മലയാള അക്ഷരങ്ങള്‍ക്കായി എത്ര യൂണിക്കോഡ് ഫോണ്ടുകള്‍ - Malayalam Unicode Fonts - ലഭ്യമാണു് ? മിക്കവരുടെയും അറിവില്‍ പെട്ട ഫോണ്ടുകള്‍ വളരെ കുറവു് മാത്രം. മലയാളം ഡെസ്ക് ടോപ്പ് പബ്ലിഷിംഗിലേക്കു് (ഡി.ടി.പി) യൂണിക്കോഡ് കടന്നുവരാത്തതിനു കാരണവും ഇതു തന്നെയാവും.
എന്റെ ശ്രദ്ധയില്‍ പെട്ട ഫോണ്ടുകളുടെ ഡൌണ്‍ലോഡിങ് ലിങ്കുകള്‍ ഇവിടെ നല്‍കുകയാണു്. മറ്റ് ഫോണ്ടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അവയുടെ ലിങ്കുകളും താഴെ കൊടുക്കാമെന്നു് കരുതുന്നു. ഈ ഫോണ്ടുകള്‍ അവ ഡെവലപ്പ് ചെയ്തവരുടെ കോപ്പിറൈറ്റ് നോട്ടീസ് അനുസരിച്ചു് ഉപയോഗിക്കേണ്ടതാകുന്നു. ചിലവ പബ്ലിക്‍ ഡൊമെയ്‍നിലും ചിലവ ഗ്നൂ ജിപിഎല്‍ പ്രകാരവും ഓപ്പണ്‍ സോഴ്സ് ആയി ലഭ്യമാണു്. വിതരണാവകാശമില്ലാത്ത ചില ഫോണ്ടുകളും ഉണ്ടു്.
ഇവയൊന്നും ഞാന്‍ തപ്പിപ്പിടിച്ചു കൊണ്ടുവന്നതല്ല. ഇതിനകം പല സൈറ്റുകളിലായി കണ്ടവയാണു്. അവയുടെ ലിങ്കുകള്‍ മാത്രമേ നല്‍കുന്നുള്ളൂ. ആവശ്യക്കാര്‍ അതാത് സൈറ്റുകളില്‍ പോയി അവ ഡൗണ്‍ലോഡ് ചെയ്ത് സിപ് / ടാര്‍ / ജിസിപ് / ബിസിപ് ഫയലാണെങ്കില്‍ എക്സ്ട്രാക്ട് ചെയ്ത് c:\windows\fonts ഫോള്‍ഡറില്‍ പകര്‍ത്തിയിടുക. ഇവ പ്രത്യേകം ക്രമത്തിലൊന്നുമല്ല എന്നു് ശ്രദ്ധിക്കുക.
ഫോണ്ടുകളെ കുറിച്ചു് സംശയം ചോദിച്ചാല്‍ പറഞ്ഞുതരാനുള്ള സാങ്കേതിക ധാരണകളൊന്നും എനിക്കില്ലാത്തതിനാല്‍ അതിന് സിബു, കെവിന്‍, കൈപ്പള്ളി, സന്തോഷ് പിള്ള, പെരിങ്ങോടന്‍, ഉമേഷ്, റാല്‍മിനോവ്, അനിവര്‍ അരവിന്ദ്, സുറുമ സുരേഷ്, ഹിരണ്‍, സന്തോഷ് തോട്ടിങ്ങല്‍, പ്രവീണ്‍, ഹുസൈന്‍, ബൈജു തുടങ്ങിയ സാങ്കേതിക വിദഗ്ദ്ധന്മാരെ തേടിപ്പിടിച്ചുകൊള്ളുക.
അജയ് ലാല്‍ വികസിപ്പിച്ചെടുത്ത സൂപ്പര്‍ സോഫ്റ്റിന്റെ തൂലിക യൂണിക്കോഡ് (പുതിയ ലിപി), തൂലിക ട്രഡീഷണല്‍ യൂണിക്കോഡ് (പഴയ ലിപി) എന്നിവ ഈ സൈറ്റില്‍ ലഭ്യം. ഝാന്‍സി റാണി എന്നും മറ്റും എഴുതാനുപയോഗിക്കുന്ന 'ഝ' എന്ന അക്ഷരം സൂപ്പര്‍ സോഫ്റ്റിന്റെ ഒരു ഫോണ്ടിലും കാണില്ല. ഈ പ്രശ്നം മൂലം കേരളകൗമുദിയും മറ്റും 'ഝ' പ്രയോഗിക്കേണ്ടിടത്ത് 'ത്സ' എന്ന് തെറ്റായി എഴുതുന്നത് കാണാം. മറ്റു പല അനോമലികളും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടു്.
കെവിനും സിജിയും ചേര്‍ന്നു് വികസിപ്പിച്ച അഞ്ജലി ഓള്‍ഡ് ലിപി, കയ്യക്ഷര സ്വഭാവമുള്ള കറുമ്പി എന്നിവ. മലയാളം ബ്ലോഗര്‍മാര്‍ക്കിടയില്‍ ഏറ്റവും പ്രചാരമുള്ള മലയാളം ഫോണ്ടാണു് അഞ്ജലി. യൂണിക്കോഡ് 5.1 പ്രകാരം നിലവില്‍ വന്ന ആണവ ചില്ല് പ്രദര്‍ശിപ്പിക്കുന്ന നിലവിലുള്ള ഏക ഫോണ്ടാണിതു്. മറ്റു് ഫോണ്ടുകളെല്ലാം വ്യഞ്ജനം + വിരാമം + സീറോവിഡ്ത്ത് ജോയിനര്‍ എന്ന യൂണിക്കോഡ് 5.0 വരെയുള്ള സീക്വന്‍സിലാണു് ചില്ലു പ്രദര്‍ശിപ്പിക്കുന്നതു്. ബാക്‍വേഡ് കമ്പാറ്റിബിലിറ്റി ഉള്ളതിനാല്‍ അഞ്ജലിയില്‍ പഴയ രീതിയിലും ചില്ലു കാണാം.
ചില കൂട്ടക്ഷരങ്ങള്‍ രൂപപ്പെടുത്തുന്ന ഇക്വേഷനു് ഫോണ്ടനുസരിച്ചു് മാറ്റം ശ്രദ്ധിച്ചിട്ടുണ്ടു്. ഉദാഹരണത്തിനു് അഞ്ജലി ഉപയോഗിക്കുമ്പോള്‍ (മ+പ)=മ്പ. ഇതാണു് ശരിയായ സന്ധിയെന്നു് എനിക്കു് തോന്നുന്നു. അതേ സമയം നിളയിലും തൂലികയിലും (ന+പ) ആണു് കോമ്പിനേഷന്‍.
രചന അക്ഷരവേദി വികസിപ്പിച്ച രചന ഫോണ്ടാണു് അഞ്ജലി കഴിഞ്ഞാല്‍ ഏറ്റവുമധികം മലയാള ബ്ലോഗര്‍മാര്‍ തുടക്കത്തില്‍ ഉപയോഗിച്ചിരുന്ന ഫോണ്ടു്. പരമ്പരാഗത ലിപിയാണു് രചനയും പിന്തുടരുന്നതു്. നേരത്തെ ഓപ്പണ്‍ടൈപ്പ്, ട്രൂടൈപ്പ് എന്നിങ്ങനെ രണ്ടു വേര്‍ഷനുകള്‍ ഡൌണ്‍ലോഡിങ്ങിനായി നല്‍കിയിരുന്നതില്‍ ഇപ്പോള്‍ മാറ്റം വരുത്തിയിട്ടുണ്ടു്. ഓപ്പറേറ്റിങ് സിസ്റ്റം വിന്‍ഡോസോ ഗ്നൂ ലിനക്‍സോ ഏതായാലും രചനയുടെ പുതിയ വേര്‍ഷന്‍ ഉപയോഗിച്ചാല്‍ മതിയാവും. ലിങ്ക് അടുത്ത ഖണ്ഡികയിലുണ്ടു്.
