്ക്ക് കരുക്കള്‍ നീക്കുന്നു എന്നു കരുതുന്നതില്‍ അപാകതയൊന്നുമില്ല ഞാന്‍ കമ്യൂണിസ്റ്റുകാരന്‍ അല്ലാതായിരിയ്ക്കുന്നിടത്തോളം കാലം.
മൂര്‍ത്തീ,
ആ കവര്‍പേജ് താങ്കളുടെ കണ്ണില്‍ പിടിയ്ക്കുമെന്നു തോന്നുന്നില്ല.
എന്നാല്‍ വിട്ടുകള ജോജുവേ...
qw_er_ty
ജോജൂ,
കുട്ടികള്‍ ജന്മിമാരുടെ അടുത്തും പോകട്ടെ, അവരുടെ കഥകളും പഠിക്കട്ടെ. അത്തരത്തിലുള്ള പഠനത്തിനെതന്നെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. അതുതന്നെയാണ് ചെറിയ കാല്‍വെപ്പുകളിലൂടെ സര്‍ക്കാര്‍ ചെയ്യാന്‍ ശ്രമിക്കുന്നതും, മനോരമക്കും ഇപ്പോള്‍ താങ്കള്‍ക്കും ബോധിക്കാതിരിക്കുന്നതും, ലളിതമായൊരു സംശയം ചോദിച്ചവരോട്, നിങ്ങളുടെ കണ്ണില്‍ ഉത്തരങ്ങള്‍ തെളിയില്ലെന്നു പറയാന്‍ താങ്കളെ പ്രാപ്തമാക്കുന്നതും.
മതങ്ങളുടെ സര്‍വ്വകാല നുണകള്‍ പ്രചരിപ്പിക്കാനുള്ളതല്ല വിദ്യാലയങ്ങള്‍. ആവുകയും ചെയ്യരുത്.
അഭിവാദ്യങ്ങളോടെ
ഹേയ്!
ഞങ്ങള്‍ ഇരിക്കുന്ന റിക്ഷ വലിക്കുന്ന പരിഷകളേ! തോര്‍ത്തുമുണ്ടുടുത്തു് ദിവസക്കൂലിക്കു് ഞങ്ങള്‍ക്കായി വിയര്‍പ്പൊഴുക്കുന്ന ദരിദ്രവാസികളേ! ഞങ്ങള്‍ക്കു് ഇവിടെ സുഖമാണു്. ഈ അവസ്ഥയില്‍ ഞങ്ങളെ എത്തിച്ചതു് ദൈവമാണു്. ആ ദൈവനിശ്ചയത്തെപ്പറ്റി വിമര്‍ശനബുദ്ധിയോടെ ചിന്തിക്കാനുള്ള നിങ്ങളുടെ ഏതു് ശ്രമവും ഞങ്ങള്‍ ചോദ്യം ചെയ്യും. നിങ്ങള്‍ എന്തു് ചെയ്യണമെന്നു് ഞങ്ങള്‍ “പരസ്പരം ചിന്തിച്ചു്” തീരുമാനിക്കും. ഞങ്ങള്‍ നിങ്ങളുടെ നിലയിലേക്കു് അധഃപതിക്കാതിരിക്കാന്‍ നിങ്ങള്‍ അവിടെത്തന്നെ കഴിയണം. നീയൊക്കെ ചിന്തിച്ചുചിന്തിച്ചു് ദൈവം ഞങ്ങള്‍ക്കു് വെളിപ്പെടുത്തിയ “സത്യരഹസ്യങ്ങള്‍” തിരിച്ചറിയാതിരിക്കേണ്ടതാണു് ഞങ്ങളുടെ ആവശ്യം. അതിനു് നിന്റെയൊക്കെ സകല തലമുറകളും എന്തു് പഠിക്കണം എന്തു് പഠിക്കാതിരിക്കണം എന്നെല്ലാം തീരുമാനിക്കുന്നതു് ഞങ്ങളായിരിക്കണം. അതിനുള്ള ദൈവീകമായ അവകാശവും അധികാരവുമൊക്കെ “കാലകാലമായി” വച്ചു് പുലര്‍ത്തുന്നതു് ഞങ്ങളാണു്. അവയൊക്കെ അങ്ങനെതന്നെ തുടരണം. അവിടെ തൊട്ടു് കളിക്കാന്‍ നോക്കണ്ട. അതു് ഞങ്ങള്‍ അനുവദിക്കില്ല!
ഒരു “അടിയാളന്റെ” ചെറിയ വിയോജനക്കുറിപ്പു്:
ആത്മീയനായകന്മാരേ! നിങ്ങളുടെ അനുവാദം ആരെങ്കിലും ചോദിച്ചിരുന്നോ? എങ്കില്‍ അതൊരു അബദ്ധമാവാനേ വഴിയുള്ളു.
അവനവന്റെ ജീവിതം സംബന്ധിച്ച തീരുമാനങ്ങള്‍ സ്വയം എടുക്കാന്‍ കഴിയുന്ന, ആത്മവിശ്വാസമുള്ള ഒരു പുതിയ തലമുറയെ വളര്‍ത്തിയെടുക്കാനുള്ള ഒരു സമൂഹത്തിന്റെ ശ്രമത്തില്‍ വഴിമുടക്കികള്‍ ആവാതിരിക്കുന്നതല്ലേ അതീന്ദ്രിയക്കാര്‍ക്കു് കൂടുതല്‍ അനുയോജ്യം? ഇതൊരു ഉരുള്‍പൊട്ടലാണു്. അതിനെ തടയാന്‍ നിങ്ങള്‍ക്കാവില്ല. ഉറങ്ങുന്നവരെ ചൂഷണം ചെയ്യാനല്ലാതെ, ഉണര്‍ന്നെഴുന്നേറ്റവരെ നിയന്ത്രിക്കാന്‍ ചരിത്രത്തില്‍ ഇതുവരെ നിങ്ങള്‍ക്കു് കഴിഞ്ഞിട്ടുമില്ലല്ലോ!
സെബിന്‍, കമന്റ് ദീര്‍ഘിച്ചതിനു് മാപ്പു്.
“മതങ്ങളുടെ സര്‍വ്വകാല നുണകള്‍ പ്രചരിപ്പിക്കാനുള്ളതല്ല വിദ്യാലയങ്ങള്‍. ആവുകയും ചെയ്യരുത്.”
ഒരു നിരീശ്വരവാദിയെ സംബന്ധിച്ചിടത്തോളം ദൈവമുണ്ടെന്നു പഠിപ്പിച്ചാല്‍ അത് നുണപഠിപ്പിയ്ക്കലായി. ഒരു ദൈവവിശ്വാസിയ്ക്ക് ദൈവമില്ല എന്നു പറയുന്നതു നുണയാണ്.
നേരും നുണകളും ആപേക്ഷികമാവുന്നിടത്ത് നിന്റെ ശരി ശരിയല്ലെന്നും എന്റെ ശരിയാണ് ശരിയെന്നും പറയാതിരിയ്ക്കാം. ആപേക്ഷികമല്ലാത്തവയെക്കുറിച്ചാണെങ്കില്‍ താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു.
മനോരമ ലേഖനം കാണിച്ചതിനു നന്ദി സെബിന്‍. അതു വായിക്കുമ്പോള്‍ മനസ്സിലാവുന്നതു് എഴുതിയ ആള്‍ക്കു് പാഠ്യപദ്ധതിയോടൊരു മാനസീക അടുപ്പമുണ്ടെന്നാണു്. :)
“കുട്ടികള്‍ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ചേരുമ്പോള്‍ കാലങ്ങളായി ചേര്‍ത്തുവരുന്ന തങ്ങളുടെ മതവും ജാതിയും വേണ്ടെന്നു പഠിപ്പിക്കുന്നത് എന്തിനാണ്?“
അപ്പോള്‍ പുതിയതായി സ്കൂളില്‍ ചേര്‍ക്കുന്ന കുട്ടികളുടെ ജാതി ചേര്‍ക്കുന്നില്ലേ? ഗ്രേറ്റ്!
ഡി.വൈ.എഫ്.ഐ. യുടെ പോസ്റ്ററിനു പകരം സമാന സ്വഭാവമുള്ള രാഷ്ട്രീയ കക്ഷികളുടെ പോസ്റ്ററും ചേര്‍ത്ത് പഠിപ്പിക്കാം എന്ന് തോന്നുന്നു. നിലവിലുള്ള കക്ഷി രാഷ്ട്ട്രീയത്തെ കുറിച്ചും കുട്ടീകള്‍ ബോധവന്മാരായിരിക്കേണ്ടേ?
സെബിന്‍ ആദ്യമായി ഈ വാര്‍ത്തക്കു നന്ദി.
കേരളത്തിലെ വിദ്യാഭ്യാസ പരിഷ്കാരങ്ങളേക്കുറിച്ചു പലതും ഈയിടെയായി കേള്‍ക്കുന്നു.
