rss
twitter

മലയാളം മലയാളത്തിലെഴുതാന്‍

മുയല്‍‌ക്കൊമ്പ് (Disclaimer): ചര്‍‌ച്ച ചെയ്താല്‍‍ തീരാത്ത ഒരു വിഷയമാണ് ഇക്കുറി. മുമ്പ് ഇതേവിഷയത്തില്‍ ഭൂലോകത്തും ബൂലോഗത്തും ഒട്ടേറെ ചര്‍ച്ചകള്‍ നടന്നിട്ടുള്ളതാണ്. താത്പര്യമുള്ളവര്‍ക്ക് പഴയ പിന്മൊഴിക്കൂട്ടത്തിന്റെ സൂക്ഷിപ്പുപുരയില്‍ (archive) തപ്പി വിഷയം പൊടിതട്ടി എടുക്കാവുന്നതാണ്. ഇവിടെ ഞാന്‍ പിടിച്ച മുയലിന്റെ കൊമ്പാണ് പ്രദര്‍ശിപ്പിക്കുന്നത്. നിങ്ങള്‍ പിടിച്ച മുയലിന് കൊമ്പില്ലെങ്കില്‍ ഞാന്‍ നിസ്സഹായനാണ്.


ഇന്റര്‍‌നെറ്റില്‍ മലയാള ഭാഷയെ സാര്‍‌വ്വത്രികമാക്കുന്നതില്‍ വരമൊഴി എന്ന സോഫ്റ്റ്‌വെയര്‍ വഹിച്ച പങ്ക് സമാനതകള്‍ക്കപ്പുറത്താണ്. താരതമ്യേന പുതിയ ഭാഷയായിട്ടുകൂടി ഭാഷാമൌലികവാദം തൊട്ടുതീണ്ടിയിട്ടില്ലാത്ത ജനതയുടെ വായ്‌മൊഴിയെന്ന നിലയില്‍ മലയാളം അതിന്റെ ദ്രാവിഡവേരുകളറുത്തെറിഞ്ഞ് സ്വാഭാവികവും ശ്രവണസുഖദായിയുമായ സന്ധിനിയമങ്ങളുപേക്ഷിച്ച് ഇംഗ്ലീഷുമായി ചേര്‍ന്ന് ഒരു സങ്കരസ്വഭാവത്തിലേക്ക് കൂടുമാറിയിരുന്നു. ഇംഗ്ലീഷിന്റെയും മലയാളത്തിന്റെയും വാക്യഘടന ‘ഉള്‍ട്ടാ’ ആയിരിക്കുമ്പോഴും മലയാളികള്‍ സംസാരിക്കുന്ന ഓരോ വാചകത്തിലും മലയാള വാക്കുകളേക്കാള്‍ സമൃദ്ധമായി ആംഗലവാണി നിറയാന്‍ തുടങ്ങി. അങ്ങനെയുള്ള സമൂഹത്തിലേക്ക് കമ്പ്യൂട്ടറില്‍ മലയാളമെഴുതാനുള്ള സംവിധാനം അവതരിപ്പിക്കുമ്പോള്‍ അത് മംഗ്ലീഷ് രീതിതന്നെ ആവേണ്ടിയിരുന്നു. അല്ലാത്തപക്ഷം ഇന്നിപ്പോള്‍ കാണുന്ന ജനകീയത മലയാള മുദ്രണ സംവിധാനത്തെ തിരിഞ്ഞുനോക്കില്ലായിരുന്നു.


ഇത്രയും പറഞ്ഞത് ‘വരമൊഴി’ മലയാളഭാഷയ്ക്ക് ചെയ്ത മഹത്തായ സേവനത്തെ വിലമതിക്കുന്നതുകൊണ്ടാണ്. വരമൊഴിക്കൊപ്പം തന്നെ ‘ഇളമൊഴി’, ടാവുല്‍‌സോഫ്റ്റ് കീമാന്‍, മൊഴി കീമാപ്പ്, തുടങ്ങിയ പില്‍ക്കാല സംവിധാനങ്ങളും ഇതേ കര്‍മ്മമനുഷ്ഠിച്ചു. കമ്പ്യൂട്ടറുപയോഗിച്ചുള്ള മലയാളമെഴുത്തിന്റെ ചരിത്രത്തെക്കുറിച്ച് കൂടുതല്‍ അറിയണമെന്നുള്ളവര്‍ക്ക് ഇതേ ബ്ലോഗിലെ മലയാളം ജീവിക്കുന്നത് എന്ന പോസ്റ്റിന് വിശ്വപ്രഭയും സിബുവും മറ്റുമെഴുതിയ മറുമൊഴികള്‍ വായിക്കാം. ശോണിമയുടെ ബ്ലോഗില്‍ ഇതുസംബന്ധിച്ചു നടന്ന ചര്‍ച്ചയും പരിശോധിക്കാം.


എന്നാല്‍ എന്റെ വിഷയം വേറെയാണ്. മലയാളമെഴുതാന്‍ എത്രനാള്‍ നമ്മള്‍ ഗോസായിയുടെ വര്‍ണ്ണമാല ഉപയോഗിക്കണം? മലയാളത്തിന് ഒരക്ഷരമാല നിലവിലുണ്ടല്ലോ. എന്തുകൊണ്ട് ബൈലിങ്വല്‍ കീബോര്‍ഡുകളില്‍ അതുപയോഗിച്ചുകൂടാ? ക എന്ന് തെളിയാന്‍ ‘ക’ എന്ന കട്ട ഞെക്കുന്നതിന് പകരം നാമെന്തിന് ka എന്ന് ടൈപ്പുചെയ്ത് ക എന്ന് ഉപകരണസഹായത്തോടെ ട്രാന്‍സ്ലിറ്ററേറ്റ് ചെയ്യണം? കാ എന്നെഴുതാന്‍ ക എഴുതി ദീര്‍ഘമിടുന്നതിന് പകരം എന്തിന് വെറുതെ kaa എന്നോ kA എന്നോ എഴുതണം?


പറയുന്നതുപോലെ ലളിതമല്ല, കാര്യങ്ങള്‍. ബിലാത്തി മലയാളം പൂര്‍ണ്ണമായും ഉപേക്ഷിച്ച് രക്തശുദ്ധി വരുത്തണം എന്ന നിയോനാസി നിര്‍ബന്ധമല്ല, ഞാന്‍ മുന്നോട്ടുവയ്ക്കുന്നത്. പഴയമട്ടില്‍ മംഗ്ലീഷ് എഴുതി ശീലിച്ചവര്‍ക്ക് പെട്ടെന്നൊരു സുപ്രഭാതത്തില്‍ അതുമാറ്റാന്‍ പ്രയാസമായിരിക്കും. അവരതെല്ലാം ഉപേക്ഷിച്ചിട്ട് മറ്റേതെങ്കിലും സങ്കേതം സ്വീകരിക്കണമെന്ന് പറയാന്‍ ഞാനാളല്ല. എങ്കിലും dwandhayudham, thiruththikkoDukkuka, karyangngaL, aLamuttiyaal, allalillaathe, praznam uLLa vaaKKukaL എന്നിങ്ങനെയൊക്കെ എഴുതേണ്ടിവരുമ്പോള്‍ എത്ര കീ സ്‌ട്രോക്കുകളാണ് വെറുതെ പാഴാക്കുന്നത് ? ഇതേവാക്കുകള്‍ നേരിട്ട് മലയാളത്തില്‍ തന്നെ എഴുതാന്‍ സാധിച്ചാലോ? എത്ര എളുപ്പമാകും കാര്യങ്ങള്‍? കൂട്ടക്ഷരങ്ങള്‍ ഒറ്റ കീ സ്‌ട്രോക്കില്‍ തന്നെ വാര്‍ന്നുവീണെങ്കില്‍ എത്ര രസമായിരുന്നു.


ഹേ, എന്താണ് മിസ്റ്റര്‍ നിങ്ങളീ പറയുന്നത് ? ൨൬ അക്ഷരങ്ങള്‍ മാത്രമുള്ള ഇംഗ്ലീഷ് ആല്‍ഫബെറ്റ് കീബോര്‍ഡില്‍ ഉള്‍‌ക്കൊള്ളിക്കുന്നതുപോലെ അനായാസമായി ഓരോ അക്ഷരത്തിനും ഓരോ കട്ടകള്‍ നല്‍കി മലയാളമെഴുതാനൊക്കുമോ? ന്യായമായ ചോദ്യം. എന്നാല്‍ ഷിഫ്റ്റ്, ആള്‍ട്ട് തുടങ്ങിയ കണ്‍‌ട്രോള്‍ കീകളുടെ സഹായത്തോടെ സുഖമമായി ഇത് ചെയ്യാനാകുമെന്നതാണ് വാസ്തവം. അങ്ങനെ ചെയ്തിട്ടുമുണ്ട്.


പെട്ടെന്നൊരുദിവസം വെളിപാടുമായി വരുന്നതിന്റെ സാംഗത്യമെന്തെന്ന് ചോദ്യമുയരാം. ആദര്‍ശിന്റെ ബ്ലോഗില്‍ യൂണിക്കോഡിനെപ്പറ്റി വന്ന പോസ്റ്റില്‍ കണ്ട ഒരു കമന്റാണ്, ഇക്കാര്യങ്ങള്‍ കുറിച്ചിടേണ്ടതാണ് എന്ന തോന്നലുണ്ടാക്കിയത്. അതില്‍ ബിനു പരവൂര്‍ ഇങ്ങനെ ചോദിക്കുന്നു:

ഈ യൂണികോഡ് ഉപയോഗിച്ച് മങ്ഗ്ലീഷില്‍ മാത്രമേ ടൈപ്പ് ചെയ്യാന്‍ പറ്റുകയുള്ളോ? ഇവിടെ മലയാളം typewriting പഠിച്ചവര്‍ക്ക് യാതൊന്നും അതിലൂടെ നടത്താന്‍ കഴിയില്ലല്ലോ... മങ്ഗ്ലീഷില്‍ ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ വേഗത്തില്‍ മലയാളം typewriting ലൂടെ ടൈപ്പ് ചെയ്യാന്‍ കഴിയും. ഇങ്ങനെ മലയാളം typewriting keyboard ലൂടെ യുണികോഡ് ഉപയോഗപ്പെടുത്തി ടൈപ്പ് ചെയ്യാന്‍ കഴിയുന്ന ഏതെങ്കിലും software ഉള്ളതായി അറിവുണ്ടോ? ഉണ്ടെങ്കില്‍ അതിന്റെ ലിങ്ക് തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു..

ഈ ചോദ്യം വരാന്‍ തന്നെ കാരണം, മംഗ്ലീഷ് ഉപയോഗിച്ച് മലയാളം എഴുതുന്ന രീതിക്ക് മലയാളം യൂണിക്കോഡ് മുദ്രണ സംവിധാനത്തിന്റെ പ്രചാരകര്‍ നല്‍കിയ അമിതപ്രാധാന്യം മൂലം മറ്റ് സങ്കേതങ്ങള്‍ നിലവിലുണ്ട് എന്ന ധാരണ തന്നെ നഷ്ടപ്പെട്ടതാണ്. ഉദാഹരണത്തിന് പുതുതായി ബ്ലോഗുചെയ്യാന്‍ തുടങ്ങുന്നവര്‍ക്കുള്ള വിക്കിയ സഹായത്താളില്‍ എങ്ങനെ മലയാളമെഴുതാം എന്ന് വിശദീകരിച്ചിരിക്കുന്നതു നോക്കൂ.