ഗ്നൂ ലിനക്‍സ് ഉപയോക്താക്കള്‍ക്കു് വേണ്ടി തുടക്കത്തില്‍ വികസിപ്പിച്ചതും വിന്‍ഡോസില്‍ ഉപയോഗിക്കാവുന്നതുമായ പ്രിന്റിങ്ങിനു് പറ്റിയ മനോഹരമായ പരമ്പരാഗത ഫോണ്ടാണു് മീര. നിലവില്‍ മാതൃഭൂമി, മംഗളം ദിനപത്രങ്ങള്‍ അവയുടെ വെബ്ബ് എഡീഷനില്‍ ഉപയോഗിക്കുന്നതു് മീരയാണു്. രചന, മീര എന്നിവയുടെ version 04, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സിഡാകിനു് വേണ്ടി ആര്‍.കെ. ജോഷി വികസിപ്പിച്ചതും പിന്നീടു് സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗുകാര്‍ മെച്ചപ്പെടുത്തിയതുമായ രഘുമലയാളം (പുതിയലിപി) version 02, സുറുമ ഫോണ്ടു് എന്നിവ ഇവിടെ ലഭിക്കും. ഈ ഫോണ്ടുകളെല്ലാം വിവിധ ഗ്നൂ ലിനക്‍സ് വിതരണങ്ങളില്‍ ഉപയോഗിക്കാം. ഹുസൈന്‍ സാറാണു് പ്രധാന ഡവലപ്പര്‍. ഹിരണ്‍ വികസിപ്പിച്ച ദ്യുതി ഫോണ്ടു് ഇവിടെ. മലയാളം ഭാഷാ കമ്പ്യൂട്ടിങ്ങുമായി ബന്ധപ്പെട്ട സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ വിവിധ സോഫ്റ്റ്വെയര്‍ റിലീസുകള്‍ ഇവിടെ. ഫോണ്ടുകളും അതേയിടത്തുനിന്നു് ലഭിക്കും.
അഞ്ജലിയുമായി താരതമ്യം ചെയ്യുമ്പോള്‍ മീരയ്ക്കു് വലിപ്പം വളരെ കുറവാണെന്നു് പരാതി വന്നിരുന്നു. ഇതു് പരിഹരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവിടെ പറയുന്നുണ്ടു്. ഗ്നൂ ലിനക്‍സില്‍ കാര്‍ക്കോടകന്‍ പ്രശ്നം പരിഹരിക്കുന്നതിനുള്ള സുറുമ പാച്ച് ഇവിടെ. ആണവ ചില്ലുള്ള മലയാളമെഴുത്തു് ഗ്നൂ ലിനക്സില്‍ വായിക്കുന്നതിനായി ഏവൂരാന്‍ രഘുമലയാളം ഫോണ്ടിനെ അല്‍പ്പം വ്യത്യാസപ്പെടുത്തി ഇവിടെ ഇട്ടിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ . ആണവചില്ലുകളെ പിടിച്ചു് പഴയ മട്ടിലുള്ള ചില്ലാക്കി മാറ്റുന്നതിനുള്ള ഗ്രീസ്മങ്കി സ്ക്രിപ്റ്റ് നിഷാന്‍ നസീര്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗിന്റെ ഡിസ്കഷന്‍ ഗ്രൂപ്പിലേക്കു് അയച്ച ഇ-മെയിലില്‍ നല്‍കിയിരിക്കുന്നു. നേരിട്ടുള്ള ലിങ്ക് ഇവിടെ. ഫയര്‍ഫോക്സ് ആഡ് ഓണും ഒപ്പം നല്‍കിയിട്ടുണ്ടു്. ലിങ്ക് ഇവിടെ.
തലക്കെട്ടെഴുത്തിനായി പോസ്റ്ററെഴുത്തിനോടു് സമാനമായ അക്ഷരങ്ങളോടെ ആര്‍ദ്രം എന്ന ഫോണ്ടും തയ്യാറായി വരുന്നു. രചന ഹുസൈന്‍, ഹിരണ്‍ വേണുഗോപാലന്‍, രവി സംഘമിത്ര എന്നിവരാണു് സംഘത്തിലെ അംഗങ്ങള്‍.
സി-ഡിറ്റിന്റെ ക്ലിക്ക് കേരളം എന്ന സൈറ്റില്‍ നിന്നു നാലെണ്ണം - നിള 01, നിള 02, നിള 03, നിള 04
മൈക്രോസോഫ്റ്റിന്റെ പകര്‍പ്പവകാശമുള്ള കാര്‍ത്തിക യൂണിക്കോഡ് ഫോണ്ട് വിന്‍ഡോസ് എക്സ് പി സര്‍വ്വീസ് പായ്ക്ക് 2 മുതല്‍ക്കുള്ള ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഒപ്പം ലഭ്യമാണു്. വിതരണാവകാശം മൈക്രോസോഫ്റ്റിനു് മാത്രമാണു്. ഇതു കൂടാതെ ഏരിയല്‍ യൂണിക്കോഡ് മിക്ക വിന്‍ഡോസ് അധിഷ്ഠിത കമ്പ്യൂട്ടറുകളിലും കാണുന്നതാണ്. എന്നാല്‍ പല അക്ഷരങ്ങളും ശരിയായി ഡിസ് പ്ലേ ചെയ്യാന്‍ ഈ ഫോണ്ട് കൊള്ളില്ല. അതിനാല്‍ ഫോണ്ടു് ഒഴിവാക്കുക.
സി-ഡാകിന്റെ ഐ.എസ്.എം ലോക്ക് ഉപയോഗിച്ചാണു് കേരളത്തിലെ ഒട്ടുമുക്കാലും ഡിടിപി സെന്ററുകളില്‍ ആസ്കി ഫോണ്ടുകളുപയോഗിച്ചു് മലയാളം ടൈപ്പ് ചെയ്തുകൊണ്ടിരുന്നതു്. അതേ ഫോണ്ടുകള്‍ ഡിസൈനില്‍ മാറ്റമൊന്നും വരുത്താതെ യൂണിക്കോഡ് ഫോണ്ടുകളാക്കി കണ്‍വേര്‍ട്ട് ചെയ്തതു് കേന്ദ്രസര്‍ക്കാരിന്റെ വാര്‍ത്താവിനിമയ വിവരസാങ്കേതിക മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ സൌജന്യ ഡൌണ്‍ലോഡിനായി നല്‍കിയിട്ടുണ്ടു്. ജിസ്റ്റ് സീരീസില്‍ പെട്ട 50 ഫോണ്ടുകള്‍, ഇളങ്കോ സീരീസില്‍പെട്ട 50 ഫോണ്ടുകള്‍, ഐ.എം.ആര്‍.സിയുടെ 50-ലേറെ ഫോണ്ടുകള്‍ എന്നിവയാണിവ. ML-*.ttf, ML-TT*.ttf തുടങ്ങിയ ഫോണ്ടുകള്‍ അതേപടി ML-OT*.ttf ആയി ലഭ്യമാക്കിയിരിക്കുന്നു. മൂന്നു് സിപ് ഫയലുകളിലായാണു് ഇത്രയും ഫോണ്ടുകള്‍ ക്രമീകരിച്ചിരിക്കുന്നതു്. ലിങ്കു് ഇവിടെ.
ടെക്നോളജി ഡെവലപ്.മെന്റ് ഫോര്‍ ഇന്ത്യന്‍ ലാങ്വേജസിന്റെ ജനമലയാളം ഫോണ്ട് ഈ സൈറ്റില്‍ ലഭ്യം.