ഇപ്പോള്‍ പുസ്തകങ്ങളെക്കുറിച്ചു കേള്‍ക്കുന്നു. ഒരു കാര്യം അറിയാന്‍ താല്പര്യപ്പെടുന്നു. ഈ പുസ്തകങ്ങള്‍ ആരാണ്‍് പബ്ലീഷ് ചെയ്യുന്നത്. ഗവണ്മെന്റിനു പബ്ലീഷിംഗ് കമ്പനി ഉണ്ടോ? പിന്നെ ആരാണ്‍് ഈ കമ്പനികളുടെ ഉടമസ്തര്‍?
മറ്റൊരു കാര്യം ഇപ്പോള്‍ കേരളത്തില്‍ ഗൈഡുകള്‍ ഇല്ലേ? ഗൈഡ് എഴുതിയിരുന്നവര്‍ ഇപ്പോള്‍ എന്തു ചെയ്യുന്നു?
സെബിനേ ഒഫ് ടോപ്പിക്കായി തൊന്നുന്നെങ്കില്‍ ക്ഷ്മിക്കുക.
അറിയാവുന്നവര്‍ വിവരം തരും എന്നു കരുതുന്നു.
ഈ ഇന്‍ഡ്യാ മഹാരാജ്യത്ത് നിരീശ്വരനായ എനിക്കൊരു വിലയുമില്ലേ? നിങ്ങടെ കുട്ടികളെ ദൈവം ഉണ്ടെന്നു പഠിപ്പിക്കണമെന്നു നിങ്ങള്‍ പറയുന്നപോലെ സ്വതന്ത്രമായി ചിന്തിക്കാന്‍ എന്‍റെ കുട്ടികളെ പഠിപ്പിക്കണമെന്നു ഞാന്‍ പറഞ്ഞാല്‍?
കുട്ടികളെ ചെറുപ്പത്തിലേ ബ്രെയിന്‍വാഷു ചെയ്യണമെന്ന് എന്ത്രാണിത്ര വാശി? വിവരം വെച്ചുപോയാല്‍ അവരു സ്വന്തമായി ചിന്തിച്ചുപോകുമല്ലോ അല്ലേ.. അതല്ലേ ഈ വെകിളി?
രാജീവ്‌ജീ, ഞാന്‍ ഇതിനെപ്പറ്റി നിങ്ങളുടെ ഒരു പോസ്റ്റു പ്രതീക്ഷിച്ചിരുന്നു. ഒരു റിക്വസ്റ്റിടുകയും ചെയ്തു. :(
നന്ദി, സെബിന്‍.
" കേരളത്തില്‍ എന്തെങ്കിലും ഒക്കെ ഉണ്ടായത് നേടിയ വിദ്യാഭ്യാസം കൊണ്ട് പുറത്തുകടന്നതുകൊണ്ടൂ തന്നെയാണ്. ആ വിദ്യാഭ്യാസത്തില്‍ ഒരു രണ്ട് രണ്ട്, ഇരു രണ്ട് നാല്, മൂ രണ്ട് ആറ് ഒക്കെ പെടും."
ജോജു പറഞ്ഞത് തികച്ചും ശരിയാണ്. സമ്മതിച്ചു. ഞാനും അങ്ങനെ പഠിച്ച ഒരാള്‍ തന്നെയാണ്. ഇന്നത്തെ കാലത്ത് അതു മാത്രം മതിയോ ജോജു. ഒന്നോര്‍ക്കണം. ഞാന്‍ ഒരു രണ്ട് രണ്ട്, ഇരു രണ്ട് നാല് എന്ന് പഠിച്ചത് നാലാം ക്ലാസില്‍ ആണെങ്കില്‍ ഇന്നത് ഒന്നാം ക്ലാസില്‍ കുട്ടികളെ പഠിപ്പിക്കുന്ന കാലം ആണ്. അത് ഉള്‍കൊള്ളാന്‍ പറ്റുന്ന, വളര്‍ന്നു വരുന്ന തലമുറക്ക് ഈശ്വരചിന്തയും, നിരീശ്വര ചിന്തയും ഒന്നും ആരും പറഞ്ഞു കൊടുക്കേണ്ട കാര്യം ഇല്ല എന്ന് തോന്നുന്നു. അവര്‍ തനിയെ മനസ്സിലാക്കുമല്ലൊ. പിന്നെ മതത്തെ പറ്റിയും ദൈവത്തെ പറ്റിയും കൂടുതല്‍ പഠിക്കാന്‍ സണ്‍ഡെ സ്കൂളും മദ്രസകളും ഒക്കെയുണ്ടല്ലോ. പിന്നെന്തിനാണ് ഈ പ്രശ്നങ്ങള്‍?
(പതിനാറഞ്ച് എണ്‍പത് എന്ന് വരെ പഠിച്ച ഞാനും ഇന്ന് അത് കാല്‍ക്കുലേറ്ററില്‍ അടിച്ച് നോക്കുകയാണ് ചെയ്യുന്നത്, അപ്പോള്‍ പിന്നെ പുതിയ കുട്ടികളെ പറ്റി പറയണോ. അതാണ് ഞാന്‍ ഉദ്ദേശിച്ചത്).
ജോജൂ,
ആപേക്ഷികം എന്ന വാക്കുതന്നെ അത്ര ശരിയല്ല എന്നൊരു അഭിപ്രായമുണ്ട്. ഒന്നും ആപേക്ഷികമല്ല.ആപേക്ഷികമായതെല്ലാം അരാഷ്ട്രീയമാണ് (അരാഷ്ട്രീയം പോലും ഒരു നിലക്ക് സ്വന്തം രാഷ്ട്രീയമാണെന്നതു മറ്റൊരു കാര്യം) എല്ലാ അഭിപ്രായങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും ചരിത്രപരമായ കാരണമുണ്ട്. യുക്തിയുണ്ട്. ആ കാരണങ്ങളെയും യുക്തിയെയും കാണാന്‍ കഴിയാതെ വരുമ്പോഴാണ് നമ്മള്‍ ആപേക്ഷികമെന്ന തെറ്റിദ്ധാരണയില്‍ എത്തൂന്നത്.
ഇവിടെ മനോരമയുടെ ദു:ഖവും ഭയവും, കുട്ടികളെ വിമര്‍ശനാത്മകബോധനത്തിന്റെ പാതയിലേക്ക് വളരാന്‍ അനുവദിക്കുന്നു എന്നതാണ്. പാഠത്തെ അതിന്റെ പരിസരത്തില്‍ പഠിക്കാന്‍ (text in the context)പ്പരിശീലിപ്പിക്കുന്നു എന്നതാണ്. അതിനു കഴിഞ്ഞാല്‍ അവര്‍ കലണ്ടറിലെയും ചരിത്രത്തിലെയും ആഢ്യന്മാരെയും ദിവ്യന്മാരെയും സംശയത്തോടെ കാണാന്‍ തുടങ്ങും. തങ്ങള്‍ ജീവിക്കുന്ന മണ്ണിനോടും അതിന്റെ യാഥാര്‍ത്ഥ്യത്തിനോടും ഇഴയടുപ്പമുള്ള ചരിത്രം തേടിപ്പോകും. അപ്പോള്‍ അവര്‍ വീരചരിത്രപുരുഷന്മാരെയും, യുദ്ധങ്ങളെയും, ഉത്‌പത്തി കഥകളെയും, വര്‍ണ്ണവിശുദ്ധിയെയും, അസമത്വങ്ങളെയും ചോദ്യം ചെയ്യാന്‍ തുടങ്ങും. പാഠങ്ങള്‍ പഠിക്കുന്നത് , പരീക്ഷയില്‍ ജയിക്കാനല്ല, കൂടുതല്‍ നല്ല ഒരു ഭൂമിയെ ഉണ്ടാക്കിത്തീര്‍ക്കാനാണെന്ന് ബോധ്യം വരും.
എങ്ങിനെയാണ് മനോരമക്കും മാതൃഭൂമിക്കും ചന്ദ്രികക്കും, മാധ്യമത്തിനും, ദീപികക്കും ജന്മഭൂമിക്കും ഇതൊക്കെ സഹിക്കാനാവുക?
മാവേലി, കേരള സര്‍ക്കാരിന്റെ പാഠപുസ്തകങ്ങള്‍ പബ്ലിഷ് ചെയ്യുന്നത് കാക്കനാട്ടുള്ള സര്‍ക്കാര്‍ പ്രസ്സില്‍തന്നെയാണ്. ഈയടുത്തകാലം വരെ അതിന്റെ ചുമതലക്കാരന്‍ സുപ്രസിദ്ധ കവിയും ഗായകനും,സിനിമാ-വീഡിയോ കാസറ്റ്-സാംസ്കാരികസിംഹവുമായ ടോമിന്‍ തച്ചങ്കരിയായിരുന്നുവെന്നാണ്(എന്റെ)അറിവ്. (വസ്തുതാപരമായ പീശകുണ്ടെങ്കില്‍ തിരുത്തുക). ഗൈഡുകള്‍ ഇപ്പോഴുമുണ്ട്. പണ്ട് ഗൈഡെഴുതിയിരുന്നവര്‍ ഇന്ന് തൃശ്ശൂരിലും കോട്ടയത്തും എഞ്ചിനീയറുമാരെയും ഡോക്ടര്‍മാരെയും പ്രസവിച്ചുകൊണ്ടിരിക്കുന്നു. ചില പഴയ ‘ശാസ്ത്രസാഹിത്യ‘വിശാരദന്മാര്‍ പ്രമുഖ റസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ വയറ്റുപിഴപ്പുമായി സന്തോഷത്തോടെ നാളുകളെണ്ണി കഴിയുന്നു.