ഇത് സമയമെടുത്ത് ശ്രദ്ധയോടെ അവിടെ എഴുതിയിട്ടയാളെ തീര്‍ച്ചയായും ബഹുമാനിക്കണം. കാരണം, അങ്ങനെ ചെയ്യാന്‍ ആരും അയാള്‍ക്ക് ശമ്പളം കൊടുക്കുന്നില്ല. നേരത്തെ പറഞ്ഞതുപോലെ ഇത്രയധികം പേര്‍ ഇന്ന് കണിപ്പൊരി മലയാളം ഉപയോഗിക്കുന്നതിന് നന്ദി പറയേണ്ടത് ഇവരെയൊക്കെ തന്നെയാണ്. തന്നെയുമല്ല, ഇതു വരമൊഴിയെ പരിചയപ്പെടുത്താനുദ്ദേശിച്ചുള്ള പേജാണ്. എന്നിരുന്നാലും മലയാളമെഴുതാന്‍ മറ്റുമാര്‍ഗ്ഗങ്ങളുമുണ്ട് എന്ന് മനസ്സിലാക്കാന്‍ ഇതുകൊണ്ട് കഴിയില്ല എന്നൊരു ന്യൂനത ഇതിന് തീര്‍ച്ചയായും ഉണ്ട്. ഇത് നേരാംവണ്ണം ലോഗിന്‍ ചെയ്ത ശേഷം ആര്‍ക്കും തിരുത്താവുന്ന വിവരമാണ് എന്ന വസ്തുത നിലനില്‍ക്കുന്നു. എന്നാല്‍ നാളിതുവരെയായിട്ടും ഈ വാചകമടിക്കുന്ന ഞാനുള്‍പ്പടെ ആരും അതിനു് മുതിര്‍ന്നിട്ടില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റ് എഴുതേണ്ടിവന്നതും.

(ഈ ലേഖനം പ്രസിദ്ധീകരിച്ച സമയത്തുള്ള വിക്കിയ സഹായത്താളാണ് ഇവിടെ പരാമര്‍ശിച്ചിരുന്നത്. പ്രസ്തുത താളില്‍ പിന്നീട് ആവശ്യമായ തിരുത്തലുകള്‍ നടത്തിയിട്ടുണ്ടു് : ലേഖകന്‍ )

ഇനി പരാമര്‍ശിതമായ സംശയത്തിലേക്കു് പോകാം. മലയാളം ടൈപ്പ് റൈറ്റിംഗ് പഠിച്ചവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന കീബോര്‍ഡ് നിലവിലുണ്ടോ എന്നതാണാ ചോദ്യം. ഇതിന് ഏതുകമ്പനിയുടെ മെഷീന്‍ ഉപയോഗിച്ചാണ് മലയാളം ടൈപ്പ് ചെയ്യാന്‍ പഠിച്ചത് എന്ന മറുചോദ്യം വരും. മലയാളത്തിന് മാനകമായ ഒരു ടൈപ്പ്‌റൈറ്റിംഗ് കീബോര്‍ഡ് ഇല്ലായിരുന്നു. റെമിങ്ടണ്‍, വെരിറ്റൈപ്പര്‍ എന്നീ കമ്പനികളിറക്കിയ വ്യത്യസ്തമായ കീബോര്‍ഡുകളാണ് പ്രചാരത്തില്‍ മുമ്പിലുണ്ടായിരുന്നത്. മറ്റ് കീബോര്‍ഡുകളും ഉണ്ടായിരുന്നെങ്കിലും ഇത്രത്തോളം ഉപയോഗത്തിലിരുന്നിട്ടില്ല. എന്നാല്‍ അതുപയോഗിക്കുമ്പോള്‍ റ്റ എന്നെഴുതുന്നത് റ്‌റ എന്നാവും. കപ്പപ്പുഴുക്കു് എന്നെഴുതേണ്ടിടത്ത് കപ്‌പപ്‌പ‌ുഴ‌ുക്‌ക‌ു് എന്നാവും പ്രിന്റ് ചെയ്യുക. അക്ഷരാര്‍ത്ഥത്തില്‍ അസംബന്ധമലയാളം!


ഇതിനൊരറുതി വന്നത് കമ്പ്യൂട്ടറുകളുടെ വരവോടെയാണ്. പത്രമോഫീസുകളില്‍ ആദ്യം ഫോട്ടോ കമ്പോസിംഗ് മെഷീന്‍ വന്നു. തൊട്ടുപിറകെ ഡി.ടി.പി.യും ഓഫ്‌സെറ്റ് അച്ചടിയും വന്നു. ഇന്ത്യയിലെ പ്രധാനഭാഷകള്‍‌ക്കെല്ലാം പൊതുവായുപയോഗിക്കാവുന്ന ലിപിവിന്യാസം സി-ഡാക് വികസിപ്പിച്ചെടുത്തു. ദേവനാഗരിയാണ് ഇതിന് അടിസ്ഥാനമായി ഉപയോഗിച്ചത്. പുരാതനമായ ബ്രഹ്മി സ്ക്രിപ്റ്റില്‍ നിന്ന് വികസിച്ചുവന്നവയാണ് ഭാരതത്തിലെ ൨൨ അംഗീകൃത ഭാഷകളിലുപയോഗിക്കുന്ന ൧൦ തരം സ്ക്രിപ്റ്റുകള്‍. അതുകൊണ്ടുതന്നെ ഇന്‍ഡിക് ഭാഷകള്‍‌ക്കെല്ലാം ഇന്‍സ്ക്രിപ്റ്റ് എന്ന ഈ രീതി പൊതുവായി ഉപയോഗിക്കാനാവുന്നതായിരുന്നു.


മലയാളമടക്കം എല്ലാ ഇന്ത്യന്‍ ഭാഷകളിലും ഇന്‍സ്ക്രിപ്റ്റ് രീതി അനുസരിച്ച് ടൈപ്പ് ചെയ്യാന്‍ സഹായിക്കുന്ന വേറെയും യൂട്ടിലിറ്റി സോഫ്റ്റ്‌വെയറുകള്‍ വികസിച്ചുവന്നു. പല കമ്പനികളും തങ്ങളുടെ സ്വന്തം ലിപിവിന്യാസമടങ്ങുന്ന കീബോര്‍ഡുകളോടൊപ്പം ഇന്‍സ്ക്രിപ്റ്റ് അധിഷ്ഠിത കീബോര്‍ഡുകളും നല്‍കി. ഇതിന് ഏറ്റവും നല്ല ഉദാഹരണം സൂപ്പര്‍‌സോഫ്റ്റ് തൂലികയാവും. റെമിങ്ടണ്‍, വെരിറ്റൈപ്പര്‍, ഫണറ്റിക്‍, സ്ക്രിപ്റ്റ്, വെരിറ്റൈപ്പര്‍ ഫണറ്റിക്‍ എന്നിങ്ങനെ അഞ്ചുതരം കീബോര്‍ഡ് ലേഔട്ടുകളുപയോഗിച്ച് ടൈപ്പ് ചെയ്യാനുള്ള സൌകര്യം തൂലിക ഉപഭോക്താക്കള്‍ക്ക് നല്‍കി. തൂലികയുടെ ഫണറ്റിക്‍ കീബോര്‍ഡ് സി-ഡാകിന്റെ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡിനോട് ഏറെക്കുറെ സമാനമാണ്. മൂന്നോ നാലോ അക്ഷരസ്ഥാനങ്ങള്‍ മാത്രമേ വ്യത്യാസമുള്ളൂ. വെരിറ്റൈപ്പര്‍ ഫണറ്റിക്‍ ആവട്ടെ, സൂപ്പര്‍‌സോഫ്റ്റിന്റെ പ്രൊപ്രൈറ്ററി കീബോര്‍ഡ് ആണ്. വെരിറ്റൈപ്പറിന്റെയും ഇന്‍സ്ക്രിപ്റ്റിന്റെയും സങ്കരമായ ഈ കീബോര്‍ഡ് ഉപയോഗിച്ചാല്‍ വലിയ വേഗത ലഭിക്കുമെന്ന് അത് ശീലിച്ചവര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ ഇതിനെ അപേക്ഷിച്ച് ഇന്‍സ്ക്രിപ്റ്റ് ശീലിക്കുന്നതിന്റെ മെച്ചം, ഫോണ്ട് ഉള്ള പക്ഷം മറ്റ് ഇന്ത്യന്‍ ഭാഷകളിലും ടൈപ്പ് ചെയ്യാനാവും എന്നതുതന്നെ. അതായത് തമിഴടിക്കാനും തെലുങ്കടിക്കാനും ഹിന്ദിയടിക്കാനും ബംഗാളിയടിക്കാനുമൊന്നും വേറെവേറെ കീബോര്‍ഡുകള്‍ പഠിക്കേണ്ടതില്ലെന്നര്‍ത്ഥം. തന്നെയുല്ല, പലയിടങ്ങളില്‍ കമ്പ്യൂട്ടറുപയോഗിക്കയും അവിടങ്ങളിലൊക്കെ പല സോഫ്റ്റ്‌വെയര്‍ വെന്‍ഡര്‍മാര്‍ വികസിപ്പിച്ച വേറെ വേറെ സങ്കേതങ്ങളുപയോഗിച്ച് മലയാളം / മറ്റ് ഇന്ത്യന്‍ ഭാഷകള്‍ ടൈപ്പ് ചെയ്യേണ്ടിവരികയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും പൊതുവായി നല്‍കുന്ന ഒരു കീബോര്‍ഡ് ലേഔട്ട് എന്ന നിലയില്‍ ഇന്‍സ്ക്രിപ്റ്റിന് മേല്‍‌ക്കൈയുണ്ടാവുക സ്വാഭാവികം.


എന്നാല്‍ ഇന്‍സ്ക്രിപ്റ്റിനും പരിമിതികളുണ്ടായിരുന്നു. മറ്റ് ഇന്ത്യന്‍ ഭാഷകള്‍ക്കില്ലാത്ത ചില കൂട്ടിച്ചേര്‍പ്പുകള്‍ മലയാളത്തിനുണ്ട്. മീത്തല്‍, ചന്ദ്രക്കല, ചില്ല്, സംവൃതോകാരം, ചിലചില കൂട്ടക്ഷരങ്ങള്‍ തുടങ്ങിയവ മലയാളത്തിന്റെ പ്രത്യേകതകളാണ്. സംസ്കൃതശ്ലോകങ്ങള്‍ മലയാളത്തിലെഴുതുമ്പോള്‍ പ്രശ്ലേഷം പോലുള്ള ചിഹ്നങ്ങളും ഉപയോഗിക്കേണ്ടതായി വരുന്നു. അതുകൂടി മുന്നില്‍കണ്ട് അവയ്ക്കുകൂടി സ്ഥാനംകല്‍പ്പിച്ചുകൊണ്ടുള്ള വിപുലീകൃത ലിപിവിന്യാസം ലഭ്യമാക്കാന്‍ പക്ഷെ സി-ഡാക് കൂട്ടാക്കിയില്ല. ഭാഷാപോഷണത്തിന് പകരം ഈ സര്‍ക്കാര്‍ സ്ഥാപനം വാണിജ്യ പ്രോജക്‌ടുകളിലേയ്ക്ക് ശ്രദ്ധ തിരിച്ചു. വേറെ നിവൃത്തിയില്ലാത്തതിനാല്‍ പത്രമോഫീസുകളിലെ പേനയുന്തുകാരും സ്വകാര്യ ഡിടിപി സ്ഥാപനങ്ങളിലെ ജോലിക്കാരും മാത്രം ഇന്‍സ്ക്രിപ്റ്റ് പഠിച്ച് മലയാളമെഴുതാന്‍ തുടങ്ങി.


