ഇതൊരു ഗുണപാഠ കഥയാണ്. രണ്ടാണ് ഈ കഥയിലെ പാഠം. ഒന്ന്: നമ്മളുടെ അഭിപ്രായം ആവശ്യമില്ലാത്തിടത്ത് അത് പ്രകടിപ്പിക്കാന്‍ ചെല്ലരുത്. രണ്ട്: പാത്രമറിഞ്ഞേ വിളമ്പാവൂ. അതായത്, അഭിപ്രായം അഭിപ്രായമെന്ന നിലയില്‍ കേള്‍ക്കാനും വിലയിരുത്താനും ശേഷിയും അര്‍ഹതയുമുള്ളവരുടെ അടുത്തേ, അതു പറയാന്‍ നില്‍ക്കാവൂ.
ഈ രണ്ടുനിയമവും തെറ്റിച്ചതാണ് സക്കറിയ ചെയ്ത തെറ്റ്. ഒന്ന്, മലയാളികളോട് - ഡിവൈഎഫ്‌ഐക്കാരോടല്ല - ലൈംഗികത ചര്‍ച്ച ചെയ്യാന്‍ പാടില്ല. സമൂഹത്തിന്റെ കപട സദാചാര ബോധം വഴിക്കണ്ണുമായി നോക്കിയിരിപ്പുണ്ട്. രണ്ട്: നമ്മുടെ രാഷ്ട്രീയബോധം പലപ്പോഴും വ്യക്തിനിഷ്ഠമാണെന്നും അതില്‍ വസ്തുനിഷ്ഠതയുടെയോ ആശയപരതയുടെയോ അംശങ്ങള്‍ തുലോം കുറവാണെന്നും മനസ്സിലാക്കാതെയാണ് അദ്ദേഹം അഭിപ്രായങ്ങള്‍ പറഞ്ഞത്. നമ്മുടെ ലൈംഗിക വിചാരങ്ങളുടെ ആഴമളക്കുന്നതില്‍ സക്കറിയയ്ക്ക് പാളിച്ച പറ്റി.
ബാംഗ്ലൂരിലേക്ക് പോകുന്ന ബസുകള്‍ സഞ്ചരിക്കുന്ന വ്യഭിചാരശാലകളാണെന്ന് 'തുറന്നെഴുതി' ഇളംമഞ്ഞയുടെ വായനാസമൂഹത്തെ കൂടി തങ്ങളോടൊപ്പം നിര്‍ത്താന്‍ വനിതാ പ്രസിദ്ധീകരണങ്ങള്‍ക്ക് പൊങ്ങച്ചത്തിന്റെ ആലഭാരങ്ങള്‍ തടസ്സമല്ലാതെ വരുന്നത് നമ്മുടെ സമൂഹത്തിലാണ്. അടിപ്പെടലിന്റെ അടിമത്താവസ്ഥയെ തെല്ലും മനസ്സിലാക്കാതെ, സൂര്യനെല്ലിപ്പെണ്‍കുട്ടിക്ക് ഓടിരക്ഷപ്പെടാമായിരുന്നില്ലേ എന്ന് ഒരു ന്യായാധിപന്‍ അത്ഭുതം കൂറിയപ്പോള്‍ കൂടെ അത്ഭുതപ്പെട്ടവരാണ് നമ്മള്‍. ആ പാകമാകാത്ത സമൂഹത്തോടാണ് മുമ്പൊരിക്കല്‍, സെന്റ് തെരേസാസ് വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളെ സൂചിപ്പിച്ച് "കുറെ പെണ്‍കുട്ടികള്‍ സ്വന്തം ഹോസ്റ്റല്‍ മുറിയില്‍ നഗ്നരായി ഫോട്ടോയെടുത്താല്‍ ആര്‍ക്കാണ് പ്രയാസം" എന്ന് സക്കറിയ കണ്ണുരുട്ടിയത്. പ്രതികരണം എന്തായിരുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അന്നേ മനസ്സിലാക്കേണ്ടതായിരുന്നു, സക്കറിയ മലയാളികളെ. അതുണ്ടായില്ല, പകരം അദ്ദേഹം പയ്യന്നൂരില്‍ ചെന്ന് ഇങ്ങനെ പ്രസംഗിച്ചു:
'ഒരു സഖാവ് ഒരു ഭാര്യയെ സ്വീകരിക്കുന്നതിന്റെ രീതി, അല്ലെങ്കില്‍ ഒരു ഇണയെ കണ്ടെത്തുന്നതിന്റെ രീതിയുടെ മേല്‍ വരെ അയാള്‍ യഥാര്‍ത്ഥ സഖാവാണെങ്കില്‍ നിയന്ത്രണങ്ങളുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. അതിലെ ലൈംഗികത, പരസ്യ ലൈംഗികത ഒരു മുഖം മൂടി മാത്രമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. വലിയ ഒരു വെള്ള പൂശിയ മുഖംമൂടിയാണ് നിങ്ങള്‍ കാണുന്നത്. അതിലെ രഹസ്യ ലൈംഗികതയെന്നത് മറ്റാരുടെയും കാര്യം പോലെ സ്വതന്ത്രവും ആനന്ദകരവും സന്തോഷകരവുമൊക്കെയാണ്...'