പാമരന്‍, ആ ആവശ്യം കണ്ടിരുന്നില്ല. ഏതായാലും സെബിന്റെ സമയോചിതമായ ഇടപെടല്‍ ഉണ്ടായല്ലോ. അതു മതി.
അഭിവാദ്യങ്ങളോടെ
പാമരന്‍,
നീരീശ്വരനായ താങ്കള്‍ക്ക് ഈശ്വരവിശ്വാസിയായ മറ്റോതൊരാള്‍ക്കും ഉള്ള എല്ലാ അവകാശവും ഉണ്ട്.
നിങ്ങടെ കുട്ടികളെ ദൈവം ഉണ്ടെന്നു പഠിപ്പിക്കണമെന്നു നിങ്ങള്‍ പറയുന്നപോലെ സ്വതന്ത്രമായി ചിന്തിക്കാന്‍ എന്‍റെ കുട്ടികളെ പഠിപ്പിക്കണമെന്നു ഞാന്‍ പറഞ്ഞാല്‍ അതു തീര്‍ച്ചയായും ശരിതന്നെയാണ്. പ്രശ്നം ഉദിയ്ക്കുന്നത് അവിടെയല്ല ഞാന്‍ നിരീശ്വരവാദിയാണ് ഈശ്വരവിശ്വാസിയായ നിന്റെ കുട്ടികളെ നിരീശ്വരത്വം പഠിപ്പിയ്ക്കണമെന്നു ആഗ്രഹിയ്ക്കുമ്പോഴാണ്.
ഭരണഘടനപ്രകാരം ഗവര്‍മെന്റ് സ്കൂളുകള്‍ അല്ലാത്ത സ്ഥാപനങ്ങളില്‍ സ്കൂള്‍ മാനേജുമെന്റിന്റെ താത്പര്യപ്രകാരം മതബോധനം നടത്താന്‍ അവകാശമുണ്ട്. അതിനെ ചോദ്യം ചെയ്യാന്‍ തത്കാലം ഒരു ഭാരതീയനും അവകാശമില്ല.
താങ്കളുടെ കുട്ടിയെ മതബോധനമോ മറ്റേതെങ്കിലും പ്രത്യേകസമൂഹത്തിന്റെ താത്പര്യമോ നടത്താല്‍ അനുവാദമില്ലാത്ത ഗവര്‍മെന്റ് സ്കൂളിലോ അതേ പോലെതന്നെ മതബോധനലക്ഷ്യമില്ലാത്തെ പ്രൈവറ്റ് മാനേജുമെന്റ് സ്കൂളിലോ വിട്ടു പഠിപ്പിയ്ക്കാം. ഇനിയല്ല മതബോധനം ലക്ഷ്യമിട്ടു തുടങ്ങിയിട്ടുള്ള സ്കൂളുകളില്‍ തന്നെ തന്റെ കുട്ടിയ്ക്ക് മതബോധനം ആവശ്യമില്ല എന്നു പറയാനുള്ള അവകാശം പ്രായപൂര്‍ത്തിയാവാത്ത ഏതൊരു കുട്ടിയുടെയും മാതാപിതാക്കള്‍ക്കുണ്ട്.
കുട്ടികളെ പ്രായപൂര്‍ത്തിയാകുന്നതുവരെ വളര്‍ത്തേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്. അവരെ ബ്രെയിന്‍ വാഷു ചെയ്യണോ വേണ്ടയോ എന്ന് അവര്‍ തീരുമാനിയ്ക്കട്ടെ. (ദൈവമുണ്ടെന്നു പഠിപ്പിയ്ക്കുന്നത് ബ്രെയിന്‍ വാഷിങ്ങ് ആണെങ്കില്‍ ദൈവമില്ല എന്നു പഠിപ്പിയ്ക്കുന്നതും ബ്രെയിന്‍ വാഷിംഗ് എന്നു പറയേണ്ടി വരും.) അല്ലാതെ സി.പി.എം ആല്ല അതു തീരുമാനിയ്ക്കേണ്ടത്. മതമില്ലായ്മയല്ല ഇന്ത്യയുടെ മതേതരത്വം എന്നു മനസിലാക്കുക.
അനില്‍ശ്രീ,
"വളര്‍ന്നു വരുന്ന തലമുറക്ക് ഈശ്വരചിന്തയും, നിരീശ്വര ചിന്തയും ഒന്നും ആരും പറഞ്ഞു കൊടുക്കേണ്ട കാര്യം ഇല്ല എന്ന് തോന്നുന്നു."
അവരവര്‍ക്കു ശരിയെന്നു തോന്നുന്നത് തന്റെ അടുത്ത തലമുറയ്ക്ക് / തലമുറകള്‍ക്ക് പറഞ്ഞുകൊടുക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. നിരീശ്വരവാദിയ്ക്ക് അവന്റെ വിശ്വാസങ്ങളും ഈശ്വരവിശ്വാസിയ്ക്ക് അവന്റെ വിശ്വാസങ്ങളും ശരിതന്നെയാണ്. അതുകൊണ്ട് മറ്റുള്ളവന്റെ ശരിയ്ക്കു മേലെ കുതിരകയറാന്‍ ആര്‍ക്കും അവകാശമില്ല, മറ്റുള്ളവന്റെ ശരികള്‍ സാമൂഹികപ്രശ്നങ്ങള്‍ ഉണ്ടാക്കാത്തിടത്തോളം കാലം.
മദ്രസപോരേ, സണ്‍ഡേസ്കൂള്‍ പോരേ എന്നൊക്കെയുള്ള തര്‍ക്കം കൊണ്ട് പ്രയോജനമില്ല, പൊതുവിദ്യാഭ്യാസത്തിനൊപ്പം മതബോധനത്തിനുള്ള അവകാശം ഭരണഘടനയില്‍ ഉള്ളിടത്തോളം കാലം. അതുകൊണ്ട് തത്കാലം നമുക്ക് അതു വിടാം.
രാജീവ്,
ആപേക്ഷികം തെറ്റാണെന്നു തോന്നുന്നത് തന്റെ ചിന്താഗതികള്‍ ശരിയാണെന്നുള്ള ധാര്‍ഷ്ട്രം കൊണ്ടാണെന്നാണ് എനിയ്ക്കുതോന്നുന്നത്.
“ആ കാരണങ്ങളെയും യുക്തിയെയും കാണാന്‍ കഴിയാതെ വരുമ്പോഴാണ് നമ്മള്‍ ആപേക്ഷികമെന്ന തെറ്റിദ്ധാരണയില്‍ എത്തൂന്നത്.”
ഇതില്‍ നിന്നും വളരെ വ്യക്തമാണ് താങ്കളുടെ ചിന്താഗതി. കാര്യകാരണങ്ങള്‍ കൊണ്ടും യുക്തികൊണ്ടൂം എന്റെ നിലപാടുകള്‍ പൂര്‍ണ്ണമായും(absolute, not releative) ശരിയാണെന്നും ഇതൊന്നും തനിയ്ക്കുമനസിലാവാത്തതുകൊണ്ട് താന്‍ അതിനെ ആപേക്ഷികമാക്കുന്നൂ എന്നും.
പോട്ടെ,
താങ്കളുടെ ശരികള്‍ absolute ശരിതന്നെയാണെന്നു കരുതുക. (ഇത് ഇടതുപക്ഷ സഹയാത്രികരുടെയും യുക്തിവാദികളുടെയും അന്ധവിശ്വാസികളുടെയും ഒക്കെ പ്രശ്നം തന്നെയാണ്.)എങ്കിലും അതിനെ മറ്റുള്ളവരിലേയ്ക്ക് അടിച്ചേല്പിയ്ക്കാനുള്ള അവകാശം ഒരു ജനാധിപത്യ വ്യവസ്ഥയ്ക്ക് ഭൂഷണമാണെന്നു കരുതുന്നുണ്ടോ.
മറ്റുള്ളവന്റെ ശരികളെ ബഹുമാനിയ്ക്കാന്‍ പഠിയ്ക്കുക. ചോദ്യം ചെയ്യാന്‍ മാത്രം അറിയാവുന്നവന് അത് ഉണ്ടാവണമെന്നില്ല. അതിന്റെ അഭാവമാണ് ഏകാധിപത്യത്തിലേയ്ക്കും സ്വേച്ഛാധിപത്യത്തിലേയ്ക്കും സര്‍വ്വാധിപത്യത്തിലേയ്ക്കും, അരാജകത്വത്തിലേയ്ക്കും ഒക്കെ നയിയ്ക്കുന്നത്.