തമിഴ് സോഫ്റ്റ് വെയറായ കമ്പനൊപ്പം ലഭിക്കുന്ന അക്ഷര്‍ യൂണിക്കോഡ് .
ഫ്രീസോഫ്റ്റ് വെയറുകാരുടെ ഹോസ്റ്റിംഗ് ഇടമായ സാവന്നയില്‍ ലഭ്യമായ ഫ്രീസെരീഫില്‍ പെട്ട ഫോണ്ടുകളിലേക്കുള്ള ലിങ്ക്. ഇവ ലിനക്സ് / യുണിക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങള്‍ക്ക് വേണ്ടിയാണു്.
ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്-വെയര്‍ കോണ്‍ട്രിബ്യൂഷന്‍ ഗ്രൂപ്പ് നല്‍കുന്ന കേളി.
ഹോമി ഭാഭ സെന്‍റര്‍ ഫോര്‍ സയന്‍സ് എഡ്യൂക്കേഷന്‍, ടാറ്റ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഫണ്ടമെന്‍റല്‍ റിസര്‍ച്ച് വികസിപ്പിച്ച സമ്യക്, സമ്യക് മലയാളം, സമ്യക് സാന്‍സ് മലയാളം എന്നീ ഫോണ്ടുകള്‍. ഇവയില്‍ സമ്യക് പ്രധാന ഇന്ത്യന്‍ ഭാഷകളെല്ലാം അടങ്ങുന്ന മള്‍ട്ടി ലിങ്വല്‍ ഫോണ്ടാണ്. മറ്റു രണ്ട് ഫോണ്ടുകളും മലയാളം, ഇംഗ്ലീഷ് ഭാഷകള്‍ മാത്രം അടങ്ങുന്ന ബൈലിങ്വല്‍ ആണ്.
സണ്‍ മൈക്രോസിസ്റ്റത്തിന്റെ കോപ്പിറൈറ്റഡ് ഫോണ്ടുകളായ സരസ്വതി നോര്‍മല്‍, സരസ്വതി ബോള്‍ഡ് എന്നിവയുടെ ലിങ്കുകള്‍ പ്രവര്‍ത്തിക്കുന്നതായി കാണുന്നില്ല.
ആകൃതി അടക്കം 14 ഫോണ്ടുകളുടെ സംഘാതം സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗുകാരുടെ വെബ് സൈറ്റില്‍ നിന്നും.
എല്‍മാര്‍ വികസിപ്പിച്ച ഇന്തോളജിസ്റ്റുകള്‍ക്കു വേണ്ടിയുള്ള സ്വതന്ത്ര സോഫ്റ്റ്.വെയറായ ഇന്ദോലിപിയുടെ കൂടെ മലയാളം പുതിയ ലിപി, പഴയ ലിപി എന്നിവയ്ക്കായി രണ്ടു ഫോണ്ടുകള്‍ ലഭ്യമാണു്. ഡൌണ്‍ലോഡ് ലിങ്ക് മാറാന്‍ സാധ്യതയുള്ളതിനാലാണു് പേജ് ലിങ്ക് തരുന്നതു്.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സി-ഡാകിന്റെ രഘുമലയാളം, രഘുമലയാളം ഷിപ്പ്ഡ് എന്നീ ഫോണ്ടുകള്‍ പ്രധാനമായും ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് വേണ്ടി വികസിപ്പിച്ചവയാണു്. ഇവയില്‍ രഘുമലയാളത്തിന്റെ പുതിയ വേര്‍ഷന്റെ ലിങ്കു് മുകളില്‍ ഒരു ഖണ്ഡികയില്‍ നല്‍കിയിരുന്നു. അതാണു് ഉപയോഗിക്കേണ്ടതു്.
ജെറോണ്‍ ഹെല്ലിങ്മാന്റെ മെറ്റാ ഫോണ്ടിനെ ആസ്പദമാക്കി എന്‍. വി. ഷാജി വികസിപ്പിച്ച മലയാളം, മല്‍ഒടിഎഫ് എന്നീ ഫോണ്ടുകള്‍. ഇവ രണ്ടും ഒന്നു തന്നെയാണെന്ന് അനിവര്‍ അറിയിച്ചു. മുമ്പ് ഇതേസ്ഥാലത്ത് നല്‍കിയിരുന്ന ലിങ്ക് പഴയ വേര്‍ഷന്റേതായിരുന്നതിനാല്‍ ഇപ്പോള്‍ പുതുക്കിയിട്ടുണ്ട്.
മലയാളം റിസോഴ്സ് സെന്ററിന്റെ പാണിനി.
മിക്ക ലോക ഭാഷകളിലെ അക്ഷരങ്ങളും ഉള്‍ക്കൊള്ളിച്ച കോഡ് 2000 ലും അതിന്റെ പിന്‍ഗാമികളായി വന്ന സഹോദരഫോണ്ടുകളിലും പക്ഷെ മലയാള ഭാഷയ്ക്കുള്ള സപ്പോര്‍ട്ട് പൂര്‍ണ്ണമല്ല. താമസിയാതെ ഈ പങ്കാളിത്ത ഫോണ്ടിന്റെ (ഷെയര്‍ വെയറിന് അങ്ങനെ പറയാമോ?) സ്റ്റേബിള്‍ വേര്‍ഷന്‍ പുറത്തിറങ്ങുമെന്നു് പ്രതീക്ഷിക്കാം.
മാക്‍ ഒഎസ് എക്സില്‍ മലയാളം വായിക്കാന്‍ അടുത്തകാലം വരെയും ക്സീനോടൈപ്പ് ടെക്‍നോളജീസില്‍ നിന്നു് പ്രൊപ്രൈറ്ററി സൊല്യൂഷന്‍ വാങ്ങണമായിരുന്നു. ലിങ്കു് ഇവിടെ. എന്നാല്‍ മലയാളം ബ്ലോഗിങ്ങിന്റെ തുടക്കകാലത്തു് കേരള ബ്ലോഗ് റോള്‍ നടത്തിയിരുന്ന എംപി മനോജും അനുജന്‍ എംപി വിനോദും ചേര്‍ന്നു് രചന അക്ഷരവേദിയുടെ രചന ഫോണ്ടില്‍ മാക്‍ ടേബിളുകള്‍ ചേര്‍ത്തു് സൌജന്യമായി ലഭ്യമാക്കിയിട്ടുണ്ടു്. ഇതുപയോഗിച്ചു് മക്കിന്റോഷ് മെഷീനുകളില്‍ മലയാളം യൂണിക്കോഡ് ഉള്ളടക്കം സുഗമമായി കാണാം. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ.
പെരിങ്ങോടന്റെ സൈറ്റില്‍ കണ്ട ചാമുണ്ടി, ചൊവ്വര, കേരളൈറ്റ്, മനോരമ, മാറ്റ്.വെബ്, പേരു തിരിയാത്ത ഒരു ഫോണ്ട്, ശ്രീ, തൂലിക എന്നിവ ഒരുമിച്ച് സിപ്പ് ഫയലായി. ഈ പോസ്റ്റില്‍ യൂണിക്കോഡ് ഫോണ്ടുകളല്ലാതെ നല്‍കിയിട്ടുള്ളത് ഈ ബാച്ച് മാത്രമാണ്. വെബ്ബില്‍ ധാരാളമായി ഉപയോഗത്തിലിരിക്കുന്നവ എന്ന നിലയിലാണ് ആസ്കി ഗണത്തില്‍ പെട്ട ഇവയുടെ ലിങ്ക് നല്‍കുന്നത്.