'വാസ്തവത്തില്‍ ഈ ഇടതുപക്ഷപ്രസ്ഥാനം ഒരു ഒളിപ്രസ്ഥാനമായിരുന്ന കാലത്ത്, ഞാന്‍ മനസ്സിലാക്കിയിടത്തോളം, ഇത്രമാത്രം ലൈംഗികതയില്‍, ആ ഒളിവിന്റെ സുഖത്തില്‍, അതിന്റെ മറവില്‍ ഇത്രമാത്രം ലൈംഗികതയോടുകൂടി പ്രവര്‍ത്തിച്ച മറ്റൊരു പ്രസ്ഥാനമുണ്ടോ എന്ന് സംശയമുണ്ട്...'
'ഒരു പക്ഷേ ഏറ്റവും ലൈംഗികതയില്‍ അടിയുറച്ച പ്രസ്ഥാനമാണ് (ചെറുതായി ചിരിക്കുന്നു) രാഷ്ട്രീയ പ്രസ്ഥാനമാണ് ഇടതുപക്ഷപ്രസ്ഥാനം. ആ രാഷ്ട്രീയപ്രസ്ഥാനമാണ് ഇന്ന് ഇത്ര ഭീകരമായ സങ്കുചിതത്വത്തിലേക്ക്, ഒരു സ്ത്രീയേം പുരുഷനേം ഒന്നിച്ചു കണ്ടാല്‍ സംശയിക്കണം എന്ന സങ്കുചിതത്വത്തിലേക്ക് മറിഞ്ഞത്...'
'അപ്പോ എനിക്ക് തോന്നുന്നത് ക്രൈസ്തവ പാരമ്പര്യം നമ്മില്‍ അടിച്ചേല്‍പ്പിച്ച ഒരു യാഥാസ്ഥിതികത്വം ഒരുവശത്തുണ്ട്. മറുവശത്ത്, എനിക്ക് തോന്നുന്നത്, ഇടതുപക്ഷപ്രസ്ഥാനത്തെയും കൂടി ഈ തരത്തിലുള്ള പ്രവര്‍ത്തനത്തിന്റെ വെളിച്ചത്തില്‍ കണ്ടേതീരൂ...'
(ഇത് പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപമല്ല. വീഡിയോ ഷെയറിങ് സൈറ്റായ യൂടൂബില്‍ ആരോ അപ്ലോഡ് ചെയ്ത പ്രസംഗഭാഗങ്ങള്‍ മാത്രമാണ്.)