കൂടുതലൊന്നും പറഞ്ഞ് എന്റെ സമയം ഞാന്‍ കളയുന്നില്ല(അരാഷ്ട്രീയം???).
അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും. ഇത് എന്റെ അഭിപ്രായം മാത്രമാണ്.
ജോജൂ,
ഞാന്‍ എഴുതിയത്, “എല്ലാ അഭിപ്രായങ്ങള്‍ക്കും വീക്ഷണങ്ങള്‍ക്കും ചരിത്രപരമായ കാരണമുണ്ട്. യുക്തിയുണ്ട്. ആ കാരണങ്ങളെയും യുക്തിയെയും കാണാന്‍ കഴിയാതെ വരുമ്പോഴാണ് നമ്മള്‍ ആപേക്ഷികമെന്ന തെറ്റിദ്ധാരണയില്‍ എത്തൂന്നത്‘ എന്നാണ്. ആപേക്ഷികമെന്ന തങ്കളുടെ പദപ്രയോഗത്തിനെയാണ് ഞാന്‍ ഉദ്ദേശീച്ചത്. എന്റെ യുക്തിയും കാരണവുമാണ് ആബ്‌സല്യൂറ്റ് ശരി എന്ന നിലയിലല്ല. ഒന്നുകൂടി വ്യക്തമാക്കട്ടെ. ആപേക്ഷികം എന്നത് ഒരു കോണ്‍ക്രീറ്റ് റിയാലിറ്റി അല്ല എന്ന്.
ഈ പറഞ്ഞ പാഠപുസ്തകങ്ങള്‍ ഒന്നും കണ്ടിട്ടില്ലാത്തതിനാല്‍ ചോദിക്കുകയാ.. ഏതെങ്കിലും പുസ്തകത്തില്‍ "ദൈവമില്ല, അതിനാല്‍ ആരാധന പാടില്ല" എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടോ? അറിയാന്‍ വേണ്ടിയാണ് ഈ ചോദ്യം. ഉത്തരം ആര്‍ക്കും പറയാം.
ജോജൂ, നിരീശ്വര വാദത്തെ വളര്‍ത്തുന്നു എന്ന് പറയുന്നതില്‍ എന്താണ് യുക്തി? പുസ്തകത്തില്‍ ഒരു ഭാഗത്ത് മതമില്ലാത്ത മനുഷ്യര്‍ ഉണ്ട് എന്ന് പഠിച്ചാല്‍ ആ കുട്ടികള്‍ മതമില്ലാത്തവര്‍ ആയി പോകും എന്ന് കരുതുന്നുണ്ടോ? സത്യത്തില്‍ ലോകത്തിന്റെ പല ഭാഗത്തും അങ്ങനെയുള്ള സമൂഹങ്ങള്‍ ജീവിക്കുന്നില്ലേ? ( മുമ്പൊരു ദക്ഷിണ കൊറിയന്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്നു. അവരില്‍ കുറച്ച് പേര്‍ ക്രിസ്ത്യന്‍ ആയിരുന്നു, കുറച്ച് പേര്‍ ബുദ്ധമതക്കാര്‍ ആയിരുന്നു, കുറച്ചു പേര്‍ "മതമില്ലാത്തവര്‍" ആയിരുന്നു. അങ്ങനെയുള്ളവരില്‍ തന്നെ ഒരാളുടെ അമ്മ ക്രിസ്ത്യന്‍ ആയിരുന്നു.)
" മറ്റുള്ളവന്റെ ശരിയ്ക്കു മേലെ കുതിരകയറാന്‍ ആര്‍ക്കും അവകാശമില്ല, മറ്റുള്ളവന്റെ ശരികള്‍ സാമൂഹികപ്രശ്നങ്ങള്‍ ഉണ്ടാക്കാത്തിടത്തോളം കാലം."
അപ്പോള്‍ ഇത്രയും കാലം വിശ്വാസികള്‍ എല്ലാം കൂടി, അവിശ്വാസികളുടെ വിശ്വാസങ്ങളില്‍ കുതിര കയറി അവരെ വിശ്വാസം പഠിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് പറഞ്ഞാല്‍ സമ്മതിച്ചു തരുമോ?
മതപ്രചാരണവും നേരത്തേ പറഞ്ഞ ‘കുതിരകയറ്റ’വും രണ്ടൂം രണ്ടാണ്. മതപ്രചാരണത്തിനുള്ള അവകാശം എല്ലാമതങ്ങള്‍ക്കും ഉണ്ടെന്ന് താങ്കള്‍ക്കറിയുമായിരിയ്ക്കുമല്ലോ. വിശ്വസിയ്ക്ക് വിശ്വാസവും നീരീശ്വരവാദിയ്ക്ക് നിരീശ്വരത്വവും പ്രര്‍ചരിപ്പിയ്ക്കാം. മതപ്രചാരണത്തിന്റെ പരിധികള്‍ ലംഘിച്ച് കുതിരകയറുന്നുണ്ടെങ്കില്‍ അത് തെറ്റുതന്നെയാണ്.
ഭരണഘടനാപരമായ പദവികള്‍ നിരീശ്വരത്ത പ്രചാരണത്തിനായി ഉപയോഗിയ്ക്കുന്നത് ഒരു ജനാധിപത്യസര്‍ക്കാരിനു ഭൂഷണമല്ല. (അതുപോലെ തന്നെ ഏതെങ്കിലും മതത്തിന്റെ പ്രചരണവും). വ്യക്തിപരമായി പോലും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് സത്യപ്രതിജ്ഞാലംഘനമായേ എനിയ്ക്കു തോന്നിയിട്ടൂള്ളൂ(എന്റെ തോന്നല്‍ മാത്രം). അപ്പോഴാണ് പാഠ്യപദ്ധതിയെ തങ്ങളുടെ കാഴ്ചപ്പാടിലൂടെ വ്യാഖ്യാനിയ്ക്കുക കര്‍മ്മം ഒരു പാര്‍ട്ടി ഏറ്റെടുക്കുന്നത്. ഇത് തികച്ചും ജനാധിപത്യ വിരുദ്ധമാണ്.
"ദൈവമില്ല, അതിനാല്‍ ആരാധന പാടില്ല" എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടോ?
പറഞ്ഞിട്ടില്ല. ഒരു സന്ദേശം കൈമാറാന്‍ അങ്ങനെ വ്യക്തവും വടിവൊത്തതുമായ ഭാഷയില്‍ തന്നെ പറയണമെന്നുണ്ടോ?
“നിരീശ്വര വാദത്തെ വളര്‍ത്തുന്നു എന്ന് പറയുന്നതില്‍ എന്താണ് യുക്തി? പുസ്തകത്തില്‍ ഒരു ഭാഗത്ത് മതമില്ലാത്ത മനുഷ്യര്‍ ഉണ്ട് എന്ന് പഠിച്ചാല്‍ ആ കുട്ടികള്‍ മതമില്ലാത്തവര്‍ ആയി പോകും എന്ന് കരുതുന്നുണ്ടോ? സത്യത്തില്‍ ലോകത്തിന്റെ പല ഭാഗത്തും അങ്ങനെയുള്ള സമൂഹങ്ങള്‍ ജീവിക്കുന്നില്ലേ?”
ഇങ്ങനെയുള്ള സമൂഹങ്ങള്‍ക്കുവേണ്ടി വാദിയ്ക്കുന്നവര്‍ക്ക് നിരീശ്വരത്തെ വളര്‍ത്തുന്നു എന്നതിന്റെ യുക്തിമനസിലാകണമെന്നില്ല.
പോട്ടെ ജോജു.. ഇനി രണ്ട് മൂന്നു വര്‍ഷം കൂടി. അതു കഴിഞ്ഞാല്‍ നമുക്ക് പുസ്തകങ്ങള്‍ പരിഷ്കരിക്കാന്‍ കോണ്‍ഗ്രസിനോട് പറയാം.. കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ചെന്നിത്തല ഇപ്പോഴേ നടക്കുന്നുണ്ടല്ലോ. ആ പുസ്തകത്തില്‍ നമുക്ക് ദൈവ ശാസ്ത്രം എന്നൊന്ന് കൂട്ടി ചേര്‍ക്കാം. എന്താ..
യുക്തിചിന്ത വളര്‍ന്നാല്‍ ആകാശം ഇടിഞ്ഞുവീഴുമെന്ന് മനോരമയും ജോജുവും. അതെ ചിന്തിക്കുന്നതാണ് ഇന്നത്തെ ലോകത്തിന്റെ ഏറ്റവും വലിയ പ്രശ്നം. ഇന്ത്യന്‍ ഭരണഘടന യുക്തിയും ചിന്തയും നിരോധിക്കട്ടെ.
ഈ കുട്ടികളും കൂടി ചിന്തിക്കാന്‍ തുടങ്ങിയാല്‍...