ഇതില്‍ ഉള്‍-പ്പെടാത്ത മലയാളം യൂണിക്കോഡ് ഫോണ്ട് ഏതെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ അതിന്റെ ലിങ്ക് കമന്റില്‍ നല്‍കാന്‍ അപേക്ഷ.
മലയാളം കണിപ്പൊരി സംബന്ധിച്ച് സംശയം ഉള്ള പക്ഷം വരമൊഴി സംഘത്തിന്റെ യാഹൂഗ്രൂപ്പ് സഹായത്തിനുണ്ട്. കൂടാതെ വിക്കിയയില്‍ ഒരു സമ്പൂര്‍ണ്ണ സഹായത്താള് ലഭ്യമാണ്. യൂണിക്കോഡ് ഫോണ്ടുകളുടെ ആധികാരികമായ റിസോഴ്സ് വേണമെന്നുള്ളവര്‍ക്ക് അലന്‍വുഡിന്റെ സൈറ്റ് സന്ദര്‍ശിക്കാം. വാസു ജപ്പാന്റെ ഗ്യാലറിയില്‍ മലയാളം യൂണിക്കോഡ് ഫോണ്ടുകളുടെ ശേഖരമുണ്ട്.
യൂണിക്കോഡില്‍ മലയാളമെഴുതാന്‍ വരമൊഴി പോലുള്ള ട്രാന്‍സ്ലിറ്ററേഷന്‍ മാത്രമേ ഉള്ളൂ എന്ന ഒരു ധാരണ നിലനില്‍ക്കുന്നു. ഇതു് ശരിയല്ല. ഇന്‍സ്ക്രിപ്റ്റ് അടക്കം വേറെ ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ടു്. എനിക്കു് ഏറ്റവും സൌകര്യപ്രദമായി തോന്നിയതു് റാല്‍മിനോവ് വികസിപ്പിച്ച വിപുലീകരിച്ച ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡാണു്. യൂണിക്കോഡ് 5.0 പ്രകാരം zwj ഉപയോഗിച്ചാണു് ഈ കീബോര്‍ഡില്‍ ചില്ലക്ഷരം വാര്‍ന്നുവീഴുക. ഇതേ ലേ-ഔട്ടില്‍ യൂണിക്കോഡ് 5.1 പ്രകാരമുള്ള ആണവ ചില്ലു വേണമെന്നുള്ളവര്‍ക്കായി അതും നല്‍കിയിട്ടുണ്ടു്. ആണവചില്ല് പഴയ ചില്ലിനു സമമാണെന്നു് യൂണിക്കോഡ് പ്രസ്താവിച്ചിട്ടില്ലാത്തതിനാല്‍ അല്‍പ്പകാലത്തേക്കെങ്കിലും ഡേറ്റാ ഇന്‍കണ്‍സിസ്റ്റന്‍സി ഉണ്ടാവാന്‍ തരമുണ്ടു്. ഭാവി സ്റ്റാന്റേഡുകളില്‍ ഈ പ്രശ്നം പരിഹൃതമാകുമെന്നു് പ്രതീക്ഷിക്കാം. മലയാളം എന്തുകൊണ്ടു് മലയാളത്തില്‍ തന്നെയെഴുതണം എന്നു് ഇവിടെ വിശദീകരിച്ചിരിക്കുന്നു. മലയാളമെഴുതാനുള്ള മറ്റു മാര്‍ഗ്ഗങ്ങള്‍ ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്നു.
_____________________________________________
8th update on 2009 Nov 05, Thursday 01.06 am IST



39 comments:
A list of available Malayalam Unicode Fonts as far as I came to know and their download links.
അറിവില്‍ പെട്ടിടത്തോളം ലഭ്യമായ മലയാളം യൂണിക്കോഡ് ഫോണ്ടുകളുടെ പട്ടികയും അവ ചൂണ്ടുന്നതിന് ആവശ്യമായ ഇണയക്കൊളുത്തുകളും (ഇന്റര്‍നെറ്റ് ഹൈപ്പര്‍ ലിങ്കുകള്‍).
നല്ലൊരു പോസ്റ്റ്!
സെബിന്റെ ഈ അദ്ധ്വാനഫലം മലയാളം യുണികോഡ് ഫോണ്ടുകള്‍ അന്വേഷിക്കുന്ന എല്ലാവര്‍ക്കും ഉപകാരപ്രദമാവട്ടെ.
കൂടുതല്‍ ഫോണ്ടുകള്‍ വരുന്നതിനനുസരിച്ച് ഈ പോസ്റ്റും പുനഃപ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുമല്ലോ.
http://varamozhi.wikia.com എന്ന സൈറ്റില്‍ ഇത്തരം റിസോഴ്സുകളുടെ ഒരു ശേഖരം തയ്യാറാക്കാന്‍ ശ്രമിക്കുന്നുണ്ട്. എല്ലാര്‍ക്കും പങ്കെടുക്കാവുന്നതാണ്.
വിശ്വം, ലിങ്ക് ഇതാണ്.
ഏതൊക്കെ ഉപയോഗിക്കാന്‍ കൊള്ളും കൊള്ളില്ല എന്ന വിവരം കൂടിയാണ് നമുക്ക് വേണ്ടത്. ഞാന്‍ ഇവിടെ സെബിനെഴുതിയ എനിക്കറിയാത്തവ വരമൊഴിയിലേയ്ക്ക് കോപ്പി ചെയ്യാം.
നന്ദി സിബൂ,
ഞാന്‍ ആ ലിങ്ക്/വിഭാഗം തപ്പിനോക്കിയിട്ട് പെട്ടെന്നു കണ്ടില്ല. :(
വളരെ പ്രയോജനപ്രഥമായ ഒരു ലേഖനം. ബ്ലോഗ് എഴുതുന്നു എന്നല്ലാതെ ഇതിനെക്കുറിച്ച് വലിയ പിടി ഒന്നും ഇല്ലായിരുന്നു. നന്ദി.
നന്ദി സെബിന്‍..പിന്നീട് വിശദമായി നോക്കാനായി ഫേവറൈറ്റ്സിലേക്ക് ചേര്‍ക്കുന്നു...
ഏരിയല്‍ യൂണികോഡ് ഫോണ്ടിന്‍റെ കാര്യം പറഞ്ഞതു നന്നായി.
മലയാളം നേരേ ചൊവ്വേ കാണുന്നില്ലെങ്കില്‍ അതിന് ഒരു കാരണം ഉപയോഗിക്കുന്നത് ഏരിയല്‍ യൂണികോഡ് MS എന്ന ഫോണ്ടാവാന്‍ സാധ്യതയുണ്ട് എന്നെഴുതേണ്ടതാണ്:)
ആ വൃത്തികെട്ട സാധനത്തെ “ദൂരെക്കളയാന്‍” പറ്റിയാല്‍ അത്രയും നന്ന്.
വിജ്ഞാനപ്രദമായ ലേഖനം.
നവാഗതരെ സ്വാഗതം ചെയ്യുമ്പോള്‍ തീര്‍ച്ചയായും ഈ പോസ്റ്റിനെ കൂടി ഞാന്‍ പരിചയപ്പെടുത്തും.
നന്നായി സെബിന്‍
ഇതൊക്കെ ഞാനും ഒന്നു മനസ്സിലാക്കട്ടെ.
പ്രിയ സെബിന്‍,
വളരെ വളരെ നന്ദി.
സെബിന്‍ എഴുതുന്ന പോസ്റ്റില്‍ സമഗ്രതയും,കൃത്യതയും,ഉപകാരപ്പെടുന്നകുറെ അറിവുകളുടെ ശേഖരവുമുണ്ടാകും.
സെബിന്‍ സ്പര്‍ശം!!!
ഫോണ്ടുകളെക്കുറിച്ച് ചിത്രകാരന് ഒന്നുമറിയില്ല.