ഒറ്റനോട്ടത്തില്‍ ഈ പ്രസംഗത്തിന് യാതൊരുയുക്തിഭംഗവുമില്ല. എന്നാല്‍ ഈ പ്രസംഗം വന്ന സാഹചര്യം കൂടി പരിഗണിക്കണം. വിവാദമായ മഞ്ചേരി സംഭവം ഒന്നര ദിവസം കൊണ്ട് മാധ്യമങ്ങളില്‍ നിന്ന് അപ്രത്യക്ഷമായ ഒന്നാണ്. രാജ്മോഹന്‍ ഉണ്ണിത്താനെ വീട് വളഞ്ഞ് പിടിച്ചതു പൗരാവകാശ ലംഘനമാണെന്നും ഭരണകൂടം നിയമ ലംഘകര്‍ക്ക് കൂട്ടുനില്‍ക്കുകയാണെന്നും പറഞ്ഞാണ് സക്കറിയ പ്രസംഗം ആരംഭിച്ചതെന്ന് ദേശാഭിമാനി എഴുതുന്നു. ഇതിന് പിന്നാലെ നടക്കുന്ന ഡിവൈഎഫ്‌ഐയും മഹിളാഅസോസിയേഷനും എസ്‌എഫ്‌ഐയുമെല്ലാം ലൈംഗിക അരാജകത്വത്തെ സ്ഥാപനവല്‍ക്കരിച്ചവരാണെന്ന് സക്കറിയ പ്രസംഗിച്ചതായും പാര്‍ട്ടി മുഖപത്രം കുറ്റപ്പെടുത്തുന്നു. ലൈംഗിക അരാജകത്വമെന്ന വാക്ക് താന്‍ ഉപയോഗിച്ചിട്ടില്ലെന്ന് ഇന്ത്യാവിഷന്‍ ചര്‍ച്ചയില്‍ സക്കറിയ പിന്നീട് നിഷേധിക്കുന്നുണ്ട്.
പാര്‍ട്ടി പത്രമായതിനാല്‍ ഇപ്പറഞ്ഞതില്‍ എത്രമാത്രം സത്യമുണ്ടാവും എന്ന സംശയം നമുക്കോരോരുത്തര്‍ക്കും കാണും. അതേ സമയം ഡിവൈഎഫ്ക്കാരും മറ്റുമാണ് വീടുവളഞ്ഞതെന്ന് മറ്റുപത്രങ്ങള്‍ എഴുതിയാല്‍ അത് സത്യമാണെന്ന് വിശ്വസിക്കാനും അത്തരം ആരോപണം ആവര്‍ത്തിക്കാനും സക്കറിയയ്ക്ക് പ്രയാസമില്ല. സ്വാതന്ത്ര്യത്തിന്റെ രണ്ടുമുഖങ്ങളെ കുറിച്ചാണ് പറയുന്നത്.
കെ കരുണാകരന്‍ ഡിഐസി ഉണ്ടാക്കിയപ്പോള്‍ കൂടെ പോകാതെ കെപിസിസി പ്രസിഡന്റ് പദം രാജിവച്ച് മന്ത്രിയാവുകയും തുടര്‍ന്ന് ഉപതെരഞ്ഞെടുപ്പില്‍ തോറ്റമ്പുകയും ചെയ്ത കെ. മുരളീധരന്റെ ദയനീയ മുഖം ഓര്‍ക്കുന്നവര്‍ "തുറക്കൂ ഡെന്നീസ്, അടയ്ക്കൂ ഡെന്നീസ്" എന്ന ഉണ്ണിത്താന്‍ മന്ത്രം മറന്നിട്ടുണ്ടാവില്ല. പ്രകാശ് കാരാട്ട് രാത്രിയില്‍ ബൃന്ദയുടെ തുടയില്‍ തട്ടിവിളിച്ചാണ് അവെയ്‌ലബിള്‍ പിബി കൂടുന്നതെന്ന അശ്ലീല പരാമര്‍ശം അതേ നാവില്‍ നിന്ന് ഈയടുത്ത് കേട്ടതും ഓര്‍മ്മയുണ്ടാവും. പിണറായിയുടെ കണ്ണ് മ്അദനിയിലാണോ സൂഫിയയിലാണോ എന്ന് ചോദിച്ചതും, അതേയാള്‍ തന്നെ.