ആദ്യമായി രാജീവിനോടു പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തന്നതിനു നന്ദിപറയട്ടെ.
ഇനി വിഷയത്തിലേക്കു കടന്നാല്‍, ഇവിടെ ചര്‍ച്ചാവിഷയം മത/ഈശ്വര/നിരീശ്വര ലൈനീലേക്കുതിരിഞ്ഞിരിക്കുന്നു.
ഇതു കേട്ടാല്‍ തോന്നും കേരളത്തിലെ വിദ്യാഭ്യാസ സിലബസീല്‍ മതവിദ്യാഭ്യാസം ഒരു പാഠമായിരുന്നു/ആണ്‍് എന്ന്. കേരളത്തില്‍ പണ്ടേ ക്രിറ്റിക്കലി ചിന്തിക്കുന്നവരുണ്ടായിരുന്നു.
ബൈബിളുമേന്തി മിഷണറിമാരു കേറിയെറങ്ങി വിദ്യാഭ്യസിച്ച നാടുകളീല്ലെല്ലാം മതത്തെ വീദ്യഭ്യാസത്തിന്റ ഭാഗമാക്കുന്ന ഒരു സമ്പ്രദായമുണ്ടാക്കിയിരുന്നു.
പക്ഷെ കേരളവിദ്യാഭ്യാസം മതത്തേയും വിദ്യാഭ്യാസത്തേയും വേര്‍തിരിച്ചിരുന്നു.
പിന്നെ സെബില്‍ റെഫര്‍ ചെയ്തിരിക്കുന്ന ലേഖനം, വിദ്യാഭാസത്തെ ഇടത്തുപക്ഷത്തേക്കു തിരിക്കുന്നു എന്നാണ്‍് ആരോപിച്ചിരിക്കുന്നത്.‘പൊതു വിദ്യാഭ്യാസത്തിലൂടെ കമ്യൂണിസ്റ്റുവല്‍ക്കരണം’.
അതിനുപോല്‍ബലകമായി 7,5,3 ക്ലാസുകളീലെ പാഠപ്പുസ്ഥകങ്ങളെ അടിസ്ഥാനമാക്കിയാണ്‍് ഉദാഹരണങ്ങള്‍ കാട്ടിയിരിക്കുന്നത്. ഈ മൂന്നു പാഠപൂസ്തകത്തിലും കൂടി ഇത്രയും സന്ദര്‍ഭങ്ങളേ പറയാനുള്ളു എങ്കില്‍ അതൊരു പ്രമാദമായ കാര്യമാണ്‍് എന്നെനിക്കു തോന്നുന്നില്ല.
പിന്നെ ഈ പുസ്തകങ്ങള്‍ സ്വന്താമായി വായിക്കാന്‍ അവസരം ഉണ്ടായെങ്കില്‍ എന്നാശിക്കുന്നു.
കമ്യീണിസമെന്നു കേള്‍ക്കുമ്പോള്‍ ഇപ്പോഴും ചുവപ്പുകണ്ട കാളയെപ്പോലെ ആകുന്നവരുടെ പ്രതികരണങ്ങള്‍ യദ്ധാര്‍ഥാമായിരിക്കണമെന്നില്ല താനും.
കഴിഞ്ഞ് ഒരു ദിവസം, വര്‍ക്കേഴ്സ് ഫോറത്തില്‍ കേരളത്തില്‍ എസ്.എസ്.എല്‍.സി വിജയശതമാനം കൂടിപ്പോയി എന്നതിനേക്കുറിച്ചൊരു ലേഖനം വന്നിരുന്നു. അതില്‍ ലീനു എന്നൊരു പിതാവ് പുസ്തകത്തില്‍ ‘ചിന്തീക്കു’ ‘അലോചിക്കു‘ എന്നൊക്കെ എഴുതിയിരിക്കുന്നു എന്നു വായിച്ചിരുന്നു.
അപ്പോള്‍, ചിന്തിക്കൂ ചര്‍ച്ച ചെയ്യൂ എന്നൊക്കെ പറയുന്നു പുസ്തകത്തില്‍ തീര്‍ശ്ചയായും ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തേയൊ, മത ചിന്തയേയോ , ചരിത്ര രാഷ്ട്രീയ ബൊധത്തെയോ അല്ല ഊട്ടിവളര്‍ത്തുന്നത് എന്നു മനസിലാക്കാന്‍ കഴിയും.
ഇത്തരം വിമര്‍ശനാത്മക് വിദ്യാഭ്യാസരീതിയുടെ ഒരു പ്രധാന അവസ്ഥ തന്നെ ഒരു പ്രത്യേക പാഠപുസ്തകത്തെ അറിവിനുവേണ്ടി ആശ്രയിക്കുന്നില്ല എന്നുള്ളതാണ്‍്. പുസ്ഥകത്തിനു പുറമേ റെഫരന്‍സുകള്‍ ഈ വിദ്യാഭ്യാസത്തിന്റെ ഒരു ഭാഗമാണ്‍്. ഉദ്. ഇന്റെര്‍നെറ്റ്, ബ്ലോഗ്ഗുകളും റെഫറന്‍സാകാം. പ്രോജെക്റ്റുകള്‍, അസൈന്മെന്റുകള്‍ ഇവയൊക്കെ പാഠ്യപരിപാടികള്ടെ ഭാഗമായിരിക്കുന്നത് ഈ ഉദ്ദേശത്തോടെയാണ്‍്.
അപ്പോള്‍ പിന്നെ പാഠ്യപുസ്തകത്തില്‍ ചീലതൊക്കെ എഴുതിയതുകൊണ്ട് കമ്യൂണിസ്റ്റുവല്‍ക്കരണം ഉണ്ട് എന്നു പറയുന്നത് വെറും വിഡ്ഡിത്തം, കണ്ണില്‍ പൊടിവാരിയിടല്‍.
പിന്നെ മതമെന്നു പറയുമ്പോള്‍ ഇവിടെ ചിലരുടെയൊക്കെ ആസ്തിത്വം കൊടുങ്കാറ്റിലുലയുന്നത്, മതത്തെ ധാര്‍മ്മികതയുമായി ഇവര്‍ തുല്യതപ്പെടുത്തുന്നതുകോണ്ടാണ്‍്. ഗോഡ് ഫിയ്യറിംഗ്, അമ്പത്തില്‍ പോകുന്നവര്‍, , പള്ളീലു പോക്കുന്നവര്‍ ഇവരൊക്ക അങ്ങേഅറ്റത്തെ ധാര്‍മ്മീകരാണ് എന്ന് ഒരു വിമര്‍ശനബുദ്ധീയും ഇല്ലാതെ അങ്ങു വളര്‍ത്തിവച്ചിരിയ്ക്കയല്ലേ നമ്മുടെ സമൂഹത്തില്‍.
മതവും മാനവികമൂല്യങ്ങളും രണ്ടൂം രണ്ടാണ്. ഇവ രണ്ടും തമ്മില്‍ പരിപൂരകമായ യാതോരു ബന്ധവുമീല്ല.
ഇന്ത്യയുടെ യധാര്‍ഥ ചരിത്രം അറിയാത്തവരില്‍ ഭൂരിപക്ഷം ഇന്‍ഡ്യന്‍ കിട്ടികളായിരിക്കും. ചരിത്രത്തേക്കുറിച്ച് കുട്ടികള്‍ അന്വേഷിക്കുന്നു എന്നുപറഞ്ഞാല്‍ മാത്രം മതിയല്ലോ ഇവിടെ ജാഡകളുടെ സംരക്ഷകര്‍ നേട്ടോട്ടമോടാന്‍. അതു തന്നെയാണ്‍് സെബിന്റെ വിരോധാഭാസം കുട്ടികള്‍ ഒന്നും അറിയരുത് എന്ന്.
കമന്റുകളോടുള്ള പ്രതികരണങ്ങള്‍
റോബി,
വിമര്‍ശനാവബോധത്തോടെ സമൂഹത്തെ മനസ്സിലാക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്കു് കഴിഞ്ഞാല്‍ അവര്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും ആജീവനാന്ത തടവറയില്‍ ആയിരിക്കില്ല എന്നു് ഞാന്‍ കരുതുന്നു. അതേ സമയം അവനു് രാഷ്ട്രീയമുണ്ടായിരിക്കുകയും മുദ്യാവാക്യങ്ങളുടെയോ ചുവരെഴുത്തുകളുടെയോ കാലത്തില്‍ നിന്നു് വിഭിന്നമായി തന്റെ പ്രവൃത്തികളില്‍ രാഷ്ട്രീയത്തെ തിരിച്ചറിയുകയും ചെയ്യും. സമൂഹത്തെ മനസ്സിലാക്കുന്നതിനു് അവന്‍ സ്വയം ചില രീതിശാസ്ത്രങ്ങള്‍ വികസിപ്പിച്ചെടുത്തേക്കാം. അതിനു് ചരിത്രവും ചിന്താപദ്ധതികളും പ്രത്യയശാസ്ത്രങ്ങളും മറ്റും മെറ്റീരിയല്‍സ് ആവുകയും ചെയ്യാം.