എങ്കിലും എല്ലാ യൂണിക്കോഡ് ഫോണ്ടുകളുടേയും,ശേഖരമായി അവതരിപ്പിച്ചതും,അതിന്റെയൊക്കെ ലിങ്കും,പ്രത്യേകതകളും വിവരിച്ചു നല്‍കിയതും,പുതുതായി ബ്ലോഗില്‍ എത്തിപ്പെടുന്നവര്‍ക്ക് എത്രമാത്രം അനുഗ്രഹമാണ് എന്നറിയാവുന്നതുകൊണ്ട് സെബിന്റെ ഈ മഹാമനസ്കതക്ക് ചിത്രകാരന്‍ നന്ദി പറയുന്നു.
സാങ്കേതിക അറിവുകളുള്ള മറ്റു ബ്ലോഗര്‍മാരും കമന്റായി ഇവിടെ അറിവു പങ്കുവെക്കുമെന്നതിനാല്‍ ഈ പൊസ്റ്റ് മലയാളം ബ്ലോഗിങ്ങിന്റെ ഒരു വഴികാട്ടിയാണ്.
ഇളം കാറ്റും കൊണ്ടു തിണ്ണയില്‍ ഇരുന്നു കൊച്ചു വര്‍ത്തമാനത്തിലൂടെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പറഞ്ഞു തന്നതിനു ഒത്തിരി നന്ദി...
ഈ ഉദ്യമം അഭിനന്ദനീയം. പുതുക്കിക്കൊണ്ടിരുന്നാല്‍ നന്നായിരിയ്ക്കും
മനു
സെബിന്റെ ഈ ശ്രമം അഭിനന്ദനീയം തന്നെ. ഇതെല്ലാം ഒരു സോഴ്സില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്ന ഒരു ശ്രമമാണ് ഇനി വേണ്ടത്. അതുപോലെ തന്നെ ഓണ്‍ലൈനായി ഭാഷാ സംബന്ധിയായ സംശയങ്ങള്‍ ആധികാരികമായി ദൂരീകരിക്കാനുള്ള ഒരു പോര്‍ട്ടലും.
വളരെ ഉപയോഗപ്രദമായി ഈ ലേഖനം. നന്ദി സെബിന്‍
താങ്ക്യൂ സെബിന്‍ ചെട്ടാ..
അപ്ടേഷന്‍ വന്നാല്‍ അറിക്കുമല്ലൊ..
ബൂലോക അഡ്മിനിസ്ട്രേറ്റേഴ്സിനോട് പറഞ്ഞ് ഈ ബ്ലോഗിലേക്കുള്ള ഒരു ലിങ്ക് ഇടാമോ?
സെബിന്‍ നന്ദി. യുണിക്കോഡ് ഫൊണ്ടുകളെക്കുറിച്ചുള്ള് ലിങ്കുകള്‍ ഒരിടത്തുതന്നെ തന്നതിന്. സാവകാശം പോയി നോക്കാം. (ഇതെല്ലാം ഫ്രീ സോഫ്റ്റ്വെയറുകള്‍ ആക്കിയാല്‍ എല്ലാവര്‍ക്കും ഗുണകരമാവുകയില്ലേ.മലയാള ഭാഷ ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്കും ഉപകാരമാകും)
വളരെ ഉപകാരപ്രദമായ ഈ പോസ്റ്റിനു ഏറെനന്ദി സെബിന്‍.
ഞാനാദ്യം പരിചയപ്പെട്ട മലയാളം ഫോണ്ട് ‘മാധുരി’ആയിരുന്നു.മലയാളത്തില്‍ ടൈപ്പ്ചെയ്യാന്‍
കഴിഞ്ഞപ്പോള്‍ തോന്നിയ ആ സന്തോഷംകാരണം,ഇപ്പോഴും മാധുരിയോടൊരു പ്രത്യേക സ്നേഹമാണു.
http://bigbnb.tripod.com/madhuri_about.html
വളരെ വളരെ ഉപകാരപ്രദം..
നന്ദി..
വളരെ വളരെ നന്ദി..
-അഭിലാഷ്, ഷാര്‍ജ്ജ
സെബിന്റെ ഉദ്യമം നന്നായി. എന്നാല്‍ തൂലികയ്ക്ക് ഡയറക്റ്റ് ലിങ്ക് കൊടുക്കുന്നതു് വിതരണപോളിസിയുടെ ലംഘനമാണു്. സൈറ്റിലേക്കാണു് ലിങ്ക് ചെയ്യേണ്ടതു് എന്നാണു് സൂപ്പര്‍സോഫ്റ്റ് പറയുന്നതു്. ഇപത്രത്തിലും ഈ തെറ്റ് കാണുകയുണ്ടായി.
പിന്നെ രചന ആസ്പദമാക്കി നിര്‍മ്മിച്ച മീര എന്നതു് കൊണ്ടു് എന്താണു് അര്‍ത്ഥമാക്കുന്നതു് ?
രചനയാല്‍ പ്രചോദിതമായി എന്നൊക്കെ പറഞ്ഞാല്‍ ഓക്കെ.
പിന്നെ, ഇനിയും ധാരാളം ഫോണ്ടുകളുണ്ടു് (http://ildc.in/malayalam/2k3.htm)
സി-ഡാക്, ഐ.എം.ആര്‍.സി, കാഡ് ഗ്രാഫ് എന്നിവയ്ക്ക് വേണ്ടി വികസിപ്പിച്ച നൂറിലധികം വരുന്ന മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍ (ജിസ്റ്റ്, ഇളങ്കോ തുടങ്ങിയവ) ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള പേജ് ലിങ്ക് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. റാല്‍മിനോവാണ് ലിങ്ക് ലഭ്യമാക്കിയത്.
സെബിന്‍ നല്ല പരിശ്രമം
ട്രൂടൈപ്പും ഓപ്പണ്‍ടൈപ്പും വെര്‍ഷനുകള്‍ ഒന്നുതന്നെയാണ്. ഏതെങ്കിലും ഒന്ന് ലിങ്ക് ചെയ്താല്‍ മതി. പോസ്റ്റ്സ്ക്രിപ്റ്റ് ലേയൌട്ട് മനസ്സിലാക്കാന്‍ വിഷമമുള്ള അപ്ലിക്കേഷനുകള്‍ക്ക് വേണ്ടി. രചനയുടെ പോസ്റ്റ്‌സ്ക്രിപ്റ്റ് ലേയൌട്ടിനെ ഒരു ട്രൂടൈപ്പ് ഫ്രെയിമിലാക്കിയതാണ് ട്രൂടൈപ്പ് വെര്‍ഷന്‍ . (സാങ്കേതികമായിപ്പോയെങ്കില്‍ ക്ഷമിക്കുക)
പിന്നെ മീരയുടെയും രചനയുടെയും w01 g01 g02 എന്നീ ലക്കങ്ങള്‍ എല്ലാം ഒരേ ആവശ്യത്തിനായി വിവിധപ്ലാറ്റ്ഫോമുകളിലെ ഉപയോഗത്തിനായി ഇറക്കിയതാണ്. മൈക്രോസോഫ്റ്റിന്റെ തെറ്റായ മലയാളം റെന്‍ഡറിങ്ങ് രീതി മറികടക്കാനുള്ള പരീക്ഷണങ്ങളുടെ ഭാഗമായിരുന്നു ഇത്. വിന്‍ഡോസ് xp യാണ് ഉപയോഗിക്കുന്നതെങ്കില്‍ w01 വെര്‍ഷനുകള്‍ ഉപയോഗിക്കുക. ഗ്നു/ലിനക്സോ വിന്‍ഡോസ് വിസ്റ്റയോ ആണെങ്കില്‍ g02 വെര്‍ഷനുകളും.