ISCII (Indian script code for information interchange) / ASCII (American Standard code for information interchange) അടിസ്ഥാനമാക്കിയുള്ള ഫോണ്ടുകള്‍ കോംപ്ലക്സ് സ്ക്രിപ്റ്റുകള്‍ പ്രദര്‍ശിപ്പിക്കാന്‍ ഫോണ്ട് ഹൈജാക്കിംഗ് നടത്തിയിരുന്നിടത്ത് യൂണിക്കോഡ് വന്നപ്പോള്‍ എല്ലാ ഭാഷകളിലെയും മുഴുവന്‍ അക്ഷരങ്ങള്‍ക്കും ശരിയായ ഇരിപ്പിടം കിട്ടി. ഇതിന്റെ പ്രധാനപ്പെട്ട ഗുണം, മുമ്പ് ഒരു ഫോണ്ടിലെഴുതുന്നത് അതേ ഫോണ്ടില്ലാത്ത കമ്പ്യൂട്ടറില്‍ വായിക്കാന്‍ പറ്റാഞ്ഞ സാഹചര്യം മാറിയിട്ട് എതെങ്കിലും ഒരു യൂണിക്കോഡ് ഫോണ്ടു് സിസ്റ്റത്തില്‍ ഉള്ളപക്ഷം അതുവായിക്കാനാവുന്ന അവസ്ഥ വന്നു എന്നതാണ്. കൂടാതെ പ്രാദേശിക ഭാഷയില്‍ തിരച്ചില്‍ (search) സൌകര്യവും നിലവില്‍ വന്നു.


ഇതോടുകൂടി കണിപ്പൊരി (computer) ഉപയോഗിക്കുന്നവര്‍ക്ക് ഇതിനോടകം വ്യാപകമായ ഇണയത്തിന്റെ (internet) സഹായത്തോടെ പ്രാദേശിക ഭാഷയില്‍ തന്നെ കൊച്ചുവര്‍ത്തമാനം പറയാമെന്നും (chatting) മിന്നഞ്ചയക്കാമെന്നും (e-mail) വന്നു. ഇതൊക്കെ ചെയ്യുന്നതിന് ഫോണ്ടുകളും യൂട്ടിലിറ്റി സോഫ്റ്റ്‌വെയറുകളും ആവശ്യമായി വന്നു. പലര്‍ ചേര്‍ന്ന് അവയൊക്കെ വികസിപ്പിച്ചു. അപ്പോഴത്തെ പ്രധാന പ്രശ്നം ഇന്‍സ്ക്രിപ്റ്റ് വശമില്ലാത്തവര്‍ക്ക് എങ്ങനെ മലയാളം ടൈപ്പ് ചെയ്യാനാവും എന്നതായിരുന്നു. അതിനുള്ള ഉത്തരം കൂടിയായിരുന്നു വരമൊഴിയും അനുബന്ധ സോഫ്റ്റ്‌വെയറുകളും.


ലോജിക്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇന്റലിജന്റ് കീബോര്‍ഡിന്റെ ആദ്യപഥികനായിരുന്നു വരമൊഴിയെന്ന് വിശേഷിപ്പിക്കാം. ഗൂഗിളിന്റെ ഇന്‍ഡിക് ട്രാന്‍സ്ലിറ്ററേഷന്‍ സ്കീമില്‍ വരമൊഴിയേക്കാള്‍ അനായാസമായി ഇന്ന് ഇംഗ്ലീഷ് ആല്‍ഫബെറ്റ് ഉപയോഗിച്ച് മലയാളമെഴുതാമെന്ന് വന്നിട്ടുണ്ട്. പഠിക്കാന്‍ വളരെ എളുപ്പമാണെന്നുള്ളത് ഇതിന്റെ പ്രയോജനപരത വര്‍ദ്ധിപ്പിക്കുന്നു. ചുരുക്കത്തില്‍ സൌകര്യപ്രദമായ ഒരു രീതി, വളരെ ബുദ്ധിമുട്ടൊന്നുംകൂടാതെ സ്വായത്തമാക്കാനാവുന്ന ഒരു കുറുക്കുവിദ്യ, അതാണ് വരമൊഴിയെ ഇത്രമേല്‍ ജനകീയമാക്കിയത്.


കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഒരു ചോദ്യം പിന്നെയും വരുന്നു. മലയാള അക്ഷരങ്ങള്‍ എഴുതിപ്പഠിക്കേണ്ടത് മലയാള അക്ഷരമാല ഉപയോഗിച്ചുതന്നെയല്ലേ? നാളെ ഒരുപക്ഷെ പേപ്പറും പേനയും ഉപയോഗിച്ചുള്ള എഴുത്ത് ഏതാണ്ട് പൂര്‍ണ്ണമായും തന്നെ കമ്പ്യൂട്ടര്‍ എയ്‌ഡഡ് ആയ എഴുത്തിലേക്ക് വഴിമാറിയേക്കാം. (ഞാന്‍ തന്നെ പെട്ടെന്ന് എന്തെങ്കിലും കുറിച്ചെടുക്കേണ്ടിവരുമ്പോള്‍ മാത്രമാണ് പേനയും പേപ്പറും ഉപയോഗിക്കുന്നത്. അല്ലാതുള്ള എഴുത്തെല്ലാം ഇംഗ്ലീഷായാലും മലയാളമായാലും കമ്പ്യൂട്ടറില്‍ തന്നെ. റഫ് വര്‍ക്‍ പോലും പേപ്പറില്‍ ചെയ്യാറില്ല.) അങ്ങനെ വരുമ്പോള്‍ മലയാള അക്ഷരങ്ങള്‍ എഴുതാന്‍ ഇംഗ്ലീഷ് വര്‍ണ്ണമാല ഉപയോഗിക്കുന്നത് ദൂരവ്യാപകമായ ദോഷം ചെയ്യില്ലേ? മലയാളം മലയാളത്തിലെഴുതാന്‍ കഴിയില്ലെങ്കില്‍ പിന്നെയെന്തിനാണ് ഇങ്ങനെയൊരു അക്ഷരക്കൂട്ടം എന്ന് ആര്‍‌ക്കെങ്കിലും തോന്നിയാല്‍ കുറ്റപ്പെടുത്താന്‍ പറ്റുമോ? എങ്കില്‍ പിന്നെ നേരിട്ട് ഇംഗ്ലീഷ് തന്നെ ഉപയോഗിച്ചാല്‍ പോരെ?


ഈ ചോദ്യങ്ങള്‍ ഞാന്‍ പലരോടും ചോദിച്ചു. പല മറുപടികള്‍ കിട്ടി. താത്കാലികമായ പ്രായോഗികതയില്‍ മാത്രം ഊന്നിക്കൊണ്ടുള്ള മറുവാദങ്ങളായിരുന്നു ഉത്തരമായി ലഭിച്ചത്. മലപ്പുറത്ത് അക്ഷയ പദ്ധതിയുടെ ഭാഗമായി വൃദ്ധരെ കമ്പ്യൂട്ടിംഗ് പഠിപ്പിച്ചപ്പോള്‍ അവരെ ആദ്യം ഇന്‍സ്ക്രിപ്റ്റ് രീതി ശീലിപ്പിക്കാന്‍ ശ്രമിച്ചതായും, അയ്യോ, ഇതൊന്നും പറ്റില്ലേ എന്നു പറഞ്ഞ് അവര്‍ ഒഴിഞ്ഞപ്പോള്‍ വരമൊഴി പരിശീലിപ്പിച്ചതായും, അവരത് പെട്ടെന്ന് പഠിച്ചെടുത്തതായുമായിരുന്നു ഒരു ഉദാഹരണം. മറ്റൊന്ന് കനവിലെ കൂട്ടുകാരെ മലയാളം ടൈപ്പ് ചെയ്യാന്‍ പഠിപ്പിച്ച അനുഭവകഥയായിരുന്നു. ഇവിടെയൊക്കെ തുടക്കത്തിലുള്ള എളുപ്പം മാത്രമായിരുന്നു, മാനദണ്ഡം.


ഇതുപറയുമ്പോള്‍ ഇത്രകൂടി പറയേണ്ടിവരും. ഇംഗ്ലീഷ് ആല്‍ഫബെറ്റ് പഠിക്കാന്‍ താരതമ്യേന എളുപ്പമാണ്. A മുതല്‍ Z വരെയുള്ള ലെറ്റേഴ്‌സ് ഒരു തെറ്റും വരുത്താതെ പുഷ്പംപോലെ നാമെഴുതും. എന്നാല്‍ മലയാളം അക്ഷരമാല പൂര്‍ണ്ണമായും എഴുതാന്‍ അറിയാത്ത എത്രയോ മലയാളികള്‍ കാണും. സംശയം തീര്‍ക്കാന്‍ ഇതുവായിക്കുന്ന ഓരോരുത്തര്‍ക്കും ഒരു പേപ്പറും പേനയുമെടുത്ത് അതൊന്ന് എഴുതിനോക്കാവുന്നതാണ്. 98% പേരും പരാജയപ്പെടാനാണ് സാധ്യത. (ഞാനുള്‍‌പ്പടെ!) എന്നുവച്ച് നമ്മള്‍ പള്ളിക്കൂടങ്ങളില്‍ മലയാള അക്ഷരങ്ങള്‍ പഠിപ്പിക്കുന്നത് പൂര്‍ണ്ണമായും നിര്‍ത്തി പകരം ഇംഗ്ലീഷ് വര്‍ണ്ണമാല മാത്രമേ പഠിപ്പിക്കുന്നുള്ളോ?


കാലങ്ങളായി ഇംഗ്ലീഷ് കീബോര്‍ഡുമായി പരിചയമുള്ള ഒരു കമ്പ്യൂട്ടര്‍ ഉപഭോക്താവിന് qwerty layout അനായാസമാകും. ഓരോ ലെറ്ററും ഏതേതൊക്കെ സ്ഥാനങ്ങളിലാണെന്ന് വിരലുകള്‍ക്ക് നല്ല തിട്ടമാകും. അതായത്, നാഢീവ്യൂഹം വഴി തലച്ചോര്‍ നല്‍കുന്ന നിര്‍‌ദ്ദേശങ്ങള്‍ക്കനുസരിച്ച് വിരലങ്ങനെ ഒഴുകിനടക്കും. ആദ്യമായി ഇത് കൈയില്‍ കിട്ടിയപ്പോള്‍ പക്ഷെ അത്രയെളുപ്പമായിരുന്നോ? അല്ല. അപ്പോള്‍ ഇടത്തെ ചൂണ്ടുവിരല്‍ Fലും വലത്തെ ചൂണ്ടൂവിരല്‍ Jയിലും ഇടത്തെ ചെറുവിരല്‍ Aയിലും വലത്തെ ചെറുവിരല്‍ semicolon –ലും വച്ച് കുറഞ്ഞത് ഒരാഴ്ചയെങ്കിലും മെനക്കെട്ടിട്ടാവണമല്ലോ ഈ സ്ഥാനങ്ങള്‍ മനസ്സിലാക്കിയെടുത്തത്. (ഞാന്‍ ടൈപ്പ് റൈറ്റിംഗ് പഠിച്ചിട്ടില്ല. പക്ഷെ ബ്രെയിലി ഉപയോഗിക്കുന്നവര്‍ക്കായി എല്ലാ കീബോര്‍ഡിലും F, J എന്നീ അക്ഷരങ്ങളില്‍ ഒരു തടിപ്പുണ്ടെന്നും ഇവിടെയാണ് ചൂണ്ടുവിരലുകള്‍ വിശ്രമിക്കേണ്ടതെന്നും ഉള്ള അടിസ്ഥാന വിവരം എനിക്കുണ്ടായിരുന്നു. അതു് പൊതുധാരണയാണു് എന്ന വിചാരത്തിലാണു് ഇതെഴുതുന്നതു്.)