നിരീശ്വരത്വവും സിപിഎമ്മുമായി ബന്ധം കല്‍പ്പിക്കേണ്ടതില്ല. മതവും ജാതിയും സമര്‍ത്ഥമായി ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്ത്യയില്‍ സിപിഎമ്മിനു് നല്ല വേരോട്ടമുണ്ടാക്കാന്‍ സാധിക്കുമായിരുന്നു. ബംഗാളില്‍ കാളീപൂജയുമായി സമരസപ്പെട്ടിടത്തും കണ്ണൂരില്‍ തെയ്യവുമായി ഒത്തുപോയിടത്തും സിപിഎം നേട്ടങ്ങള്‍ ഉണ്ടാക്കി എന്നതു് കാണാതിരിക്കേണ്ടതില്ല. സിപിഎമ്മിനെ കമ്മ്യൂണിസത്തിന്റെ ബാഗേജ് ഇല്ലാത്ത ഒരു വെറും രാഷ്ട്രീയ പാര്‍ട്ടിയായി മാത്രം കണ്ടാല്‍ ഇതു് എളുപ്പം മനസ്സിലാക്കാം.
(റോബി പറഞ്ഞതിനോടു് ഒരു കൂട്ടിച്ചേര്‍പ്പ് എന്ന നിലയിലാണു് ഇവ കുറിച്ചതു്.)
ദസ്തക്കീര്‍,
പാഠപുസ്തകത്തിനെതിരെ ഫത്വ ഇതിനോടകം ഇറങ്ങിക്കഴിഞ്ഞല്ലോ. സുന്നി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ സമരപ്രഖ്യാപനം നടത്തിക്കഴിഞ്ഞു. അവര്‍ തമസ്കരിച്ച വക്കത്തെ (പുരുഷോത്തമനല്ല) തിരിച്ചുപിടിച്ചു എന്നതാണു് പ്രധാന കുറ്റാരോപണം.
അനില്‍ശ്രീ,
ശ്രീനിവാസന്‍ മാപ്പ് പറയണം എന്ന തലക്കെട്ടു് മനപ്പൂര്‍വ്വം കൊടുത്തതാണു്. അരിയെത്ര പയറഞ്ഞാഴി എന്ന കണക്കിനാണല്ലോ പാഠപുസ്കത്തെ മനോരമ ലേഖകന്‍ അവലോകനം ചെയ്തിരിക്കുന്നതു്!
യൂനൂസ്,
പോസ്റ്റുമായി ബന്ധമില്ലാത്ത കമന്റ് ഡിലീറ്റ് ചെയ്യുന്നു.
ജോജൂ,
ഡാലി പറഞ്ഞതുപോലെ ഡിവൈഎഫ്ഐയുടെ മാത്രമല്ല, എല്ലാവരുടെയും പോസ്റ്ററുകളും മുദ്രാവാക്യങ്ങളുമൊക്കെ ശ്രദ്ധിക്കുകയും അവയോട് അവര്‍ എത്രമാത്രം നീതിപുലര്‍ത്തുന്നു എന്നു് നിരീക്ഷിക്കുകയും ചെയ്യുന്നതു് ആ പ്രസ്ഥാനങ്ങള്‍ക്കു് മിനിമം ജനങ്ങളോടു് ഒരു പ്രതിബദ്ധത ഉണ്ടാക്കാന്‍ ഉപകരിക്കും.
ഒരു രാഷ്ട്രീയകക്ഷിയുടെ വീക്ഷണകോണിലൂടെ കാര്യങ്ങളെ അവതരിപ്പിക്കുന്നു എന്ന പ്രസ്താവന അത്ര ശരിയാണെന്നു് എനിക്കഭിപ്രായമില്ല. ക്രിട്ടിക്കലായി ചിന്തിക്കാന്‍ അവസരം നല്‍കുന്നതു് എങ്ങനെ ഒരു രാഷ്ട്രീയ കക്ഷിയുടെ വീക്ഷണകോണാകും? അതോ കമ്മ്യൂണിസ്റ്റുകാര്‍ മാത്രമേ ക്രിട്ടിക്കലായി ചിന്തിക്കൂ എന്നുണ്ടോ?
മതവിശ്വാസമില്ലാതായാല്‍ ആര്‍ക്കാണു് പ്രയോജനം എന്ന ചോദ്യത്തെ തിരിച്ചിടാമെന്നു് തോന്നുന്നു. മതഭ്രാന്തു് നിലനിന്നാല്‍ ആര്‍ക്കാണു് പ്രയോജനം?
ഗുണനപ്പട്ടിക പഠിക്കുന്നതിനെ എതിര്‍ക്കുക എന്നതേ അല്ല എന്റെ പോസ്റ്റിന്റെ ഉദ്ദേശ്യം. പക്ഷെ സനാതന സത്യമെന്ന നിലയില്‍ അവതരിപ്പിക്കുന്നതു് മാത്രമല്ല ജീവിതം എന്നു് കുട്ടികള്‍ തിരിച്ചറിയേണ്ടതുണ്ടു്. പണപ്പെരുപ്പമുണ്ടാകുന്നതും വിലക്കയറ്റമുണ്ടാകുന്നതും മറ്റും ഒന്നും ഒന്നും രണ്ടു് എന്ന ലളിത സമവാക്യത്തിന്റെ അടിസ്ഥാനത്തിലല്ല എന്നു് ജോജുവിനു് പറഞ്ഞുതരേണ്ടതില്ലല്ലോ.
പിന്നെ ഇവിടെ ദൈവമുണ്ടോ ഇല്ലയോ എന്നു് സ്ഥാപിക്കാന്‍ പാഠ്യപദ്ധതി ശ്രമിക്കുന്നില്ല. ഭൂകമ്പം വന്നാല്‍ ജയിനരാണോ സിഖുകാരാണോ കൂടുതല്‍ മരിക്കുക? അല്ലെങ്കില്‍ തമിഴരാണോ മലയാളികളാണോ കൂടുതല്‍ മരിക്കുക? അതു് എവിടെയാണു് ഭൂകമ്പം വരുന്നതെന്നും അവിടെ ആരാണു് കൂടുതല്‍ താമസിക്കുന്നതെന്നും മാത്രം ആശ്രയിച്ചിരിക്കുന്ന കാര്യമാണു്. എന്നു കരുതി മറ്റുള്ളവര്‍ അതിനു് ഇരയാകാതെ ഇരിക്കുന്നുമില്ല. ഈ അവബോധം മതബാഹ്യവും ഭാഷാതീതവുമായ ഒരു മാനവികത വളര്‍ത്താന്‍ സഹായിക്കുമെന്നു് തന്നെയാണു് എന്റെ നിലപാടു്. അല്ലാതെ അതിനെ ഈശ്വരനിന്ദ പ്രോത്സാഹിപ്പിക്കുന്ന ഒന്നായി കാണുന്നതു് ശുദ്ധ ഭോഷ്കാണു്.
മാവേലി കേരളം,
കേരളത്തിലെ പരമ്പരാഗത ഗൈഡ് കമ്പനികള്‍ പലതും പ്രതിസന്ധിയിലാണു്. അവയെ അപേക്ഷിച്ചു് വളരെ മെച്ചപ്പെട്ടതു് എന്നു് പറയാമായിരുന്ന ലേബര്‍ ഇന്ത്യ പോലെയുള്ള പ്രസിദ്ധീകരണങ്ങളും തളര്‍ച്ചയുടെ വക്കിലാണു്. അതിനു് കാരണം, ഇന്ററാക്‍ടീവായ പുതിയ പാഠ്യപദ്ധതിയില്‍ ഇവര്‍ക്കു് പുതുതായൊന്നും ചെയ്യാനില്ലെന്നതാണു്. ഉദാഹരണത്തിനു് കുട്ടികളെ പ്രാദേശിക ചരിത്രം എഴുതാന്‍ പാഠ്യപദ്ധതി പ്രോത്സാഹിപ്പിക്കുന്നുണ്ടു്. അവന്റെ പഞ്ചായത്തിന്റെ ചരിത്രം, പ്രദേശത്തിന്റെ ചരിത്രം ഒക്കെയാണു് അവന്‍ കണ്ടെടുക്കേണ്ടതു്. ഇവിടെ ഗൈഡ് എഴുത്തുകാര്‍ക്കു് എന്തുചെയ്യാന്‍ സാധിക്കും? ഓരോ പഞ്ചായത്തിനും ഓരോ എഡിഷന്‍ ഇറക്കാതെ അവര്‍ക്കു് പിടിച്ചുനില്‍ക്കാനാവില്ല.
ചര്‍ച്ചയില്‍ പങ്കെടുത്ത മൂര്‍ത്തി, രാജീവ് ചേലനാട്ട്, കിരണ്‍, അപ്പു, ചിതല്‍, ഹരിത്, കിനാവ്, സി.കെ. ബാബു, ഡാലി, പാമരന്‍, മൃദുലന്‍ എന്നിവര്‍ക്കും നന്ദി.