മീര സീരീസൊന്നുമല്ല. അത് ഒറ്റ ഫോണ്ടാണ്.
ജെറോണ്‍ ഹെല്ലിങ്മാന്റെ മെറ്റാ ഫോണ്ടിനെ ആസ്പദമാക്കി എന്‍. വി. ഷാജി വികസിപ്പിച്ച മലയാളം, മല്‍ഒടിഎഫ് എന്നീ ഫോണ്ടുകള്‍ ഒന്നുതന്നെയാണ്. അത് നിരവധി തിരുത്തലുകള്‍ക്ക് പിന്നീട് വിധേയമായിട്ടുണ്ട്. ആ ലിങ്ക് പഴയതാണ്. പുതിയത് ഈ പാക്കേജില്‍ നിന്നോ ഇവിടെയുള്ള tar.gz ഫയലില്‍ നിന്നോ ലഭിക്കും.
സരോവറില്‍ കാണുന്ന ആകൃതിയും തുളസിയുമൊക്കെ അടങ്ങുന്ന ഫോണ്ടുകള്‍ നിരവധി തെറ്റുകളും ലൈസന്‍സിങ്ങ് പ്രശ്നങ്ങളും ഉള്ളവയായതിനാല്‍ ആരും ഇപ്പോള്‍ അത് ഉപയോഗിക്കാറില്ല.
പിന്നെ പുതിയ ഒരു സ്വതന്ത്ര മലയാളം ഫോണ്ടുകൂടി പണിപ്പുരയിലാണ്. ബ്രിട്ടണിലെ യൂണിവേഴ്‌സിറ്റി ഓഫ് റീഡിങ്ങില്‍ ടൈപ്പ്ഫേസ് ഡിസൈനിങ്ങില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിയും സ്വതന്ത്രഫോണ്ട് പ്രസ്ഥാനത്തിന്റെ സജീവപ്രവര്‍ത്തകനുമായ ഡേവിഡ് വിറ്റി തന്റെ പ്രാക്റ്റിക്കല്‍ പ്രൊജക്റ്റ് ആയി തിരഞ്ഞെടുത്തിരിക്കുന്നത് മലയാളമാണ്. സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങുമായിച്ചേര്‍ന്നാണ് ഇതിന്റെ നിര്‍മ്മാണം നടക്കുന്നത്.
ഡൌണ്‍ലോഡ് പേജില്‍ ലിങ്കരുതെന്ന് മൈക്രോസോഫ്റ്റ് പോലും പറഞ്ഞിട്ടില്ലല്ലോ? പച്ചവെള്ളത്തില്‍ കുളിക്കരുതെന്ന മാതിരി സാങ്ക്ഷന്‍ കാണുമ്പോ ടെക്ക്നോക്രാറ്റ് അല്ലാത്ത ഒരു സാദാ പീസി യൂസര്‍ ആയ എനിക്കു ആകെ കണ്‍ഫ്യൂ റാല്‍മിനോവേ.
മലയാളത്തെക്കുറിച്ച് എന്തു ചര്‍ച്ച നടന്നാലും രചനയുടെ ആരെങ്കിലും വന്ന് ഇതല്ല ശരി എന്നു പറയുന്നത് എന്തുകൊണ്ട്? രചന ആണോ ആദ്യത്തെ മലയാളം ഫോണ്ട്? ആദ്യത്തെ യൂണിക്കോഡ് ഫോണ്ട്? ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടോ സര്‍ക്കാരോ അംഗീകരിച്ച യൂണിക്കോഡ് ഫോണ്ട്? ഏറ്റവും പ്രചാരത്തിലുള്ള ഫോണ്ട്?
ഇന്റര്‍നെറ്റ് മലയാളത്തില്‍ രചനയുടെ സംഭാവന എന്താണ്? എന്തിന്റെ അടിസ്ഥാനത്തിലാണ് രചനയ്ക്ക് മേന്മ അനുവദിക്കേണ്ടത്?
മാഷേ വളരേ ഉപകാരപ്രദമായ ലേഖനം... നന്ദി.
ലിങ്ക് കാണിച്ച് തന്ന ചിത്രകാരനും നന്ദി
ഈ പോസ്റ്റ് എന്റെ ഫേവറേറ്റ്സിലേക്ക് ആഡ് ചെയ്യുന്നു
:)
പുതിയ ഫോണ്ടായ മീരയെക്കുറിച്ചുള്ള വിവരണത്തില്‍ ചെറിയ മാറ്റം വരുത്തി. മലയാളം, മല്‍ഒടിഎഫ് ഫോണ്ട് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് പുതുക്കി. കൂടുതലായി ഉപയോഗിക്കപ്പെടുന്ന തൂലിക, അഞ്ജലി, രചന ഫോണ്ടുകളെക്കുറിച്ച് ചില വിവരങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മലയാളം യൂണിക്കോഡ് എന്‍കോഡിംഗ് സംബന്ധിച്ച് തര്‍ക്കവിഷയമായ സീറോവിഡ്ത് നോണ്‍ ജോയിനറെ കുറിച്ച് പരാമര്‍ശിച്ചു.
* ഇപ്പോഴത്തെ സ്റ്റാന്റേഡില്‍ ചില്ലുകളുണ്ടാക്കുന്ന ശ്രേണി: വ്യഞ്ജനം + ചന്ദ്രക്കല + സീറോവിഡ്ത് ജോയിനര്‍ എന്നാണ്. കൂടുതല്‍ വിവരണത്തിന് ഈ ലിങ്ക് കാണുക.
* ഞാന്‍ ഇവിടെ ഉപയോഗിക്കാന്‍ കൊള്ളാവുന്ന യുണീക്കോഡ് ഫോണ്ടുകളെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഓഡറില്‍ എഴുതിയിരിക്കുന്നു. ഇതില്‍ എക്സ്പിയീലെ കാര്യം മാത്രമേ ഞാന്‍ ടെസ്റ്റ് ചെയ്തിട്ടുള്ളൂ. ലിനക്സിന്റേയും വിസ്തയുടേയും കാര്യങ്ങള്‍ പറഞ്ഞുകേട്ടതാണ്. കൂട്ടിച്ചേര്‍ക്കാനോ തിരുത്താനോ ഉണ്ടെങ്കില്‍ പറഞ്ഞുതരൂ. അല്ലെങ്കില്‍ നേരെ ആ വിക്കിയില്‍ തന്നെ ചെയ്യൂ.
നിങ്ങളുടെയൊക്കെ ഈ രംഗത്തെ സേവന സന്നദ്ധത അഭിനന്ദനാര്‍ഹം. എന്നെപ്പോലെ സാങ്കേതികപരിജ്ഞാനമില്ലാത്തവര്‍ക്ക് വളരെ ഉപകാരപ്രദവും. നന്ദി.
എന്തേ ഇതുവരെ താങ്കളെ വായിക്കാന്‍ വിട്ടുപോയതെന്നറിയില്ല....
സഹദോഹനായിയെന്നറിയുന്നതില്‍ സന്തോഷം....
വളരെ വളരെ ഉപയോഗപ്രദമായ ലേഖനം, സെബിന്‍ ചേട്ടാ.
:)
വളരെ പ്രയോജനപ്രദമായ ഒരു ലേഖനം. ബ്ലോഗ് എഴുതുന്നു എന്നല്ലാതെ ഇതിനെക്കുറിച്ച് വലിയ പിടി ഒന്നും ഇല്ലായിരുന്നു. നന്ദി.