മലയാളിയുടെ കപടസദാചാരത്തെ ആവോളമുപയോഗിച്ച് തികച്ചും സ്ത്രീവിരുദ്ധമായ ജല്‍പ്പനങ്ങളോടെ എതിരാളികളായ രാഷ്ട്രീയ നേതാക്കന്മാരുടെ സ്വകാര്യതയ്ക്ക് നേരെ അശ്ലീലമുതിര്‍ത്ത ആ രാഷ്ട്രീയപുംഗവന്‍ ഒരു നാള്‍ താന്‍ തീര്‍ത്ത ലൈംഗിക സദാചാരത്തിന്റെ തടവറയില്‍ പെട്ടു. നാട്ടിന്‍പുറത്തെ ഒരു വീട്ടില്‍ രാത്രികളില്‍ കാറുകള്‍ വരികയും പോവുകയും ചെയ്യുന്നത് കണ്ട് പെണ്‍വാണിഭ റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായി സംശയിച്ച് പരിസരം നിരീക്ഷിച്ച നാട്ടുകാര്‍ ഒരു ഞായറാഴ്ച വെളുപ്പിന് വീട്ടില്‍ വെളിച്ചം കണ്ട് കടന്നു ചെന്നപ്പോള്‍ കണി രാജ്മോഹനായിരുന്നു.
രാജ്മോഹന്‍ അവിടെ വന്നത് എന്തിനെന്നത് വിഷയമല്ല. രാജ്മോഹന് ഒപ്പമുണ്ടായിരുന്ന സ്ത്രീയുമായി അയാള്‍ ലൈംഗികവേഴ്ച നടത്തിയാല്‍ തന്നെയും, അത് അവരെയും പരമാവധി അവരുടെ കുടുംബങ്ങളേയും മാത്രം ബാധിക്കുന്ന കാര്യമാണ്. അതില്‍ നാട്ടുകാര്‍ക്ക് കാര്യമില്ല. മഞ്ചേരിയില്‍ അക്ഷരാര്‍ത്ഥത്തില്‍ നടന്നത് മോബ് ജസ്റ്റിസ് ആണ്. വടക്കന്‍ കേരളത്തില്‍ മോബ് ജസ്റ്റിസ് നടാടെ നടക്കുകയല്ല. എങ്കിലും ഇത്രമേല്‍ ജനാധിപത്യവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ഒരു നീതി നടപ്പാക്കലിനെ ഉള്‍ക്കൊള്ളാനോ അനുകൂലിക്കാനോ ആവില്ല. അവിടെ പക്ഷെ രാജ്മോഹനെ കുടുക്കിക്കളയാം എന്നുവച്ച് ആരും വലയും വിരിച്ച് കാത്തിരുന്നതല്ല. ആര്‍ക്കോവേണ്ടി വിരിച്ച വലയില്‍ രാജ്മോഹന്‍ ചെന്നുവീഴുകയായിരുന്നു.
ജനം നിയമം കയ്യിലെടുത്തു എന്നത് നേര്. ജനക്കൂട്ടത്തില്‍ പ്രധാനമായും സ്ഥലത്തെ കോണ്‍ഗ്രസുകാരും ലീഗുകാരുമായിരുന്നു എന്ന് കിഞ്ചനവര്‍ത്തമാനം. സംഭവം അറിഞ്ഞുംകേട്ടും എത്തിയതാണ് ഡിവൈഎഫ്‌ഐക്കാരും പിഡിപിക്കാരും. അവര്‍ അവസരം മുതലെടുക്കുകയും ചെയ്തു. പക്ഷെ സക്കറിയയുടെ പ്രസംഗത്തിലെത്തിയപ്പോള്‍ സദാചാരസംരക്ഷകരുടെ വേഷമിട്ടത് ഇടതുപക്ഷക്കാര്‍ മാത്രമായി എന്നിടത്ത് സക്കറിയ നീതിയല്ല പ്രവര്‍ത്തിച്ചതു എന്ന് പറയേണ്ടിവരും.