സെബില്‍ വിവരങ്ങള്‍ക്കു നന്ദി. ഗൈഡും വിമര്‍ശനാത്മക പാഠ്യപദ്ധതിയും ഒന്നിച്ചു പോകാത്ത ഒന്നാണ്‍്. അതുകൊണ്ടാണ്‍് ഞാന്‍ ആ സംശയം ചൊദിച്ചത്. നാട്ടിലെ പല വിവരങ്ങളും വിശദമായി അറിയാന്‍ കഴിയാത്ത അവസ്ഥയാണ്‍്. വെറൊരൂ ബ്ലോഗില്‍ നിന്ന്, എസ്.എസ്.എല്‍ സി ലെവലില്‍ ലബെര്‍ ഇന്ത്യാ ഗൈഡ് അമിതമായീ ഉപ്യോഗിക്കുന്നതായി മാനസിലാക്കാന്‍ കഴിഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസം ഗൈഡുകളില്‍ നിന്നു മോചീതമായി ഇപ്പറയുന്ന നിലയില്‍ പുരോഗമിക്കട്ടെ എന്നു പ്രത്യാശിക്കുന്നു.
പ്രിയ സെബിന്‍ ജീ,
RSS ഫീഡ് പറ്റിച്ചതുകാരണം ഇതു കാണാന്‍ വൈകി. (മുടിപ്പെര അമ്മച്ചിയാണെ...ഇനി ഗൂഗിള്‍ റീഡറിലേ നോക്കൂ!)
രാഷ്ട്രീയം പറയാനും സാഹിത്യമുപയോഗിക്കാമെന്നതിന്റെ അപൂര്‍വമായ ഫൂലോക ഉദാഹരണമായി ഈ പോസ്റ്റ്. നന്ദി!
മനോരമാ ഓണ്‍ലൈനിലെ ഈ ഒരു ഭാഗം മാത്രം മതി അവന്മാരുടെ അസുഖമെന്താണെന്ന് മനസിലാവാന്‍ :
“..വ്യക്തികള്‍ക്കും സമൂഹത്തിനും വിമര്‍ശനാവബോധം (critical consciousness) നല്‍കുകയാണു വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്നതാണു പുതിയ സിദ്ധാന്തം... യുക്തിചിന്ത വളര്‍ത്തുന്ന രീതിയിലാണു പുതിയ പുസ്തകങ്ങളില്‍ പാഠഭാഗങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. വിമര്‍ശനാവബോധം വളര്‍ത്തുംവിധം പഠിപ്പിക്കാനാണ് അധ്യാപകര്‍ക്കു പരിശീലനം നല്‍കിയിട്ടുള്ളതും നിര്‍ദേശിച്ചിട്ടുള്ളതും..”
ഹൊ! സമൂഹത്തിനു യുക്തിചിന്തയും വിമര്‍ശനാവബോധവും ഉണ്ടാകുന്നതിലുള്ള മനോരമയുടെ പിടച്ചില്‍..!
‘വി.കൊച്ചു ത്രേസ്യക്ക് ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ’,‘അത്ഭുത മാന്ത്രിക ധനാകര്‍ഷണ ഭൈരവ യന്ത്രം’,‘നിങ്ങള്‍ക്ക് ന്യൂമറോളജി പഠിക്കാം’, ‘ഉദ്ധാരണക്കുറവിന് ഒറ്റമൂലി’.... ഹൊ!! ഇനി നാട്ടിലെ പൈതങ്ങള്‍ക്ക് ‘വിമര്‍ശന ബുദ്ധി’ മൂത്ത് പത്രക്കച്ചോടം പൂട്ടിച്ചാലോ...
അടുത്ത പരിഷ്കരണം പ്രൊഫഷനല്‍ കോഴ്സ് പ്രവേശന പരീക്ഷാ രീതിയിലാവട്ടെയെന്നാശിക്കുന്നു. (ചെഗുവേര ബേബി ഇപ്പോള്‍ ‘പരിഷ്കരിച്ചോ’ണ്ടുവരുന്ന രീതിയലല്ല:)
ചെടിയുടെ വേരിലെ സൈലവും ഫ്ലോയവും എങ്ങനെ ഇരിക്കുമെന്നും കാര്‍ണോട്ട് എഞ്ചിന്റെ തെര്‍മല്‍ എഫിഷ്യന്‍സിയുമൊക്കെ ചോദിച്ച് മലമറിക്കുന്ന കൂട്ടത്തില്‍ സയന്റിഫിക് ആപ്റ്റിറ്റ്യൂഡും പ്രായോഗിക ബുദ്ധിയും അളക്കുന്ന ഒരു പത്തന്‍പതു ചോദ്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തട്ടെ.
ഇല്ലെങ്കില്‍ വിഗ്രഹത്തിന്റെ ലോഹനട്ടെല്ല് മന്ത്രശബ്ദം കേട്ട് വൈബ്രേറ്റു ചെയ്ത് ഇലക്ട്രോമാഗ്നെറ്റിക് റേഡിയേഷന്‍ ഉത്സര്‍ജിക്കുമെന്ന് ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാരും, പൂര്‍വ്വജന്മ പാപങ്ങള്‍ ജീനുകളിലൂടെ ഈ ജന്മത്തിലോട്ട് കെട്ടിയെടുക്കുമെന്ന് മുറിവൈദ്യന്മാരും ഇവിടെ ബ്ലോഗെഴുതിക്കൊണ്ടേയിരിക്കും !
ഇത് ഒരു ഓഫ് ആയി എടുക്കുക..
സാമൂഹ്യപാഠം പുസ്തകത്തിന്റെ കവറിലെ ചിത്രം മുകളില്‍ നിന്ന് താഴെക്ക് മുതിര്‍ന്ന ഒരാളുടെ ഒരു കൈയും താഴെ നിന്ന് കുട്ടികളുടെ നാലു കൈയുമാണെന്ന് അന്വേഷിച്ചപ്പോള്‍ അറിഞ്ഞു. helping had എന്ന മട്ടിലൊരു ചിത്രം. നേരിട്ട് കണ്ടില്ല. ഡി.വൈ.എഫ്.ഐ പോസ്റ്ററാണെന്ന് വാദിക്കുന്നതുപോലെ വേണേല്‍ അത് കോണ്‍ഗ്രസ്സിന്റെ പോസ്റ്ററാണെന്ന് വാദിക്കാമെന്ന് എന്റെ ഒരു അദ്ധ്യാപക സുഹൃത്ത് പറഞ്ഞു. കാരണം നിവര്‍ത്തിപ്പിടിച്ച കൈപ്പത്തികളാണ് ചിത്രത്തില്‍...
:)
ഇനി വലതന്മാരു കേറുമ്പോ അവരും മാറ്റും പൊത്തകം. രാഷ്ട്രീയക്കാര്ക്ക് തട്ടിക്കളിക്കാന് പുതിയ ഒരു സെറ്റ് ഗിനിപ്പന്നികളെ കിട്ടീന്നാ തോന്നണെ.
ഇപ്പഴും തുഗ്ലക്കിന്റെ വകേലനന്തരവന്മാരാണാവോ കുണ്ടറ ചെഗുവേര സാറിന്റെ വകുപ്പ് നിറയെ. ;-) ഈയടുത്താണേ ഈ പോസ്റ്റും അതിലെ കമന്റുകളും വായിച്ചത്.
സെബിനെ,
എം. എ. ജോണ്‍സണ്‍ എഴുതിയതു വായിച്ചിട്ട് മനോരമയ്ക്കുള്ളില്‍ ഇരുന്നുകൊണ്ട് സര്‍ക്കാസ്റ്റിക് (മനോരമ-സഭാ മേലധികാരികളെ പറ്റിച്ച്) ആയിട്ടെഴുതിയതാണോ എന്നൊരു സംശയമില്ലാതില്ല. :)
നവോത്ഥാനത്തില്‍ നിന്നുള്ള തിരിച്ചുപോക്ക് സഭയ്ക്കും ഇതര അധികാരകേന്ദ്രങ്ങള്‍ക്കും പുത്തനുണര്‍വ്വ് പകരുന്ന ഇന്നത്തെ സാഹചര്യത്തില്‍ സ്വരത്തിനു അധികാരത്തിന്റെ ചുവ കൂടും.
ഓരോ കുട്ടിയിലും പിതൃക്കളുടെ മതം അടിച്ചേല്‍പ്പിക്കുന്നത് ജനാധിപത്യ-മതേതര മൂല്യങ്ങള്‍ക്കു വിരുദ്ധമാണെന്നുള്ള ബോധം ജനങ്ങളില്‍ സ്വയം ഉണ്ടാവാനുള്ള സാഹചര്യം ഒരുക്കുകയാണു ജനാധിപത്യ സംഘടനകള്‍ ചെയ്യേണ്ടുന്നത്.