സെബിന്‍....................ഇങ്ങനെ ഒരു മുഖം ഞാന്‍ കണ്ടിട്ടില്ലല്ലോ?????എന്തേ??ഞാനിതു വരെ ഇതു വഴി വന്നില്ല..... ഫൊണ്ടുകള്‍ തപ്പി വഴി മുട്ടിയപ്പോ ഞാന്‍ സിബുവിന്റെ സൈറ്റില്‍ കണ്ടതാ,ഇതു.സത്യത്തില്‍ ഞെട്ടിപ്പോയി.അതോ ഞാന്‍ തന്നെ മറന്നതാണോ എന്നറിയില്ല!ഇപ്പോഴും എനിക്കാവശ്യമുള്ളതു കിട്ടിയില്ല.ശ്രീ,ML കാര്‍ത്തിക എന്നിവ. സെബിന്‍ സഹായിക്കൂ പ്ലീസ്സ്, എന്റെ ബ്ലൊഗുകളും സന്ദര്‍ശിക്കൂ....സമയം പോലെ.
മലയാളം യൂണിക്കോഡ് ഫോണ്ടുകളെക്കുറിച്ചുള്ള പോസ്റ്റ് അപ്ഡേറ്റ് ചെയ്തിരിക്കുന്നു. മീര, രചന, രഘുമലയാളം എന്നീ ഫോണ്ടുകളുടെ പുതിയ വേര്‍ഷന്‍, ആണവ ചില്ലിനെ സാധാരണ ചില്ലാക്കി മാറ്റുന്നതിനുള്ള ഗ്രീസ്മങ്കി സ്ക്രിപ്റ്റ്, ഫയര്‍ഫോക്‍സ് ആഡ് ഓണ്‍ എന്നിവയിലേക്കുള്ള ലിങ്കുകള്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ടു്. പഴയ പോസ്റ്റിലെ റെലവന്റ് അല്ലാത്ത ഭാഗങ്ങള്‍ ഒഴിവാക്കിയിട്ടുണ്ടു്. അഞ്ജലിയെക്കുറിച്ചുള്ള വിവരണത്തില്‍ അടക്കം മാറ്റം വരുത്തിയിട്ടുണ്ടു്.
സ്വപ്നേച്ചി,
'ശ്രീ' ആസ്കി ഫോണ്ടാണു്. അതിന്റെ യൂണിക്കോഡ് വേര്‍ഷന്‍ ലഭ്യമാണോ എന്നറിയില്ല. രാജ് നീട്ടിയത്തിനെ ബന്ധപ്പെട്ടാല്‍ കൃത്യമായ വിവരം ലഭിക്കും. ML-Karthika എന്നതു് സി-ഡാക്കിന്റെ ഫോണ്ടാണു്. സിഡാക്കിന്റെ മിക്കവാറും എല്ലാ ഫോണ്ടുകളുടെയും യൂണിക്കോഡ് വേര്‍ഷന്‍ ലഭ്യമാണു്. ഫോണ്ട് നെയ്മില്‍ മാത്രമാകും വ്യത്യാസം. OT എന്ന അക്ഷരങ്ങള്‍ പുതുതായി ചേര്‍ത്തിട്ടുണ്ടാവുമെന്നേയുള്ളൂ. ലിങ്ക് ഇവിടെ. സംഗതി മൂന്നു് ഇന്‍സ്റ്റോള്‍ ഫയലുകളാണു്.
താങ്കള്‍ കൈയില്‍ സംഗതികള്‍ എല്ലാം ഉണ്ട് !
പക്ഷെ ഫോണ്ടിനെ പറ്റി ഇത്രയും പറഞ്ഞ താങ്കള്‍ പക്ഷെ, അക്ഷരങ്ങള്‍ എല്ലാം ഒരല്‍പം കൂടി വലുതാക്കിയാല്‍ വളരെ നല്ലതായിരിക്കും എന്ന് പറയാന്‍ തോന്നുന്നു . തങ്ങള്‍ മാത്രമല്ല മലയാളം web-ല്‍ എഴുതുന്ന എല്ലാവരോടും അതാണ് എനിക്ക് പറയാന്‍ ഉള്ളത്. മലയാളം എഴുതിയാല്‍ അത് നന്നായി വായിക്കാന്‍ പരുവത്തില്‍ എഴുതുക . കാരണം മലയാളം site-ല്‍ ആരും കാണാന്‍ മാത്രം ആയി വരില്ല.
താങ്കളെ പരിചയപ്പെടാന്‍ കഴിഞ്ഞതില്‍ ഒരുപാടൊരുപാട് സന്തോഷം !
ഞാന്‍ technoparkil ജോലി ചെയ്യുന്ന അനേകം പേരില്‍ ഒരാള്‍ ആണ്. മലയാളത്തില്‍ ഒന്നും blog ചെയ്യാറില്ല. ആംഗലേയ ഭാഷയില്‍ ആണ് അധികവും. താങ്കള്‍ക്ക് എന്നെ എപ്പോള്‍ വേണമെങ്കിലും http://arunraj.in - ല് സന്ദര്‍ശിക്കാവുന്നതാണ്. പിന്നെ ഞാന്‍ ജോലി ചെയ്യുന്നത് web/software രംഗത്ത് ആയതു കൊണ്ടു, എന്തെങ്കിലും സംശയങ്ങള്‍ ഉണ്ടെകില്‍ ചോദിയ്ക്കാന്‍ മാടിക്കണ്ട. അറിവ് എപ്പോഴും പങ്കു വയ്ക്കാന്‍ ഉള്ളതാണല്ലോ !
ഞാന്‍ വീണ്ടും വരാം .
സ്നേഹത്തോടെ ..
Raj
പ്രീയ രാജ്,
ഞാനൊരു സാങ്കേതിക വിദഗ്ദനല്ല. എന്നാലും, Crrl+mouse scroll ബട്ടണ്‍ ചേര്‍ത്തുപയോഗിച്ചാല്‍ അക്ഷരങ്ങളെ വലുതാക്കിയോ ചെറുതാക്കിയോ വായിക്കാന്‍ എനിക്കു പറ്റുന്നൂണ്ടല്ലോ. വായനക്കാരനു അതു സ്വയം ചെയ്യാവുന്നതല്ലേ ഉള്ളൂ. അല്ലെങ്കില്‍, ചില ബ്രൌസറില്‍ അക്ഷരങ്ങള്‍ വളരെ വലുതായിപ്പോയി എന്ന് പരാതി വരില്ലേ.
രാജ് പറഞ്ഞ അതേ പരാതി പണ്ട് ഞാനും ഉന്നയിച്ചിരുന്നു. പിന്നെയാണ്‍ ഇതിനു പരിഹാഹം സ്വന്തം ബ്രൌസറില്‍ തന്നെ യുണ്ടെന്ന് എന്നെ മനസ്സിലാക്കി തന്നതെ.
പ്രിയ അരുണ്‍രാജ്,
മലയാളത്തിലെ മിക്ക ബ്ലോഗുകളും കാണാനാവുന്ന വലിപ്പത്തില്‍ തന്നെയാണു് ഫോണ്ട് പ്രദര്‍ശിപ്പിക്കുന്നതു്. എന്നാല്‍ നിങ്ങളുടെ സിസ്റ്റത്തില്‍ ഉള്ള ഫോണ്ടിന്റെ പ്രോപ്പര്‍ട്ടിയും ബ്രൌസറില്‍ ഡീഫോള്‍ട്ടായി സെറ്റ് ചെയ്ത ഫോണ്ട് സൈസും അനുസരിച്ചു് per user ഇതിനു് വ്യത്യാസം വരാം.