ഉണ്ണിത്താന്‍ വിഷയത്തില്‍ വ്യക്തിയുടെ ലൈംഗിക സ്വാതന്ത്ര്യം പരക്കെ ചര്‍ച്ചാവിഷയമാകുമ്പോള്‍ നാം മറന്നുപോകുന്ന ഒന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ബാംഗ്ലൂരിലെ ഒരു ചാനല്‍ നടത്തിയ സ്ടിങ് ഓപ്പറേഷനെ തുടര്‍ന്ന് ഒരു നക്ഷത്ര വേശ്യാലയത്തില്‍ നിന്ന് വിദേശിയായ ലൈംഗിക തൊഴിലാളിയോടൊപ്പം ബിനീഷ് കോടിയേരി അറസ്റ്റ് ചെയ്യപ്പെട്ടു എന്ന വ്യാജ വാര്‍ത്തയാണത്. അന്ന് ബിനീഷ് ഗള്‍ഫിലായിരുന്നു എന്നത് വേറെ കാര്യം. എന്നാല്‍ ആദ്യവാര്‍ത്ത ചാനല്‍ തന്നെ പിന്നീട് തിരുത്തുകയും പെണ്‍കുട്ടിയുടെ ലാപ്ടോപ്പില്‍ നിന്ന് അവര്‍ക്കൊപ്പം ബിനീഷെന്ന് സംശയിക്കുന്ന യുവാവിന്റെ ചിത്രം ലഭിക്കുകയും ചെയ്തത്തായി ചാനല്‍ വ്യാഖ്യാനിച്ചു. ആ വാര്‍ത്തയും ചിത്രവും മലയാളദൃശ്യമാധ്യമലോകം കൊണ്ടാടുക തന്നെ ചെയ്തു.
മഞ്ചേരി സംഭവത്തില്‍ എന്തുകൊണ്ട് നാട്ടുകാരില്‍പ്പെട്ട മറ്റാരും വിമര്‍ശന വിധേയമാവുന്നില്ല, എന്തുകൊണ്ട് ഡിവൈഎഫ്‌ഐ ചിത്രത്തിലേക്ക് വരുന്നു എന്നുചോദിച്ചാല്‍ ഉത്തരം ലളിതമാണ്. പൊതുസമൂഹത്തിന്റെ നിലപാടുകളെയും താത്പര്യങ്ങളേയും ഗുണാത്മകമായി സ്വാധീനിക്കാനും മെച്ചപ്പെടുത്താനുമുള്ള ബാധ്യത ഏതൊരു പുരോഗമന പ്രസ്ഥാനത്തിനുമുണ്ട്. അതിന്റെ സ്ഥാനത്ത്, സ്ഥാപനവത്കരിക്കപ്പെട്ട ലൈംഗിക പൊതുബോധത്തെ ന്യായീകരിക്കാന്‍ അവര്‍ തുനിയുമ്പോള്‍ അതിനെ തിരുത്തേണ്ട ബാധ്യത ആര്‍ക്കാണ് എന്ന മറുചോദ്യമുയരുന്നു.
അങ്ങനെ ആരാനും കുറ്റപ്പെടുത്തിയാല്‍ അതിന് വാക്കുകള്‍ കൊണ്ട് മറുപടി പറയുകയാണ് അഭികാമ്യം. പ്രത്യേകിച്ച് കേരളത്തിന്റെ പൊതുബോധമാകെ പിണറായി വിജയന് എതിരുനില്‍ക്കുമ്പോഴും ലാവ്ലിന്‍ കേസില്‍ ചില വാദങ്ങള്‍ എടുത്തുപറഞ്ഞ് പിണറായിയെ പിന്തുണച്ച ഒരാളാണ് സക്കറിയ എന്ന പുരാവൃത്തമെങ്കിലും അദ്ദേഹത്തോട് വൈകാരികമായി പെരുമാറിയവര്‍ ഓര്‍ക്കേണ്ടതായിരുന്നു.
വൈകാരികത തന്നെയാണ് സക്കറിയയ്ക്കെതിരായ കയ്യേറ്റ ശ്രമമായി മാറിയത്. തരാതരം തിരിച്ചറിയാനുള്ള ത്യാജ്യഗ്രാഹ്യബുദ്ധിയെ, വിവേകത്തെ, വൈകാരികത കീഴ്പ്പെടുത്തുന്നു. ഇടതുപക്ഷത്തില്‍ അതുണ്ടാവുമ്പോള്‍ അത് രാഷ്ട്രീയമായ പരാജയം കൂടിയാകുന്നു.