മറ്റൊന്ന് നിരീശ്വരവാദത്തോടുള്ള സമീപനം. കൊടികുത്തിയ ലിബറല്‍ സമൂഹമുള്ള അമേരിക്കയില്‍ വരെ നിരീശ്വരവാദിയെന്നു സ്വയം പ്രഖ്യാപിക്കാന്‍ തന്റേടമുള്ള ഒറ്റ രാഷ്ട്രീയ നേതാവുപോലുമില്ല. അത്രയ്ക്കാണു കള്‍ചറല്‍ പോലീസിങ്. നിയോ-ലിബറലിസ്റ്റുകള്‍ വരെ ഇക്കാര്യത്തില്‍ ഭീരുക്കളാണു താനും.
ഇന്ത്യപോലുള്ള സെമി ഫ്യൂടല്‍ ചുറ്റുപാടില്‍ പോലീസിങ്ങിന്റെ കാഠിന്യം കൂടു, സഭയുടെയും സംഘ പരിവാരങ്ങളുടേയും ആക്രോശങ്ങളുടെ കാഠിന്യവും കൂടിക്കൊണ്ടിരിക്കും.
ഒന്നോര്‍ക്കുക.
ഇന്നത്തെ ലോകം ഇത്രയും ശാസ്ത്ര-സാങ്കേതിക നേട്ടം കൈവരിച്ചിട്ടുണ്ടെങ്കില്‍ അത് സാദ്ധ്യമായത് യുക്തിചിന്തയുടെ ഫലമായിട്ടണു. ഇവിടെ മതത്തിന്റെ സംഭാവന വട്ടപ്പൂജ്യമാണെന്നുമാത്രല്ല ചിന്തയ്ക്കു വിലങ്ങിടുന്ന വില്ലന്റെ റോളുകൂടിയാണെന്നോര്‍ക്കണം.
പാഠ്യപദ്ധതി പുതുക്കിയപ്പോള്‍ ഇഷ്ടപ്പെട്ട ഒരു സം ഗതി...
എന്‍ സി ഇ ആര്‍ ടി യുടെ പുസ്തകങ്ങള്‍ അതേപടി ഹയര്‍ സെക്കണ്ടറിക്കു എടുക്കുന്നു എന്നതാണു...
എന്തിനാ ശാസ്ത്ര വിഷയങള്‍ ക്കു ഒരേ രാജ്യത്തു പല സിലബസ്...
പിന്നെ മനോരമ ലേഖകന്‍ വിട്ടു പോയ ഒരു കവിത..
മോഹനകൃഷ്ണന്‍ കാലടിയുടെ പാലൈസിലെഒരു കവിത ചേര്‍ ത്തതും ..സ്ളേറ്റേ സ്ളേറ്റേ..പെന്സിലേ പെന്‍ സിലേ എന്ന കവിത..
ആ കവിത കാനാതെ കവി പു ക സ കാരന്‍ ആണെന്നും പറഞ്ഞു തുടങിയിരിക്കുന്നു പലരും ..
സെബിന്‍
അഭിവാദനങ്ങള്‍ എഴുതിയതിന്.. വായിപ്പിച്ചതിന്
പാഠപുസ്തകത്തിലൂടെ കമ്മ്യൂണിസ്സം വളരുമായിരുന്നെങ്കില്‍ എവിടെല്ലാം അതു കണ്ടെനേ, റഷ്യ, പോളണ്ട്, ഹംഗറി....
സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്നും കുട്ടികളെ മാറ്റി CBSE യില്‍ എത്തിക്കുവാന്‍ രക്ഷാകര്‍ത്തക്കളെ പ്രേരിപ്പിക്കുക എന്ന രഹസ്യ 'അജന്‍ണ്ട ' അല്ലാതെന്ത്.
ഇവിടെ പാഠ്യ പദ്ധതി പരിക്ഷരണത്തെ അനുകൂലിക്കുന്നവരുടെ മക്കളെല്ലാം cbse സിലബസ്സില്‍ തന്നെയായിരിക്കുമല്ലൊ പഠനം.
ദരിദ്രരായ പിള്ളേര്‍ എങ്ങനെയേലും പഠിക്കട്ടേന്ന്
ഓഫ് : ഇടതു വശത്തെ -ചര്‍ച്ചാസമരം- എന്ന തലക്കെട്ടിനു കീഴെയുള്ള ഒരു ലിങ്ക്,(http://scertkerala.wordpress.com), പ്രവര്‍ത്തനരഹിതമാണ്.
Instead of wasting your PRECIOUS time on STUPID political agendas, concentrate on what matters for the society. The average Mallu who got tied to any polotical party (be it Communist or Congress) seems to waste their time on useless matters. They can because those who studied well or survived to bring up their business prosper are supporting these idle folks.
ചര്‍ച്ചാസമരം
ആളിക്കത്തുകയാണ് ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര പാഠ പുസ്തക വിവാദം. പുസ്തകം വായിച്ചുപോലും നോക്കാതെ തെരുവില്‍ കത്തിക്കാനും തെരുവ് കത്തിക്കാനും ആളിറങ്ങിക്കഴിഞ്ഞു. മോഷണക്കേസില്‍ ജയിലില്‍ കിടന്നവന്‍ വരെ ഏഴാം ക്ലാസുകാരനെ രക്ഷിക്കാന്‍ പെട്രോള്‍ കാനും തീപ്പെട്ടിയുമായി തെരുവിലുണ്ട്.
ഈ സമരം അനാവശ്യമാണെന്ന് പാഠപുസ്തകം ഒരിക്കലെങ്കിലും വായിച്ചു നോക്കിയിട്ടുള്ള ഏതൊരാള്‍ക്കും ബോധ്യപ്പെടും. രണ്ടാം വിമോചന സമരത്തിന് പടയൊരുക്കം നടത്തുകയാണത്രെ അരമനകള്‍. അതിനെ നേരിടാനായി ഇപ്പോഴേ ഒരുങ്ങുക.
കല്ലും, കവിണിയും, കുന്തവുമാണ് അവര്‍ക്ക് പരിചയമുളള ആയുധങ്ങള്‍. അതിനെ എതിര്‍ക്കാന്‍ അക്ഷരവും പുസ്തകവും സംവാദവുമാണ് നമ്മുടെ ആയുധം.
സംവാദത്തിന്റെ വാതിലുകള്‍ മുഴുവന്‍ അടച്ച്, സ്വന്തം മുന്‍വിധികളുടെയും സ്ഥാപിത താല്‍പര്യക്കാരുടെയും താളത്തിനൊത്ത് തുളളുന്നവര്‍ കൊണ്ടാടുന്ന വാദങ്ങളുടെ കാമ്പും കഴമ്പും നമുക്ക് പരിശോധിക്കാം, ഒന്നൊന്നായി.
അതിന്, ഇതാ ഇവിടെയൊരവസരം. ഇതാ ഇതിലേ പോവുക അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
കിരണ്‍, മാരീചന്‍, സെബിന്‍, രാധേയന്‍, മൂര്‍ത്തി, സൂരജ്, റോബി, ഡാലി എന്നിവരുടെ ചിന്തകള്‍ ആമുഖമായി അവതരിക്കപ്പെട്ടിരിക്കുന്നു.
പുസ്തകം വായിക്കാനും ചര്‍ച്ചയില്‍ പങ്കെടക്കാനും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. അക്ഷരം വായിക്കാനുളളതാണ്, കത്തിക്കാനുളളതല്ല എന്ന് തിരിച്ചറിയുന്നവര്‍ക്കും, ലോകം കത്തിച്ചിട്ടായാലും തങ്ങളുടെ വാശിയും ഈഗോയും ജയിക്കണമെന്നുളളവര്‍ക്കും ഈ സംവാദത്തില്‍ പങ്കെടുക്കാം.
സത്യമേ ജയിക്കൂ.... സത്യം മാത്രം. സത്യത്തെ ജയിപ്പിക്കാനും നമ്മുടെ കുട്ടികളെ നല്ല മനുഷ്യരായി വളര്‍ത്താനും മാനവികതയും മതനിരപേക്ഷതയും ഉയര്‍ത്തിപ്പിടിക്കാനും ഈ സമരത്തില്‍ പങ്കു ചേരുക.
ഈയടുത്ത കാലത്തു കണ്ട പ്രതിഷേധങ്ങളില്‍ വച്ച് ഏറ്റവും ഹീനമായ പ്രവൃത്തിയായി പാഠപുസ്തകങ്ങളെ തീയിലിട്ടു ചുട്ട സംഭവങ്ങളെ കാണേണ്ടതുണ്ട്. അക്ഷരങ്ങളെ സ്നേഹിക്കുന്ന ഏതൊരു മനുഷ്യനും സഹിക്കാവുന്നതിലപ്പുറമായിരുന്നു അത്. ആ ഒരൊറ്റ കാരണം മാത്രം മതി അതിനു പിറകില്‍ ഉത്തേജകങ്ങളായി പ്രവര്‍ത്തിച്ചവരോടുള്ള ആദരവു മുഴുവന്‍ നഷ്ടമാകുവാന്‍.
Post a Comment