രാജിന്റെ സൈറ്റ് നോക്കിയതില്‍ വശത്തു് ദ്രുപലിന്റെ ലോഗോ കണ്ടു. എന്റെ ഊഹം ശരിയാണെങ്കില്‍ രാജ് ഫ്രീ സോഫ്റ്റ്വെയറിന്റെ വക്താവാകും. മിക്കവാറും സിസ്റ്റത്തിലെ ഡീഫോള്‍ട്ട് ഫോണ്ട് മീരയാകാനും സാധ്യതയുണ്ടു്. മീരയുടെ നോര്‍മല്‍ ഗ്ലിഫ് സൈസ് മറ്റു ഫോണ്ടുകളെ അപേക്ഷിച്ചു് കുറവാണു്. ഇതുമൂലം അക്ഷരം വായിക്കാന്‍ പ്രയാസം അനുഭവപ്പെടും. ഇതെങ്ങനെ മറികടക്കാമെന്നു് അനിവര്‍ പോസ്റ്റെഴുതിയിട്ടുണ്ടു്. അനിവറിനെ ബന്ധപ്പെട്ടാല്‍ പറഞ്ഞുതരും.
ഇനി മറ്റൊരു മാര്‍ഗ്ഗമുള്ളതു്, ഫയര്‍ഫോക്സ് ആണു് ഉപയോഗിക്കുന്നതെങ്കില്‍ tools > options > content എടുക്കുക. Fonts & Colours ല്‍ advanced എടുക്കുക. Fonts for എന്നിടത്തു് Malayalam സെലക്ട് ചെയ്യുക. പിന്നീടുള്ള കോളങ്ങളില്‍ ആദ്യത്തേത് സെരീഫ് ആയി നിലനിര്‍ത്തുക. മറ്റുള്ള കോളങ്ങളില്‍ നിങ്ങള്‍ക്കു് ഇഷ്ടമുള്ള മലയാളം യൂണിക്കോഡ് ഫോണ്ടു് തിരഞ്ഞെടുക്കുക. ഫോണ്ട് സൈസ് ആവശ്യമായത്രയും നല്‍കുക. അതിനും ഓപ്ഷനുണ്ടു്. അതിനു് ശേഷം allow pages to choose their own font ടിക്‍ ചെയ്യുക. എന്‍കോഡിങ് UTF-8 ആക്കുക. save ചെയ്തു് പുറത്തുപോരുക. ഇനി വീണ്ടും മലയാളം ബ്ലോഗുകള്‍ കണ്ടുനോക്കൂ. വ്യത്യാസം മനസ്സിലാകും.
സമാനമായ രീതിതന്നെ എക്സ്പ്ലോററിലും പിന്തുടരാം. tools > internet options > General Tab > Fonts തെരഞ്ഞെടുക്കുക. language scripts മലയാളമാക്കുക. ഫോണ്ടു് തിരഞ്ഞെടുത്തുനല്‍കുക. എക്സ്പ്ലോററാണു് ഉപയോഗിക്കുന്നതെങ്കില്‍ ഫോണ്ട് സൈസ് പ്രിസ്ക്രൈബ് ചെയ്യാനാവുമോ എന്നു് എനിക്കു നിശ്ചയമില്ല. എങ്കിലും അല്‍പ്പം വലിപ്പമുള്ള ഫോണ്ടു് തിരഞ്ഞെടുക്കാവുന്നതാണു്. അഞ്ജലി ഓള്‍ഡ് ലിപിയോ രചനയോ കാര്‍ത്തികയോ രഘുമലയാളമോ ആവാം. മീര വേണ്ടെന്നു് വയ്ക്കാം. ഇതു് മീര മോശമായതുകൊണ്ടല്ല. വെബ്ബിനേക്കാള്‍ പ്രിന്റിനു് പറ്റിയ ഫോണ്ടാണു് മീര.
അഭിനന്ദനങ്ങള്‍.
Good one..
എനിക്ക് ism malayalam അറിയാം . പക്ഷെ, അതില്‍ ടൈപ്പ് ചെയ്തു മാറ്റര്‍ എങ്ങനെയാണ് പോസ്റ്റ് ചെയ്യുക? സഹായിക്കണം.. ബൂലോഗ ത്തിലെ ശിശുവാണ് ഈയുള്ളവന്‍. പ്ലീസ്
മഹിര്‍,
ഐഎസ്എം ഉപയോഗിക്കുന്നതു് ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ലേ ഔട്ടാണു്. എന്നാല്‍ ആസ്കി ഫോണ്ടുകളില്‍ ടൈപ്പ് ചെയ്യാനുള്ള സംവിധാനമേ ഐഎസ്എം നല്‍കുന്നുള്ളൂ. ബ്ലോഗില്‍ ഉപയോഗിക്കുന്നതു് യൂണിക്കോഡ് ഫോണ്ടുകളാണു്. അതുകൊണ്ടു തന്നെ ആസ്കിയിലെഴുതിയ ടെക്സ്റ്റ് അതേപടി പേസ്റ്റ് ചെയ്യാനാവില്ല. അതേ സമയം വരമൊഴി, പയ്യന്‍സ്, അക്ഷരം ഓണ്‍ലൈന്‍, തുടങ്ങിയ സംവിധാനങ്ങളുപയോഗിച്ചു് ആസ്കിയില്‍ എഴുതിയ ടെക്സ്റ്റിനെ യൂണിക്കോഡിലേക്കു് കണ്‍വേര്‍ട്ട് ചെയ്യാനാവും.
ഇതിനേക്കാള്‍ മെച്ചപ്പെട്ട മാര്‍ഗ്ഗം, ഐഎസ്എം പിന്തുടരുന്ന ഇന്‍സ്ക്രിപ്റ്റ് ലേ ഔട്ടില്‍ തന്നെ നിങ്ങളുടെ സിസ്റ്റത്തില്‍ യൂണിക്കോഡ് ഫോണ്ടുകളില്‍ ടൈപ്പ് ചെയ്യുന്നതാണു്. മലയാളത്തിന്റെ പ്രത്യേകതകള്‍ പരിഗണിച്ചു് വിപുലീകരിച്ച ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ലേ ഔട്ട് ഉപയോഗിച്ചു് യൂണിക്കോഡ് ഫോണ്ടുകള്‍ ടൈപ്പ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ മലയാളം മലയാളത്തിലെഴുതാന്‍ എന്ന പോസ്റ്റില്‍ വിശദീകരിച്ചിട്ടുണ്ടു്. അവിടെ നല്‍കിയിരിക്കുന്ന ലിങ്കു് ഉപയോഗിച്ചു് റാല്‍മിനോവിന്റെ ബ്ലോഗ് പോസ്റ്റ് സന്ദര്‍ശിച്ചു് നിര്‍ദ്ദേശാനുസരണമുള്ള കാര്യങ്ങള്‍ ചെയ്യാവുന്നതാണു്. വിന്‍ഡോസ് എക്സ്‌പി സര്‍വീസ് പായ്ക്ക് 2 മുതലുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണു് ഉപയോഗിക്കുന്നതു് എന്ന ധാരണയിലാണു് ഇതെഴുതുന്നതു്. ഗ്നൂ ലിനക്സ് സിസ്റ്റങ്ങളില്‍ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് സജ്ജമാക്കാന്‍ ആവശ്യമായ വിവരങ്ങള്‍ സ്വതന്ത്രമലയാളം കമ്പ്യൂട്ടിങ്ങിന്റെ സഹായത്താളില്‍ നിന്നു് ലഭിക്കും.
വളരെയധികം നന്ദി... ഇനിയും ഇടയ്ക്ക് സംശയങ്ങളുമായി ബുദ്ധിമുട്ടിക്കാം... സഹകരിക്കുമല്ലോ..
ജാലകം എന്ന ഫോണ്ട് ഉപയോഗിച്ച് ടൈപ്പ് ചെയ്തത് യൂണികോഡ് ആക്കി മാറ്റാൻ വല്ല വഴിയുമുണ്ടോ ?
Post a Comment