ഇംഗ്ലീഷ് അക്ഷരസ്ഥാനങ്ങള്‍ സ്വായത്തമാക്കിയതുപോലെ അല്‍പ്പം മെനക്കെട്ടാല്‍ സ്വായത്തമാക്കാവുന്നതേയുള്ളൂ, ഇന്‍സ്ക്രിപ്റ്റ് രീതിയിലുള്ള മലയാള അക്ഷരസ്ഥാനങ്ങളും. ഇങ്ങനെ ഒരാഴ്ച കഷ്ടപ്പെടാനുള്ള മടിയാണ്, ഈ രീതി പഠിക്കുന്നതില്‍ നിന്ന് നമ്മളെ അകറ്റി നിര്‍ത്തുന്നത്. ഇന്‍സ്ക്രിപ്റ്റില്‍ അക്ഷരവിന്യാസത്തിന് ഒരു സീക്വന്‍സ് ഉണ്ട്. വിരലുകള്‍ മുകളിലേക്കും താഴേക്കും ചലിപ്പിച്ച് വളരെ പെട്ടെന്ന് ഈ സീക്വന്‍സ് മനസ്സിലാക്കിയെടുക്കാനാവും. തീര്‍ത്തും ലളിതമായ ഒരു താളാത്മക വിന്യാസമാണത്. കീബോര്‍ഡ് ലേഔട്ടിന്റെ ചിത്രം നോക്കി സംശയമുള്ള സ്ഥാനങ്ങള്‍ എവിടെയാണെന്ന് ഉറപ്പിക്കാമെങ്കിലും, കുറേക്കൂടി നല്ല മാര്‍ഗ്ഗം, Trial & Error –ലൂടെ ഈ സ്ഥാനങ്ങള്‍ കണ്ടെത്തുന്നതാവും. കാരണം, നമ്മുടെ കമ്പ്യൂട്ടറിനൊപ്പമുള്ള കീബോര്‍ഡില്‍ മലയാള അക്ഷരങ്ങള്‍ എഴുതിയിട്ടില്ല. അവിടെ എഴുതിഒട്ടിക്കാന്‍ പോയാല്‍ കീബോര്‍ഡ് വൃത്തികേടാകും. അതിന്റെ ആവശ്യവുമില്ല.


പുതുതായി മലയാളമെഴുതാന്‍ പഠിക്കുന്ന ഒരാളെ സംബന്ധിച്ച് മംഗ്ലീഷ് കീബോര്‍ഡ് പഠിക്കുന്നതിലും നന്ന് ഇന്‍സ്ക്രിപ്റ്റ് ശീലിക്കുകയാണെന്ന് ഞാന്‍ പറയും. ഇത് പറയുന്നത് പലതരം കീബോര്‍ഡുകള്‍ ഉപയോഗിച്ച് പരിക്ഷിച്ചയാളെന്ന നിലയിലാണ്. ഞാന്‍ മംഗ്ലീഷിലും ഇന്‍സ്ക്രിപ്റ്റിലും മിന്‍സ്ക്രിപ്റ്റിലും മറ്റുപല ലേഔട്ടുകളിലും മലയാളം എഴുതിയിട്ടുണ്ട്. ആസ്കി ഫോണ്ടുകള്‍ മാത്രം ലഭ്യമായിരുന്ന കാലത്തും ജോലിയുടെ ഭാഗമായി എനിക്ക് മലയാളം കീബോര്‍ഡുകള്‍ ഉപയോഗിക്കേണ്ടിയിരുന്നു. കുറെക്കാലം സെറിഫെഡില്‍ പബ്ലിക് റിലേഷന്‍സ് ജോലി നോക്കിയ സമയത്ത് സര്‍ക്കാര്‍ ഓഫീസുകളില്‍ മാത്രമുള്ള തോംസണ്‍സ് എന്ന ഒരു കമ്പനിയുടെ സോഫ്റ്റ്‌വെയറായിരുന്നു ഉപയോഗിച്ചിരുന്നത്. യൂസ്‌ലെസ് എന്ന് എനിക്കതിനെ വിളിക്കാന്‍ തോന്നിയിട്ടുണ്ട്. അതിനു മുമ്പ് സി-ഡാകിന്റെ കീബോര്‍ഡ് ഉപയോഗിച്ചിട്ടുണ്ട്. പിന്നീട് തൂലിക ഉപയോഗിച്ചിട്ടുണ്ടു്. അതിനും ശേഷം വരമൊഴി ഉപയോഗിച്ചിട്ടുണ്ട്‌. ഒടുവില്‍ മിന്‍സ്ക്രിപ്റ്റും ഉപയോഗിച്ചിട്ടുണ്ട്. ഓരോ തവണയും ഓരോപുതിയ കീബോര്‍ഡ് ഉപയോഗിച്ച് തുടങ്ങുമ്പോള്‍ പെട്ടെന്ന് ഒരു കണ്‍ഫ്യൂഷനൊക്കെ ഉണ്ടാകും. രണ്ടോ മൂന്നോ ദിവസംകൊണ്ട് അതൊക്കെ മാറി പുതിയ ലിപിവിന്യാസവുമായി പൊരുത്തപ്പെടും.


ഇന്‍സ്ക്രിപ്റ്റിന് ചില പോരായ്മകളുണ്ടെന്ന് ഞാന്‍ മുമ്പ് പറഞ്ഞല്ലോ. ഇന്‍സ്ക്രിപ്റ്റ് ബേസില്‍ ആ പോരായ്മകള്‍ ഒരുപരിധിവരെ പരിഹരിച്ചുകൊണ്ട് ഇറങ്ങിയ കീബോര്‍ഡാണ് മിന്‍സ്ക്രിപ്റ്റ്. ടാവുല്‍‌സോഫ്റ്റ് കീമാന്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഏതു സിസ്റ്റത്തിലും രചന അക്ഷരവേദിയുടെ മിന്‍സ്ക്രിപ്റ്റ് കൂടി ഇന്‍സ്റ്റാള്‍ ചെയ്യാം. അപ്പോള്‍ പിന്നെ ഏതു പ്രോഗ്രാമിലും നേരിട്ട് മലയാളം ടൈപ്പ് ചെയ്യാം. സംവൃതോകാരത്തിനും* ല്‍, ള്‍, ര്‍, ണ്‍ എന്നീ ചില്ലുകള്‍ക്കും ക്ക, ങ്ങ, ത്ത തുടങ്ങിയ ചില കൂട്ടക്ഷരങ്ങള്‍ക്കും കൃത്യമായ സ്ഥാനങ്ങള്‍ മിന്‍സ്ക്രിപ്റ്റില്‍ നല്‍കിയിട്ടുണ്ട്. ഇന്‍സ്ക്രിപ്റ്റില്‍ നിന്ന് വിഭിന്നമായി ചില അക്ഷരങ്ങള്‍ സ്ഥാനം മാറ്റിയിട്ടിട്ടുണ്ട്. എന്നാല്‍ പ്രോഗ്രാമിനൊപ്പം നല്ല ഡോക്യൂമെന്റേഷന്‍ ലഭിക്കാത്തത് മിന്‍സ്ക്രിപ്റ്റിന്റെ അകാലചരമത്തിന് ഇടയാക്കിയെന്ന് വേണം അനുമാനിക്കാന്‍. ഉദാഹരണത്തിന് ക്‍ എന്ന ചില്ലിന്റെ സ്ഥാനം, zwj, zwnj, non joiner ചന്ദ്രക്കല തുടങ്ങിയവ മിന്‍സ്ക്രിപ്റ്റില്‍ എവിടെയാണ് മാപ്പ് ചെയ്തിരിക്കുന്നതെന്ന് ഏറെക്കാലം അതുപയോഗിച്ചിട്ടും, എനിക്ക് മനസ്സിലാക്കി എടുക്കാനായില്ല. ആരോടെങ്കിലും ചോദിക്കാമെന്ന് വച്ചാല്‍, അതുപയോഗിക്കുന്നവരെ കണ്ടുകിട്ടാന്‍ തന്നെ പ്രയാസം. (*സംവൃതോകാരം ഇപ്പോള്‍ ആരും അത്രയ്ക്കങ്ങ് ഉപയോഗിക്കുന്നില്ല എന്നത് വേറെ കാര്യം. എന്നിരിക്കലും, മിക്ക വാക്കുകളും ചന്ദ്രക്കലയിട്ട് നിര്‍ത്തുമ്പോള്‍ കിട്ടുന്ന ഉച്ചാരണം ചില്ലിന്റെ സ്വഭാവമുള്ളതാവും. സ്വാഭാവിക മലയാള ഉച്ചാരണം സംവൃതോകാരം ഉപയോഗിക്കുമ്പോഴാണ് എഴുത്തില്‍ പ്രകടമാകുക. കുടിപ്പള്ളിക്കൂടത്തില്‍ മലയാളമെഴുതാന്‍ പഠിച്ചവര്‍‌ക്കെങ്കിലും ഇത് മനസ്സിലാവുമല്ലോ. ഉച്ചരിക്കുന്നതുപോലെ എഴുതുന്ന ഭാഷയാണല്ലോ, മലയാളം)


പിന്നീട് ഞാനുപയോഗിച്ചത് സി-ഡിറ്റ് സൌജന്യമായി വിതരണം ചെയ്യുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയറായ നിളയും കാവേരിയുമാണ്. ഇന്‍സ്ക്രിപ്റ്റ് ലേഔട്ടാണ് ഇവയ്ക്ക് രണ്ടിനുമെന്നാലും അക്ഷരസ്ഥാനങ്ങളില്‍ ചില വ്യത്യാസങ്ങള്‍ രണ്ടും തമ്മിലുണ്ട്. മലയാള അക്കങ്ങള്‍ ഇതുപയോഗിച്ച് ടൈപ്പ്‌ ചെയ്യുക എന്നത് വ്യാമോഹം മാത്രമാണ്. നിള ഒരു ടെക്സ്റ്റ് എഡിറ്റിങ് യൂട്ടിലിറ്റിയാണ്. മറ്റ് പ്രോഗ്രാമുകളില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ നിളകൊണ്ട് കഴിയുകയില്ല. ധാരാളം ബഗ്ഗുകള്‍ ഉണ്ടുതാനും. നോണ്‍ ജോയിനറിന്റെ ഉപയോഗവും രണ്ടിലും കാര്യക്ഷമല്ലെന്നാണ് അനുഭവം. കാവേരിയാകട്ടെ സ്റ്റാന്‍ഡ് എലോണ്‍ ആയി അവര്‍ തരില്ല. ഒരു ഡൌണ്‍‌ലോഡ് ലിങ്ക് ക്ലിക്ക് കേരള സൈറ്റില്‍ ഉണ്ടെങ്കിലും മര്യാദക്കൊരു സര്‍വ്വര്‍ സൌകര്യം പോലും അവര്‍ ഒരുക്കിയിട്ടില്ല. തന്നെയുമല്ല, മലയാളം ഓപ്പണ്‍ ഓഫീസ് ഇതിനൊപ്പം ബണ്ടില്‍ഡ് ആയി വരും. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ നാമം പറഞ്ഞ് കുറേപ്പേര്‍ക്ക് ജോലി ഉണ്ടാക്കാനുള്ള എക്സ്ക്യൂസ് എന്ന് ഇവരെപ്പറ്റി ഒരിക്കല്‍ കൈപ്പള്ളി പറഞ്ഞത് എത്ര ശരി!