ഇതിനുമപ്പുറം സക്കറിയയുടെ പ്രസംഗത്തിലേക്ക് തിരിച്ചുപോയാലോ? കമ്മ്യൂണിസ്റ്റുകാരുടെ ഒളിവുജീവിതം ലൈംഗികതയുടെ ഉത്സവമായിരുന്നു എന്ന് സക്കറിയ ധ്വനിപ്പിക്കുമ്പോള്‍ ചില ഒറ്റതിരിഞ്ഞ അനുഭവങ്ങളെ സാമാന്യവത്കരിക്കുകയാണ്. ഒളിവുജീവിതം വലിയ സുഖമായിരുന്നു എന്ന പേച്ച് പയ്യന്നൂറില്‍ പ്രസംഗം കേട്ടവര്‍ക്ക് അത്ര രസിച്ചിട്ടുണ്ടാവില്ല. സാഹിത്യത്തേക്കാളും അവര്‍ കേട്ടിട്ടുള്ളത് ഒളിവില്‍ താമസിച്ച സഖാക്കളുടെ കഷ്ടപ്പാടിന്റെ കഥകളായിരിക്കും. പയ്യന്നൂറില്‍ നിന്ന് കരിവെള്ളൂരിലെ കണ്ടത്തിലേക്ക് വലിയ ദൂരമില്ലല്ലോ.
ഒളിവുകാലം ലൈംഗീകപര്യവേക്ഷണങ്ങളുടേതായിരുന്നു എന്ന കല്‍പ്പന സുബ്രഹ്മണ്യ ഷേണായിയും കുഞ്ഞമ്പുവും നായനാരും ഇഎംഎസും എകെജിയും അടക്കമുള്ള നേതാക്കന്മാരുടെ സാന്മാര്‍ഗ്ഗിക സങ്കല്‍പ്പങ്ങളെ മാത്രമല്ല ചോദ്യം ചെയ്യുന്നത്. അവരെ ഒളിവില്‍ പാര്‍പ്പിച്ച വീടുകളിലെ സ്ത്രീകളെ കൂടിയാണ്. തങ്ങളുടെ പുരുഷന്മാര്‍ കൊടിയ മര്‍ദ്ദനത്തിന് വിധേയരായി ഒളിവിലും തെളിവിലുമായി കഴിയുമ്പോഴും കണ്ണിലെ കൃഷ്ണമണി പോലെ വിപ്ലവപ്രസ്ഥാനത്തിന്റെ നേതാക്കന്മാരെ സംരക്ഷിക്കാന്‍ തയ്യാറായ അവരത്രയും അയഞ്ഞ ജീവിതത്തിന്റെ പ്രതിനിധികളായിരുന്നു എന്നു പറയുമ്പോള്‍ അവരുടെ മക്കള്‍ അച്ഛനെന്ന് വിളിക്കുന്നത് യഥാര്‍ത്ഥ അച്ഛനെയല്ല എന്നും വരുന്നു. എത്ര മധുരംപുരട്ടി പറഞ്ഞാലും തന്തയില്ലാത്തവര്‍ എന്ന ആക്ഷേപം സമചിത്തത്തയോടെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് തുണയായി രൂപക്കൂടിന്റെ സംരക്ഷണമില്ല. അത്രമേല്‍ രൂഢമൂലമാണ് നമ്മുടെ സമൂഹത്തിലെ പുരുഷാധിപത്യ സങ്കല്‍പ്പം. അതില്‍ നിന്ന് പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് പോലും രക്ഷയില്ല.
കാക്കനാടന്റെ ഉഷ്ണമേഖല നോവല്‍ എന്നതിനപ്പുറം ചരിത്രപുസ്തകമായി മാറുന്നതും, ടിവി തോമസ്, എംഎന്‍ തുടങ്ങിയവരെ കുറിച്ച് പ്രചരിച്ചിരുന്ന ശരിയോ തെറ്റോ ആയ കഥകള്‍ എല്ലാവരുടെയും കഥകളാവുന്നതും പത്രത്താളുകളിലാവുമ്പോള്‍ അവര്‍ക്ക് ഉടന്‍ പ്രതികരിക്കാനാവില്ല. അതേ സമയം അത് അവരുടെ മുഖത്തുനോക്കി ആരെങ്കിലും പറയുമ്പോള്‍ കുറഞ്ഞ പക്ഷം ചില വാടാപോടാ വിളികളെങ്കിലുമുണ്ടാകും. ഒരു വിഷയലമ്പടന്റെ ലൈംഗികാന്വേഷണ പരീക്ഷണങ്ങളെ ന്യായീകരിക്കാനായാണ് തങ്ങളുടെ നേതാക്കന്മാരെ കുറിച്ചും അമ്മമാരെ കുറിച്ചും വേണ്ടാതീനം പറയുന്നതെന്നേ, അവര്‍ കരുതൂ. അത് ഡിവൈഎഫ്‌ഐക്കാരന്റെ കുഴപ്പമല്ല, മലയാളികളുടെ പൊതുപ്രശ്നമാണ്. അസഹിഷ്ണുതയ്ക്കപ്പുറം ലൈംഗികമായ അരക്ഷിതത്വ ബോധത്തില്‍ നിന്നാണ് ഈ പ്രതികരണം ഉണ്ടാവുന്നത്. അല്ലെങ്കില്‍ അരക്ഷിതത്വത്തില്‍ നിന്നാണ് അസഹിഷ്ണുതയ്ക്ക് ഊര്‍ജ്ജം ലഭിക്കുന്നത്. ഇത് ചികിത്സിക്കേണ്ട രോഗമാണുതാനും.