ഇതാ ഞാനിപ്പോള്‍ ഈ പോസ്റ്റെഴുതാന്‍ ഉപയോഗിക്കുന്നത് ആള്‍ട്ട് മോഡിഫയര്‍ ഉപയോഗിച്ച് ഇന്‍സ്ക്രിപ്റ്റിനെ വിപുലപ്പെടുത്തിയ കീബോര്‍ഡാണ്. രണ്ടുദിവസമേ ആയുള്ളൂ ഞാനിത് ഉപയോഗിച്ചുതുടങ്ങിയിട്ട്. ഇതേ വരെ ഉപയോഗിച്ചിരുന്ന സകല കീബോര്‍ഡുകളെയും അപേക്ഷിച്ച്, ഇതിന് ഒട്ടേറെ മെച്ചങ്ങള്‍ എനിക്ക് അനുഭവപ്പെടുന്നു. എന്നാല്‍ വേഗതയില്‍ കുറവു വന്നിട്ടുണ്ട്. അത് കൂട്ടക്ഷരങ്ങള്‍ക്ക് നല്‍കിയ സ്ഥാനങ്ങള്‍ പുതുതായി മനസ്സിലാക്കിക്കൊണ്ടിരിക്കുന്നതിനാലാണ്. ഒരാഴ്ചയ്ക്കകം ഇതില്‍ നല്ല വേഗത കൈവരിക്കാനാവുമെന്ന് എനിക്ക് വിശ്വാസമുണ്ട്.


നേരത്തെ ഞാനുപയോഗിച്ചുകൊണ്ടിരുന്ന മറ്റൊരു കീബോര്‍ഡില്‍ ഈ സൌകര്യം ഉണ്ടായിരുന്നുവെങ്കിലും, അക്ഷരങ്ങള്‍ വേറെ സ്ഥാനത്തായിരുന്നു. തന്നെയുമല്ല, ആ കീബോര്‍ഡ് നല്‍കിയ സോഫ്റ്റ്‌വെയറിന് ഇപ്പോഴും ആസ്കി സപ്പോര്‍‌ട്ടേയുള്ളൂ. യൂണിക്കോഡ് സപ്പോര്‍ട്ടുമായി വന്ന സോഫ്റ്റ്‌വെയറുകളിലൊന്നും, ഇടയ്ക്ക് ലിങ്ക് കീ അടിക്കാതെ എല്ലാ കൂട്ടക്ഷരങ്ങളും ലഭിക്കുന്നില്ലല്ലോ എന്ന സങ്കടവുമായി ഇരിക്കുമ്പോഴാണ് യാദൃശ്ചികമായി ആദര്‍ശിന്റെ ബ്ലോഗില്‍ മേല്‍പ്രസ്താവിച്ച ചോദ്യം കാണുന്നതും, തുടര്‍ന്ന് റാല്‍മിനോവിന്റെ ബ്ലോഗില്‍ നിന്ന് ഈ കീബോര്‍ഡ് ലഭിക്കുന്നതും. (മുകളില്‍ ചേര്‍ത്ത ഹൈപ്പര്‍ലിങ്കില്‍ ക്ലിക്ക് ചെയ്ത് റാല്‍മിനോവിന്റെ പോസ്റ്റ് വായിച്ച്, കീബോര്‍ഡ് ലേഔട്ടിന്റെ ചിത്രം കണ്ട് ഇഷ്ടമാകുന്ന പക്ഷം അതേ പോസ്റ്റിന്റെ അടിയില്‍ കീബോര്‍ഡ് ഡൌണ്‍‌ലോഡ് ചെയ്യാനുള്ള ലിങ്ക് നല്‍കിയിട്ടുണ്ട്. കമ്പ്യൂട്ടറില്‍ അത്ര പരിജ്ഞാനമില്ലാത്തവര്‍ക്ക് അത് ആക്ടിവേറ്റ് ചെയ്യാന്‍ പ്രയാസമുണ്ടാവാതെ ഇരിക്കുന്നതിലേക്കായി ഞാന്‍ കമന്റിലൂടെ ആവശ്യപ്പെട്ട പ്രകാരം, ആ പ്രക്രിയ റാല്‍മിനോവ് മറുപടി കമന്റായി ചേര്‍ത്തിട്ടുമുണ്ട്. പകര്‍പ്പവകാശം ലംഘിക്കാതെ ഇരിക്കാനാണ് ഞാന്‍ അവയുടെ ചിത്രവും ഡൌണ്‍‌ലോഡ് ലിങ്കും ഇവിടെ നല്‍കാത്തത്.)


എനിക്കിപ്പോള്‍ ​പ്ര, സ്ര, ശ്ര, ബ്ബ, ങ്ങ, ഗ്ഗ, ദ്ദ, ജ്ജ, ബ്ല, ന്മ, ക്ര, ൡ, ത്സ, ത്ഭ, ഗ്ല, ഗ്ന, ദ്ധ, ജ്ഞ, ഞ്ഞ, ച്ഛ, ണ്ട, ഌ, ത്മ, ഹ്ന, മ്പ, റ്റ, ങ്ക, സ്ഥ, ച്ച, ട്ട, ശ്ച, ഹ്മ, പ്പ, ക്ക, ത്ത, ന്ധ, ഞ്ജ, ണ്ണ, ന്ത, ള്ള, ശ്ശ, ഞ്ച, മ്മ, ന്ന, വ്വ, ല്ല, സ്സ, ക്ഷ, ൠ എന്നീ കൂട്ടക്ഷരങ്ങളും, ള്‍, ണ്‍, ല്‍, ര്‍, ക്‍ എന്നീ ചില്ലുകളും മലയാള, ഇംഗ്ലീഷ് അക്കങ്ങളും, അത്യാവശ്യം ഉപയോഗിക്കേണ്ട ചിഹ്നങ്ങളും ഒറ്റ കോമ്പിനേഷന്‍ കീ സ്ട്രോക്കില്‍ തന്നെ ടൈപ്പ് ചെയ്യാനാവുന്നുണ്ട്. കോമ്പിനേഷന്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഷിഫ്റ്റോ, വലതുവശത്തുള്ള ആള്‍‌ട്ടോ, ഇതുരണ്ടുംകൂടിയോ അമര്‍ത്തിപ്പിടിച്ചുകൊണ്ട് അക്ഷരമടിക്കുന്നതിനെയാണ്. ഇനി അതുകൂടാതെ തന്നെ, ക ചന്ദ്രക്കല ക എന്ന രീതിയിലും ക്ക അഥവാ മറ്റുകൂട്ടക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാനാവും. അതായത്, എല്ലാ കോമ്പിനേഷനുകളും പഠിച്ചുവച്ചില്ലെങ്കില്‍ പോലും ഇനി മറന്നുപോയാല്‍ കൂടി, അടിസ്ഥാന അക്ഷരസ്ഥാനങ്ങള്‍ മനസ്സിലാക്കിയിരുന്നാല്‍ കൂട്ടക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ പ്രയാസമുണ്ടാവില്ല. നോണ്‍ ജോയിനിങ് ചന്ദ്രക്കല, ZWJ, ZWNJ എന്നീ ക്യാരക്ടറുകളും ഉള്ളതിനാല്‍ വാക്കുകള്‍ക്കിടയില്‍ അക്ഷരങ്ങള്‍ വേറിട്ടുനില്‍‌ക്കേണ്ടിടത്ത് വേറിട്ട് നിര്‍ത്താനും അല്ലാത്തിടത്ത് കൂട്ടിച്ചേര്‍ക്കാനും വളരെയെളുപ്പം.


ഡോക്യുമെന്റേഷന്‍ വലുതായിട്ടില്ലെങ്കിലും അത് പ്രശ്നമാകാത്ത തരത്തില്‍ കീബോര്‍ഡ് ലേഔട്ടിന്റെ ചിത്രങ്ങള്‍ റാല്‍മിനോവ് പോസ്റ്റില്‍ നല്‍കിയിട്ടുണ്ട്. മിന്‍സ്ക്രിപ്റ്റിനെ അപേക്ഷിച്ച് സംവൃതോകാരം വേണമെന്നുള്ളവര്‍ക്ക് ു് എന്ന് രണ്ടുകീയായി അടിക്കണമെന്ന കുറവ് മാത്രമേ എനിക്ക് ഇതില്‍ കണ്ടെത്താനായുള്ളൂ. സംശയങ്ങളുള്ളപക്ഷം എന്റെ പരിമിതമായ അറിവ് വച്ച് പറഞ്ഞുതരാന്‍ കഴിയുന്ന കാര്യങ്ങള്‍ പറഞ്ഞുതരുന്നതില്‍ എനിക്ക് സന്തോഷമേയുള്ളൂ. ടെക്‍നിക്കല്‍ ചോദ്യങ്ങള്‍ക്ക് എനിക്കുത്തരമില്ല എന്ന് ആദ്യമേ വ്യക്തമാക്കട്ടെ. കാരണം, ടെക്‍‌നോളജിയല്ല എന്റെ രംഗം.


വരമൊഴി സ്വതന്ത്രമായി നില്‍ക്കുന്ന പ്രോഗ്രാമാണ്. അതുപയോഗിച്ച് മറ്റു പ്രോഗ്രാമുകളില്‍ മലയാളമെഴുതാനാവില്ല. അവിടെ വച്ച് മംഗ്ലീഷിലെഴുതി മലയാളത്തിലേക്ക് മൊഴിമാറ്റിയ ശേഷം ബ്ലോഗറിലോ, ടെക്സ്റ്റ് എഡിറ്ററുകളിലോ പേസ്റ്റ് ചെയ്യുകയാണല്ലോ അതിന്റെ രീതി. അതൊഴിവാക്കാനും അതാത് പ്രോഗ്രാമുകള്‍ക്കകത്ത് നിന്നുതന്നെ മലയാളം ടൈപ്പ് ചെയ്യാനുമാണ് കീമാനും കീമാപ്പുമൊക്കെ പലരും ഉപയോഗിക്കുന്നത്. എന്നാല്‍ ആള്‍ട്ട് ഉപയോഗിച്ച് വിപുലപ്പെടുത്തിയ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിക്കുന്നപക്ഷം വിന്‍‌ഡോസിനൊപ്പം വരുന്ന സൌകര്യം ഉപയോഗിച്ച് പുതിയ കീബോര്‍ഡ് തെരഞ്ഞെടുത്ത് യൂണിക്കോഡ് സപ്പോര്‍ട്ട് നല്‍കുന്ന ഏതു പ്രോഗ്രാമിലും നേരിട്ട് മലയാളം മലയാളത്തില്‍ തന്നെ ടൈപ്പ് ചെയ്യാന്‍ സാധിക്കും.


അല്‍പ്പമൊന്നു മനസ്സിരുത്തി ആലോചിച്ച ശേഷം ആവശ്യമുള്ളവര്‍ക്ക് ഇതിലേക്ക് മാറാവുന്നതാണ്. ഇതിനെ മതംമാറ്റം പോലെ വികാരഭരിതമായി കാണുകയൊന്നും വേണ്ട. കൂടുതല്‍ മെച്ചപ്പെട്ട ടെക്‍‌നോളജി ഉപയോഗിക്കുന്നു എന്ന് ധരിച്ചാല്‍ മതി. നമുക്ക് വേണ്ടത് താത്കാലികമായ കുറുക്കുവിദ്യയാണോ അതോ long runല്‍ ഗുണം ചെയ്യുന്ന കൂടുതല്‍ വേഗത ലഭിക്കുന്ന, കീ സ്ട്രോക്കുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുകിട്ടുന്ന വിദ്യയാണോ എന്നാലോചിക്കുക. കുട്ടികളെയെങ്കിലും മലയാളം മലയാളത്തില്‍ തന്നെ എഴുതാന്‍ പ്രേരിപ്പിക്കുക.

update on 20 May 2008: The keyboard suggested here was using Unicode 5.0 standard upto which Chillus were a combination of conjucts + virama + zwj. Ralminov had recently posted another keyboard driver that creates Atomic Chillus that are independent from its base form and is Unicode 5.1 compliant. The layout is similar. The new driver is available here. As the Unicode consortium haven't equated both form of Chillus as same, there would be data inconsistency for atleast a shortwhile. As per Unicode's backward compatibility policy, the old scheme will simultaneously exist with the new one.

27 comments:

Sebin Abraham Jacob said...

മലയാള ഭാഷ എഴുതേണ്ടത് മലയാളലിപിയില്‍ തന്നെയല്ലേ? മംഗ്ലീഷ് മാനകഭാഷയായി മാറേണ്ടതുണ്ടോ? വരമൊഴി, ഇന്‍സ്ക്രിപ്റ്റ് എന്നീ ലിപിവിന്യാസങ്ങളെ മുന്‍നിര്‍ത്തി ഒരു കീബോര്‍ഡ് വിചാരം.

വരൂ, കാണൂ, ഞാന്‍ പിടിച്ച മുയലിന്റെ കൊമ്പ്...

tk sujith said...

സെബിന്‍,ചര്‍ച്ച നടക്കട്ടെ.അറിവുള്ളവര്‍ കൂടുതല്‍ പറയട്ടെ.കേള്‍ക്കാ‍ന്‍ ഇനിയും ഇവിടെ വരാം.

cartoonist said...

സെബിന്‍, ഈ ചിന്തയെ എല്ലാരും ബലേ ബലേ പറഞ്ഞേ എതിരേല്‍ക്കുകയുള്ളൂ... ഒന്നാം തരം !
മറ്റൊന്നും പറയാനറിയാത്തതുകൊണ്ട് തല്‍ക്കാലം
“ആശംസകള്‍” എന്നു പറഞ്ഞ് ജീവനുംകൊണ്ടോടുന്നു !

അങ്കിള്‍ said...

പ്രീയ സെബിന്‍,
************************
"ക എന്ന് തെളിയാന്‍ ‘ക’ എന്ന കട്ട ഞെക്കുന്നതിന് പകരം നാമെന്തിന് ka എന്ന് ടൈപ്പുചെയ്ത് ക എന്ന് ഉപകരണസഹായത്തോടെ ട്രാന്‍സ്ലിറ്ററേറ്റ് ചെയ്യണം?"
*************************
നൂറ്‌ ശതമാനം യോജിക്കുന്നു, ഈ വാദത്തോട്‌. എന്നിട്ടും വരമൊഴിയും കീമാനും ആണ് ഞാന്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്‌. കാരണം, ഇംഗ്ലീഷ്‌ പഠിച്ചതുകൊണ്ട മാത്രമല്ല. ഇംഗ്ലീഷ്‌ ടൈപ്പിംഗും ലോവരും, ഹയറും ചെറുപ്പത്തിലേ പഠിച്ചു പോയി. അപ്പോള്‍ പിന്നെ മംഗ്ലീഷെഴുതാന്‍ എനിക്ക്‌ കീബോര്‍ഡിലോട്ട്‌ നോക്കേണ്ട ആവശ്യമേയില്ല. അങ്ങനെ അത്‌ ശീലമായി.

ഇംഗ്ലീഷ്‌ അറിഞ്ഞുകൂടാത്തവര്‍ക്കും, ഇംഗ്ലീഷ്‌ ടൈപ്പിംഗ്‌ പഠിച്ചിട്ടില്ലാത്തവര്‍ക്കും വരമൊഴിയേക്കാള്‍ മലയാളം നേരിട്ട് ടൈപ്പ്‌ ചെയ്യുവാനുള്ള സംവിധാനം കൂടുതല്‍ ഇഷ്ടപ്പെടും. എന്നാല്‍ ഇന്ന്‌ ബ്ലോഗ്‌ ചെയ്യുന്ന 100% പേര്‍ക്കും ഇംഗ്ലീഷ്‌ എഴുതാന്‍ അറിയാവുന്നവരാണ്, ഇംഗ്ലീഷ് ടൈപ്പിങ് പഠിച്ചവര്‍ കുറവായിരിക്കാം. സ്വാഭാവികമായും മംഗ്ലീഷിലെഴുതിയാല്‍ മലയാളമാക്കാം എന്ന സംവിധാനം ഉണ്ടെന്നുള്ള അറിവ്‌ ബ്ലോഗര്‍മാരെ ആകര്‍ഷിച്ചു. അങ്ങനെ അതു ശീലമാക്കി.

ഇനിയിപ്പോള്‍ ആ ശീലത്തില്‍ നിന്ന്‌ മാറണം. അതിനുവേണി ഈ പോസ്റ്റില്‍ നിരത്തിയിരിക്കുന്ന കാരണങ്ങല്‍ തികച്ചും ന്യായമാണ്. ഇനി നമ്മുടെ മനസ്സാണ് മാറ്റിയെടുക്കേണ്ടത്‌. സെബിന്‍ പറഞ്ഞതു പോലെ മംഗ്ലീഷിലെഴുത്ത്‌ തുടരാനാണ് ഭാവമെങ്കില്‍ മലയാളികള്‍ക്ക്‌ പിന്നെന്തിന്ന്‌ ഇങ്ങനെയൊര്രു മലയാള അക്ഷരകൂട്ടം.
ഈ പോസ്റ്റില്‍ വരാനിരിക്കുന്ന ചര്‍ച്ചകള്‍ക്ക്‌ കാതോര്‍ക്കുന്നു.

Sebin Abraham Jacob said...

ഇംഗ്ലീഷ്‌ ടൈപ്പിംഗും ലോവരും, ഹയറും ചെറുപ്പത്തിലേ പഠിച്ചു പോയി. അപ്പോള്‍ പിന്നെ മംഗ്ലീഷെഴുതാന്‍ എനിക്ക്‌ കീബോര്‍ഡിലോട്ട്‌ നോക്കേണ്ട ആവശ്യമേയില്ല. അങ്ങനെ അത്‌ ശീലമായി. - അങ്കിള്‍

മംഗ്ലീഷ് ടൈപ്പ് ചെയ്യാന്‍ എനിക്കും വേഗതയുടെ പ്രശ്നമൊന്നുമില്ല. ഇംഗ്ലീഷും മലയാളവും നല്ല വേഗതയില്‍ തന്നെ ഞാന്‍ ടൈപ്പ് ചെയ്യും. ടൈപ്പ് ചെയ്യാന്‍ സ്വയം ശീലിച്ച ആദ്യ രണ്ടോ മൂന്നോ ദിവസമൊഴിച്ചാല്‍ കീബോര്‍ഡില്‍ നോക്കേണ്ട ആവശ്യം എനിക്ക് വന്നിട്ടില്ല. ചാറ്റ് ചെയ്യുമ്പോള്‍ എന്റെ സിസ്റ്റത്തിലല്ലെങ്കില്‍ ഞാന്‍ മംഗ്ലീഷാണ് ഉപയോഗിക്കാറ്. അപ്പോള്‍ സൌകര്യാര്‍ത്ഥം മംഗ്ലീഷ് ഉപയോഗിക്കുന്നതിലല്ല, എന്റെ എതിര്‍പ്പ്. പകരം അത് മാനകമാക്കുന്നതിലാണ്. മറ്റ് ഓപ്‌ഷനുകളുടെ നേര്‍‌ക്ക് കണ്ണടയ്ക്കുന്നതിലാണ്.

ഭക്തന്‍സ് said...

വളരെ നല്ല ഒരു പോസ്റ്റ്. വളരെയേറെ കാര്യങ്ങള്‍‌ മനസ്സിലാക്കുവാന്‍ സാധിച്ചു. ഞാന്‍ ആദ്യം‌ ഇന്‍‌സ്ക്രിപ്റ്റ് മെതേഡില്‍ ടൈപ്പ് ചെയ്യാന്‍ വളരെയധികം പരിശ്രമിച്ചതാണ്. അതു നടന്നില്ല എന്നതുകൊണ്ടു തന്നെ മം‌ഗ്ലീഷിലേക്കു മാറി. ആദ്യം‌ കൈരളി എന്ന സോഫ്റ്റ്വെയറും‌ പിന്നീട് വരമൊഴിയും ഇപ്പോള്‍‌ മൊഴി കീ മാപ്പുമുപയോഗിക്കുന്നു. ഞങ്ങളുടെ അടുത്തുള്ള മിക്ക ഡിറ്റി.പി ഷോപ്പുകളിലും‌ അവറ്‌ ഉപയോഗിക്കുന്നത് മം‌ഗ്ലീഷല്ല.അവറ്‌ക്കതിനെക്കുറിച്ച്ചറിയുകയുമില്ല. ഞാനൊരിക്കല്‍ ഒരു കടയില്‍ പോയപ്പോള്‍‌ ഇതിനെക്കുറിച്ച് സംസാരിക്കുകയുണ്ടായി. അവറ്‌ക്ക് അത് അക്സപ്പ്റ്റ് ചെയ്യാന്‍ തീരെ സാധിച്ചില്ല. ആദ്യം‌ ഏതു രീതിയില്‍ പഠിക്കുന്നുവോ ആ രീതി തന്നെയാണ്‍ പിന്നീട് എളുപ്പമായി തോന്നുന്നതും.

എന്തായാലും ഞാനും കാതോറ്‌ക്കുന്നു ചറ്‌ച്ചകള്‍‌ക്കായി. മൊഴി കീമാപ്പ് ഉപയോഗിച്ചാണ്‍് ഞാനിപ്പോള്‍‌ ടൈപ്പ് ചെയ്യുന്നത്. ചില അക്ഷരങ്ങള്‍‌ക്ക് നല്ല വ്യത്യാസമുണ്ട്.

ചില വാക്കുകള്‍‌ ടൈപ് ചെയ്യേണ്ടി വരുമ്പോള്‍‌ ധാരാളം കീസ് ഉപയോഗിക്കേണ്ടതായി എനിക്കും തോന്നുന്നൂണ്ട്.

റോബി said...

എന്റെ മോള്‍ക്ക്‌ രണ്ടു വയസാകുന്നു. അവളുടെ മാതൃഭാഷ മലയാളം തന്നെയായിരിക്കണമെന്നതാണ്‌ എന്റെ വലിയ ആഗ്രഹം. പക്ഷെ ഞാന്‍ ബ്ലോഗെഴുതുന്നതെങ്ങനെ എന്നു ചോദിച്ചാല്‍, 'ka' എന്നെഴുതിയാണോ അതോ ക എന്നെഴുതിയാണോ ഞാന്‍ പഠിപ്പിക്കേണ്ടത്‌..? എന്റെ വലിയ ഒരു സന്ദേഹമാണ്‌ സെബിന്‍ ഈ പോസ്റ്റില്‍ ഉന്നയിച്ചിരിക്കുന്നത്‌...സിബു, പെരിങ്ങോടന്‍, കെവിന്‍ എന്നിവരുടെയും മറ്റു പുലികളുടെയും മുഖത്തേയ്ക്ക്‌ പ്രതീക്ഷയോടെ നോക്കുന്നു. ബ്ലോഗ്‌ തുടങ്ങി ഒരു കൊല്ലം കഴിഞ്ഞിട്ടും, ഒരു ആഡിടാനോ, കമന്റില്‍ ഹൈപര്‍ ലിങ്ക്‌ കൊടുക്കാനോ എന്തിന്‌ ഒരു കമന്റ്‌ ഡിലീറ്റാന്‍ പോലും അറിയാത്ത ഞാനൊക്കെ എന്തു പറയാന്‍.