ഇടക്കാലത്ത് ഉണ്ടായിരുന്ന കമ്മ്യൂണ്‍ ജീവിതത്തെ കുറിച്ച് വലതുപക്ഷക്കാര്‍ 50കളില്‍ ഉയര്‍ത്തിയ ആക്ഷേപം സ്ത്രീ പൊതുമുതലാണെന്നും അതിനാല്‍ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ ഏതു പുരുഷനും ആരുടെ ഭാര്യയേയും ഭോഗിക്കാമെന്നുമായിരുന്നു. സക്കറിയയെ പോലൊരാള്‍ ആ നിലവാരത്തിലേക്ക് പോകുമെന്ന് വിശ്വസിക്കാന്‍ പ്രയാസം.
എന്നാല്‍ സക്കറിയ ഉയര്‍ത്തുന്ന മറുവാദമുണ്ട്. പ്രസംഗം കഴിഞ്ഞിറങ്ങവെ തന്നോട് എതിര്‍ത്തുപറഞ്ഞ പുകസ നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെ ന്യായീകരിച്ചതെന്തിനെന്ന് ചോദിച്ചാണ് തട്ടിക്കയറിയത്. പയ്യന്നൂരില്‍ വന്ന് ഡിവൈഎഫ്ഐയെ അധിക്ഷേപിച്ച് നീ ജീവനോടെ പോകില്ല എന്നാണ് പിന്നീട് കാര്‍ തടഞ്ഞുനിര്‍ത്തിയ യുവാക്കള്‍ ബഹളം കൂട്ടിയത്. ഈ രണ്ട് സമയത്തും യുഗപുരുഷന്മാരെ കുറിച്ച് ഇവരാരും ഒന്നും പറഞ്ഞിട്ടില്ല. അപ്പോള്‍ വാക്കേറ്റത്തെ ന്യായീകരിക്കാന്‍ ഉയര്‍ത്തുന്ന വാദം തെറ്റാണ്. ഇതാണ് സക്കറിയ പറഞ്ഞതിന്റെ സംക്ഷിപ്തം.
അപമാനിതനായ ഒരു വ്യക്തിയോ ഒരു കൂട്ടമോ അസഹിഷ്ണുത കാട്ടുമ്പോള്‍, അതിന്റെ യഥാര്‍ത്ഥ കാരണം, അവനെ വിഷമിപ്പിച്ച കാരണം, എടുത്തുപറയാന്‍ മടിക്കും. പകരം മറ്റൊരു ന്യായമാവും കണ്ടെത്തുക. യുഗപുരുഷന്മാരെ ആക്ഷേപിച്ചതിനേക്കാള്‍ തങ്ങളുടെ അമ്മമാരെ ആക്ഷേപിച്ചതായാവും അവര്‍ക്ക് തോന്നിയിട്ടുണ്ടാവുക എന്ന് മുന്നമേ പറഞ്ഞു. അപ്പോള്‍ തങ്ങളുടെ അമ്മമാരെക്കുറിച്ച് അങ്ങനെ പറഞ്ഞതെന്തിന് എന്നുചോദിച്ചാവില്ല നാണമുള്ള ഏത് മകനും വാക്കേറ്റം നടത്തുക. പകരം മറ്റെന്തിനെയെങ്കിലും ചാരിയായിരിക്കും. അത് ശുദ്ധകാപട്യമാണെങ്കിലും നടപ്പുരീതിയാണ്. അതുകൊണ്ടു തന്നെ, സക്കറിയ പറയുന്നത് വിശ്വസിക്കുകയേ തരമുള്ളു.
സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാനും നടപടിയെടുക്കാനും ഡിവൈഎഫ്‌ഐ തയ്യാറായി എന്നത് വലിയ കാര്യമാണ്. അത് അങ്ങനെ തന്നെയാണ് വേണ്ടതും. എന്നാല്‍ പ്രാസംഗികന്‍ വേദിയറിഞ്ഞ് പ്രസംഗിക്കണമെന്ന് സ്ഥാപിക്കാന്‍ മതവിശ്വാസികളുടെ യോഗത്തില്‍ മതത്തെ അവഹേളിച്ചു സംസാരിച്ചാല്‍ സംഭവിക്കുന്നത് പോലെയാണ് ഇതും എന്ന് സിപിഐഎമ്മിന്റെ സെക്രട്ടറി ഈ പ്രശ്നത്തെ ചെറുതാക്കി കാണേണ്ടിയിരുന്നില്ല. കമ്മ്യൂണിസത്തെ മതത്തോട് ഉപമിക്കുകയും മതത്തിന്റെ അസഹിഷ്ണുത കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിനുണ്ടെന്ന് സമ്മതിക്കുകയും ചെയ്യുന്നത് അപകടമേ ചെയ്യൂ. പ്രായോഗികമായി ഒരു പക്ഷെ പിണറായി വിജയന്‍ പറഞ്ഞത് വാസ്തവമായിരിക്കാം. എങ്കിലും വളരെ അപകടകരമായ ഒരു പ്രൊപ്പോസിഷന്‍ ആണത്.
സക്കറിയയെ കയ്യേറ്റം ചെയ്തതിനെ അപലപിക്കാന്‍ അദ്ദേഹം തയ്യാറായിട്ടുണ്ട്. എന്നാല്‍ പിണറായി വിജയന്റെ മറ്റൊരു നിരീക്ഷണമാണ് ശ്രദ്ധയാകര്‍ഷിക്കേണ്ട ഘടകം. "സക്കറിയയെ പറ്റി നല്ലത് പറയാതിരുന്ന മാധ്യമങ്ങള്‍ക്ക് ഇപ്പോള്‍ ഒറ്റ ദിവസം കൊണ്ട് സക്കറിയ മഹാനായ വ്യക്തിയായതില്‍ സന്തോഷമുണ്ട്. ഇപ്പോള്‍ അദ്ദേഹത്തിനും മാധ്യമ ശ്രദ്ധ കിട്ടുന്നുണ്ടല്ലോ," എന്നതായിരുന്ന വിജയന്റെ ടിപ്പണി.
ഇതിനോട് സക്കറിയ പ്രതികരിച്ചതു ഇങ്ങനെ: "പത്രങ്ങളെ ശ്രദ്ധിക്കുന്ന ഒരാള്‍ എന്ന നിലക്കാണ് ശ്രീ പിണറായി വിജയന്റെ ആ അഭിപ്രായം. അത് അതിന്റെ സ്വാരസ്യത്തോടും ഫലിതത്തോടും സ്വീകരിക്കുന്നു."
നമ്മുടെ ജീവിതത്തില്‍ നിന്ന് എന്നാണ് സ്വാരസ്യവും ഫലിതവും പടിയിറങ്ങിപ്പോയത്?"
അടിക്കുറിപ്പ് : ഈ വിഷയത്തില്‍ വായിച്ച പല ബ്ലോഗ് പോസ്റ്റുകളും കമന്റുകളും ക്രോഡീകരിക്കാന്‍ നടത്തിയ ഒരു ശ്രമമാണിതു്. ഇതില്‍ പലരുടെയും ആശയങ്ങള്‍, വാചകങ്ങള്മുതലായവ ഉപയോഗിച്ചിട്ടുണ്ടു്. എന്നാല്‍ ഇതു് മൊത്തമായി എന്റെ അഭിപ്രായമാണു്.