Sebin Abraham Jacob said...

ആദ്യം‌ ഏതു രീതിയില്‍ പഠിക്കുന്നുവോ ആ രീതി തന്നെയാണ്‍ പിന്നീട് എളുപ്പമായി തോന്നുന്നതും. - സുജിത് ഭക്തന്‍

'തോന്നുന്നത്' എന്നതില്‍ തന്നെയാണ് കാര്യം. അത് തോന്നല്‍ മാത്രമാവാവാണ് സാദ്ധ്യത. കാരണം, ഞാന്‍ പലവിദ്യകളും പഠിച്ചിരുന്നു. ഇന്‍സ്ക്രിപ്റ്റ് പഠിച്ചെടുക്കാന്‍ മംഗ്ലീഷിനെ അപേക്ഷിച്ച് പ്രയാസം നേരിടുമെങ്കിലും ഉപയോഗത്തില്‍ ഇന്‍സ്ക്രിപ്റ്റിന് തന്നെയാവും വേഗത ലഭിക്കുക.

Sebin Abraham Jacob said...

എന്റെ മോള്‍ക്ക്‌ രണ്ടു വയസാകുന്നു. അവളുടെ മാതൃഭാഷ മലയാളം തന്നെയായിരിക്കണമെന്നതാണ്‌ എന്റെ വലിയ ആഗ്രഹം. പക്ഷെ ഞാന്‍ ബ്ലോഗെഴുതുന്നതെങ്ങനെ എന്നു ചോദിച്ചാല്‍, 'ka' എന്നെഴുതിയാണോ അതോ ക എന്നെഴുതിയാണോ ഞാന്‍ പഠിപ്പിക്കേണ്ടത്‌..? - റോബി കുര്യന്‍

ka എന്നെഴുതാതെ ക എന്നുതന്നെ നേരെ എഴുതുന്നതിനുള്ള സൂത്രമാണ് ഇന്‍സ്ക്രിപ്റ്റ്. അതിന്റെ ലിങ്ക് ഞാന്‍ പോസ്റ്റില്‍ തന്നിട്ടുണ്ടല്ലോ. ഒന്ന് പരീക്ഷിച്ചു നോക്കൂ.

Anivar said...

ഇന്‍സ്ക്രിപ്റ്റ് പഠിക്കാനൊരു കളി എന്ന പോസ്റ്റിവിടെ . മാതൃഭാഷപഠിക്കാന്‍ കളികളിലൂടെത്തന്നെ പഠിക്കാവുന്ന ഈ ടൂള്‍ ഉപയോഗിക്കാം.

::സിയ↔Ziya said...

ഈ വിഷയത്തില്‍ എനിക്ക് ഏറെ അശങ്കയും പ്രയാസവുമുണ്ട്.
വല്യ വിവരമൊന്നുമില്ലെങ്കിലും ചുരുക്കിപ്പറയാം.

ഇന്‍‌സ്ക്രിപ്‌റ്റിലുള്ള ISM Publisher (CDAC) ഉപയോഗിച്ച് മിനുട്ടില്‍ അറുപത് വാ‍ക്കുകള്‍ വരെ ടൈപ് ചെയ്യുന്ന ഒരു പാവമായിരുന്നു ഞാന്‍.

ബ്ലോഗിലെത്തി മൊഴി ഉപയോഗിച്ച് പോസ്റ്റും കമന്റുകളും എഴുതിയെഴുതി മലയാളം സ്റ്റാന്‍‌ഡേഡ് കീ ബോഡ് ഞാന്‍ മറന്നു.
ഒരേ ഭാഷ രണ്ട് സങ്കേതങ്ങള്‍ ഉപയോഗിച്ചു ടൈപ് ചെയ്യുമ്പോളുള്ള സങ്കീര്‍ണ്ണത തലച്ചോറിനെ കുഴപ്പിക്കുന്നതു തന്നെ കാരണം.
ഇത് പ്രൊഫഷണലായി ഡെസ്‌ക് ടൊപ് പബ്ലിഷിംഗ് സോഫ്‌റ്റ്വെയറുകള്‍ ഉപയോഗിക്കുന്ന എന്നെ കുഴപ്പിച്ചു.

ആസ്‌കി സപ്പോര്‍ട്ട് ചെയ്യുന്ന പേജ്‌മേക്കറിലും മറ്റും പേജുകള്‍ ചെയ്യുന്നവര്‍ ഫൊനറ്റിക് കീബോഡ് ശീലിച്ചാല്‍ അത് ജോലിയെ തന്നെ ബാധിക്കും.

ക എന്നതിന് ‘ക’ എന്നു തന്നെ ടൈപ്പു ചെയ്യാന്‍ കഴിയുന്നത് നല്ല കാര്യം തന്നെയാണ്. പരമ്പരാഗത മലയാളം ടൈപ് റൈറ്ററുകളില്‍ ഈ രീതി തന്നെയാണല്ലോ?

ഐ എസ് എമ്മില്‍ ഇംഗ്ലീഷ് ഫൊനറ്റിക് കീ ബോഡ് ഉണ്ട്. പക്ഷേ അത്ര കൃത്യമല്ല.
അതുപോലെ വരമൊഴി ലിനക്സ് വേര്‍ഷനില്‍ ഇന്‍‌സ്ക്രിപ്റ്റ് സൌകര്യവും ഉണ്ടെന്നു കേള്‍ക്കുന്നു. വിന്‍‌ഡോസ് വേര്‍‌ഷനില്‍ കൂടി അങ്ങനെ ഇന്‍‌സ്ക്രിപ്റ്റ് സൌകര്യം ഉണ്ടാക്കിയാല്‍ ഒരു പാടു പേര്‍ക്ക് അത് പ്രയോജനകരമാകും. മലയാളം ടൈപിംഗ് അറിയാത്തവര്‍ക്ക് ഫൊനറ്റിക് കീ ബോഡ് തന്നെ തെരഞ്ഞെടുക്കാമല്ലോ.

അതിനിടെ സാന്ദര്‍ഭികമായി ഒന്നു ചോദിച്ചോട്ടെ,
ആസ്കി വേണ്ട പോലെ സപ്പോര്‍ട്ട് ചെയ്യാത്ത ഇന്‍‌ഡിസൈന്‍ എന്ന മികച്ച പേജ് ലേ ഔട്ട് ആപ്ലിക്കേഷനില്‍ നന്നായി മലയാളം ടൈപ്പ് ചെയ്യാന്‍ എന്തു ചെയ്യണം?
ISM Publisher ന്റെ പുതിയ വേര്‍ഷന്‍ വല്ലതും ഇന്‍‌ഡിസൈന്‍ സപ്പോര്‍ട്ട് ചെയ്യുന്നത് ഉണ്ടോ?
യൂണിക്കോഡ് സപ്പോര്‍ട്ട് ചെയ്യും എന്നു പറയുന്നുണ്ടെങ്കിലും അത് വേണ്ട പോലെ ശരിയാകുന്നില്ല.

ആസ്ക്‍കിയോ യൂണിക്കോഡോ, എന്തായാലും മലയാളം നന്നായി സപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ എനിക്കിതു വരെ ഇന്‍ഡിസൈനില്‍ മലയാളം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.

മലയാള മനോരമ യൂണിക്കോഡിലേക്ക് മാറാത്തതിന്റെ പ്രധാന കാരണം എനിക്കു തോന്നുന്നത് അവര്‍ ഇന്‍ഡിസൈനില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്ടുകളും മറ്റും സ്വന്തമായി ഡെവലപ്പ് ചെയ്ത് ഇന്‍ഡിസൈന്‍ ഉപയോഗിക്കുന്നത് കൊണ്ടാവാം.

ക്വാര്‍കിനെ വെട്ടിമലര്‍ത്തി ഇന്‍‌ഡസ്‌ട്രി സ്റ്റാന്‍ഡേഡ് ആയ ഇന്‍‌ഡിസൈന്‍ പോലെ അത്യുജ്ജ്വലമായ ഒരു ആപ്ലിക്കേഷന്‍ മലയാളികള്‍ മിസ്സ് ചെയ്യുന്ന സങ്കടകരമായ കാഴ്‌ച്ച ഞാന്‍ നാട്ടില്‍ പോയപ്പോള്‍ ഞങ്ങളുടെ പ്രദേശത്തെങ്കിലും ഞാന്‍ കണ്ടതാണ്.

പലര്‍ക്കും (വന്‍ കിട പത്രങ്ങള്‍ക്കും) ഇപ്പോഴും വകക്ക് കൊള്ളാത്ത പേജ് മേക്കര്‍ തന്നെ ശരണം.

Sebin Abraham Jacob said...

ആസ്കി വേണ്ട പോലെ സപ്പോര്‍ട്ട് ചെയ്യാത്ത ഇന്‍‌ഡിസൈന്‍ എന്ന മികച്ച പേജ് ലേ ഔട്ട് ആപ്ലിക്കേഷനില്‍ നന്നായി മലയാളം ടൈപ്പ് ചെയ്യാന്‍ എന്തു ചെയ്യണം? - ::സിയ↔Ziya

ഇത് ഇന്‍ഡിസൈനിന്റെ മാത്രം കുഴപ്പമല്ല. അഡോബിയുടെ പല സോഫ്റ്റ്വെയറിനും കറതീര്‍ന്ന യൂണിക്കോഡ് സപ്പോര്‍ട്ടോ മലയാളം ആസ്കി ഫോണ്ടു് സപ്പോര്‍ട്ടോ ലഭ്യമല്ല. ഫോട്ടോഷോപ്പിലൊക്കെ പലപ്പോഴും ക്യാരക്ടര്‍ മാപ്പില്‍ നിന്ന് അക്ഷരങ്ങള്‍ പെറുക്കിവയ്ക്കേണ്ടി വരാറുണ്ട്. കോറല്‍ ഡ്രോയില്‍ ഇങ്ങനെ ചെയ്താല്‍ പോലും ചിലപ്പോള്‍ ഫോണ്ട് അപ്രത്യക്ഷമാകും. പിന്നെ അവിടെ എഴുതിയുണ്ടാക്കാനാവുമെന്നത് ആശ്വാസമാണ്. പേജ് മേക്കറില്‍ അതേ സമയം ആസ്കി മലയാളം നന്നായി തെളിയുന്നുണ്ട്. ക്വാര്‍ക് എക്സ്പ്രസിലും വലിയ കുഴപ്പമില്ല. മംഗളത്തിലൊക്കെ അതാണ് ഉപയോഗിക്കുന്നത്. ഇന്‍ഡിസൈന്‍ ഞാനും ഉപയോഗിച്ചു നോക്കിയിട്ടുണ്ട്. പക്ഷെ മലയാളത്തിന് ഫോണ്ട് പ്രശ്നം തന്നെയാണ്. എന്നാല്‍ തിരുവനന്തപുരം കേരള കൌമുദിയില്‍ അനില്‍രാജ് എന്ന ഒരു ഡിസൈനര്‍ ഇന്‍ഡിസൈനില്‍ ഭംഗിയായി മലയാളം പേജ് ഡിസൈന്‍ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. കേരള കൌമുദിയിലുള്ള ആരെങ്കിലും ഇതു വായിക്കുന്നുവെങ്കില്‍ അനില്‍രാജിനെ ബന്ധപ്പെട്ട് അതിന്റെ വിവരങ്ങള്‍ കമന്റായി പോസ്റ്റ് ചെയ്താല്‍ നന്നായിരുന്നു.

കൂടാതെ അഡോബിയുടെ സോഫ്റ്റ്‌വെയറുകള്‍ക്ക് യൂണിക്കോഡ് സപ്പോര്‍ട്ട് എത്രയും പെട്ടെന്ന് ലഭിക്കാന്‍ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടാക്കാന്‍ പറ്റിയാല്‍ നന്നായിരുന്നു. മലയാളിയായ ഒരു വിനോദും പിന്നെ ഒരു സീതാരാമനുമൊക്കെ അവിടെ സീനിയര്‍ പോസ്റ്റില്‍ ജോലി നോക്കുന്നുണ്ടല്ലോ. അവരെ അറിയാവുന്നവര്‍ ആരെങ്കിലുമുണ്ടെങ്കില്‍ അവരോട് തന്നെ ഇതുസംബന്ധിച്ച് ചോദിക്കാമായിരുന്നു.

അനിവര്‍, കളിയുടെ ലിങ്ക് തന്നതിന് നന്ദി.

::സിയ↔Ziya said...

അഡോബി പേജ് മേക്കറും ഇലസ്ട്രേറ്റര്‍ 8-10 ഉം മലയാളം ആസ്കി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ആയതിനാല്‍ ഞാന്‍ ഇലസ്ട്രെറ്ററില്‍ ടൈപ് ചെയ്ത് ആവശ്യമെങ്കില്‍ ഫോട്ടോഷോപ്പില്‍ Smart Object ആയി കോപി ചെയ്യുകയാണ് പതിവ്‌.

അതെല്ലാം വേല ഇരട്ടിപ്പിക്കുന്നു.

ഇലസ്ട്രേറ്ററില്‍ യൂണിക്കോഡ് ആസ്‌ലിയിലേക്ക് കണ്‍‌വെര്‍ട്ട് ചെയ്ത് ടെക്റ്റായി ഉപയോഗ്ഗിക്കാറുണ്ട്. പക്ഷേ അതൊന്നും വ്യവസ്ഥാപിതമായ മാര്‍ഗ്ഗമല്ല.

Sebin Abraham Jacob said...

എന്റെ പോസ്റ്റിന് സന്തോഷ് തോട്ടിങ്ങല്‍ ഇവിടെ മറുപടി എഴുതിയിരിക്കുന്നു. സന്തോഷിന്റെ വാദങ്ങളില്‍ കുറേ ഭാഗത്തോട് യോജിക്കുമ്പോള്‍ തന്നെ വിയോജിപ്പുള്ള ഭാഗങ്ങളുമുണ്ട്. സന്തോഷിന്റെ പോസ്റ്റിന് നല്‍കിയ മറുപടി ഇവിടെ.

വക്കാരിമഷ്‌ടാ said...

പണ്ട്, ഇതുപോലേതാണ്ടൊക്കെയോര്‍ത്ത് എഴുതിവന്നപ്പോള്‍ ഇത്രയുമേ ആയുള്ളൂ, ഇതുപോലൊന്നുമായുമില്ല.

അങ്കിള്‍ said...

അനിവര്‍ കാണിച്ചുതന്ന കളിപോസ്റ്റ് വിന്‍ഡോസില്‍ പറ്റൂല്ലല്ലോ. അതിനുള്ളത്‌ കൂടി കാണിച്ചാല്‍ നന്നായിരുന്നു.

Naveen said...

കൊള്ളാം ,, നല്ല സംവാദ വിഷയം. പക്ഷെ പ്രൊഫഷണല്‍ മലയാളം എഴുത്തുകാര്‍ക്കു മാത്രമെ ആ ചിന്താ‍ധാരയിലെക്കു ഒരു സംഭാവന നല്‍കാന്‍ കഴിയൂ.!

Anivar said...

അങ്കിളേ, മലയാളം സ്വാതന്ത്ര്യത്തിന്റെ ചട്ടക്കൂടില്‍ നിന്നു പഠിക്കാനേ എനിക്കു താല്‍പ്പര്യമുള്ളൂ. ജയിലിനുള്ളിലെ സ്വാതന്ത്ര്യത്തോട് (വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്രസോഫ്റ്റ്‌വെയറുകളോട്)എനിക്കു താല്‍പ്പര്യമില്ല. കോഡ് സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ലൈസന്‍സുകളിലുണ്ട്. വേണ്ടവര്‍ വിന്‍ഡോസിനു വേണ്ടത് ഉണ്ടാക്കിക്കൊള്ളട്ടേ, എന്തായാലും സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലേ SMC ക്ക് താല്‍പ്പര്യമുള്ളൂ.

എട്ടുമുതലുള്ള കുട്ടികള്‍ സ്കൂളുകളില്‍ സ്വതന്ത്രസോഫ്റ്റ്‌വെയറുപയോഗിച്ചുപഠിക്കുമ്പോള്‍ അവര്‍ക്കുവേണ്ടിയാണ് ഈ സോഫ്റ്റ്‌വെയര്‍.

അങ്കിള്‍ said...

ഞാന്‍ പ്രതീക്ഷിച്ച അര്തേ രീതിയില്‍ തന്നെ അനിവര്രിന്റെ മറുപടിയും. അതു കൊണ്ട്‌ എനിക്ക്‌ നിരാശയില്ല, ഒട്ടും.

Sebin Abraham Jacob said...

ഞാന്‍ പോസ്റ്റില്‍ ചൂണ്ടിക്കാണിക്കാന്‍ വിട്ടുപോയ ഒരു പ്രശ്നമുണ്ട്. ഇംഗ്ലീഷ് എഴുതുമ്പോള്‍ വരമൊഴി വഴക്കം കുഴപ്പം സൃഷ്ടിക്കാനുള്ള സാധ്യത. letter case വാക്കിനുള്ളില്‍ പൊടുന്നനെ മാറുകയും അനാവശ്യമായി _ ~ തുടങ്ങിയ ചിഹ്നങ്ങള്‍ കടന്നുവരികയും ചെയ്യുന്നത് ഇംഗ്ലീഷ് ടൈപ്പിംഗിനെ തന്നെ ബാധിക്കും. വിശേഷ സിദ്ധിയുള്ളവര്‍ക്ക് ഇങ്ങനെ ഉണ്ടാവാനിടയില്ലായിരിക്കും. എന്നാല്‍ സാധാരണ ഗതിയില്‍ എല്ലാവര്‍ക്കും ചിലപ്പോഴെങ്കിലും അനുഭവപ്പെട്ടിരിക്കാനിടയുണ്ട്.

മുമ്പൊരിക്കല്‍ ഇടിവാള്‍ ഇതിനെക്കുറിച്ച് എഴുതിയിരുന്ന ഓര്‍മ്മയില്‍ ഞാന്‍ പോസ്റ്റ് തപ്പിയെങ്കിലും അത് ഡിലീറ്റ് ചെയ്തിരിക്കുന്നതായാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ബാക്ക് അപ്പ് ഇല്ല എന്നാണ് അറിയാന്‍ കഴിഞ്ഞതും.

Sebin Abraham Jacob said...

ഈ വിഷയത്തില്‍ സിയയുടെ ഒരു രസികന്‍ കമന്റ്.

JA said...

കമ്പ്യൂട്ടറില്‍ മലയാളം എഴുതിത്തുടങ്ങിയതു മുതല്‍ മലയാളം 'മലയാളത്തില്‍' തന്നെ എഴുതുന്നയാളാണ്‌ ഞാന്‍.
Inscript (ISM) ഉപയോഗിക്കുമ്പോള്‍, ബ്ലോഗിനും കത്തയയ്‌ക്കാനും യുണീകോഡ്‌ ആക്കുന്നതായിരുന്നു പ്രശ്‌നം. ആദ്യകാലത്ത്‌ ഐ.എസ്‌.എമ്മില്‍ കമ്പോസ്‌ ചെയ്‌ത്‌ അത്‌ വരമൊഴിയിലേക്ക്‌ past ചെയ്‌ത്‌ ഒരു വിധത്തില്‍ ആ കടമ്പ കടന്നുകൊണ്ടിരുന്നു.
പിന്നീട്‌ Typit! എന്ന മലയാളം എഡിറ്റര്‍ എന്നെ രക്ഷിച്ചു. താത്‌പര്യമുള്ളവര്‍ക്ക്‌ ബ്ലോഗ്‌ലോക (http://www.bloglokam.org/) ത്തില്‍ നിന്ന്‌ Typit! ഡൗണ്‍ലോഡ്‌ ചെയ്യാം. ആ സോഫ്‌ട്‌വേറിന്റെ Tools -ല്‍ ചെന്ന്‌ യുണികോഡിലേക്ക്‌ മലയാളം വളരെ ലളിതമായി മാറ്റാം.

Anonymous said...

വരമൊഴി എഴുതിയ ആളെന്ന നിലയില്‍ ഈ വിഷയത്തില്‍ സിബുവിന് പറയാനുള്ളത് എന്താണെന്ന് കേട്ടാല്‍ കൊള്ളാമായിരുന്നു. അതേ പോലെ മൊഴി കീമാപ്പ് സൃഷ്ടിച്ച പെരിങ്ങോടനും മംഗ്ലീഷ് രീതിയുടെ പ്രചാരകരായ വിശ്വപ്രഭ അടക്കമുള്ളവരും തങ്ങള്‍ക്ക് വിയോജിപ്പുള്ള മേഖലകള്‍ തുറന്നു കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു.

sajithkumar said...

linguist sebin ,ashamsakal.enikkie vishayathil...bodham theereyilla.kooduthal kelkkan agrahikkunnuu.bhasha- padanathinu purame, sebinte nottangal..ariyan thatparyundu.bloguelle?

കുറുമാന്‍ said...

നല്ലൊരു ചര്‍ച്ച.........എന്തേ ഇവിടെ മരിച്ചുപോയി? ഇനിയും തുടരട്ടെ...

ralminov said...

എന്തായാലും കുറെയധികം ആളുകള്‍ ഇപ്പോള്‍ മലയാളത്തില്‍ തന്നെയെഴുതാന്‍ താത്പര്യം കാണിക്കുന്നതില്‍ സന്തോഷം.
ഈ വിഷയത്തില്‍ ഞാന്‍ കുറെയധികം പഴി കേട്ടതാണു്. എനിക്കു് പറയാനുള്ളതു് പറഞ്ഞു്കഴിഞ്ഞതുമാണു്.
സെബിനു് നന്ദി.

സിബു::cibu said...

ഭാഷയുടെ കാര്യത്തില്‍ പൊതുവെ ഞാനൊരു അരാജകവാദിയും പരിണാമവിശ്വാസിയുമാണ്. അതുകൊണ്ട് ഒരൊറ്റ വഴിയല്ല, പലവഴികളാണ് മലയാളം ഇന്‍പുട്ടിംഗിന് വേണ്ടത് എന്നെന്റെ പക്ഷം. ഓരോരുത്തരും അവരവര്‍ക്ക്‌ ചേരുന്നത്‌ തിരഞ്ഞെടുക്കട്ടേ. എന്റെ ഒരു കീബോര്‍ഡ് ഡിസൈന്‍ ഞാന്‍ ഈ ലിങ്കില്‍ കൊടുത്തിട്ടുണ്ട്.